|    Jan 20 Fri, 2017 5:33 pm
FLASH NEWS

കാടിറങ്ങിയ മൃഗങ്ങള്‍ ജാഗ്രതൈ… ഇവിടെ പുലിമുരുകന്‍ സര്‍ക്കാരുണ്ട്

Published : 18th October 2016 | Posted By: SMR

കാട്ടില്‍ മാത്രമല്ല; നാട്ടിലും ഇപ്പോള്‍ മൃഗങ്ങളാണ് ഹീറോ… കഴിഞ്ഞ കുറേക്കാലമായി നായ്ക്കളാണ് ഈ പദവി അലങ്കരിക്കുന്നതെങ്കിലും ആനയും പന്നിയും കടുവയും പുലിയും കുരങ്ങും പൂച്ചയും എലിയുമെല്ലാം ഈ രംഗത്ത് സജീവമാവുകയാണ്. ഇവരൊന്നും അത്ര മോശക്കാരല്ലാത്തതിനാല്‍ നിയമസഭയില്‍പോലും ഇക്കൂട്ടരെക്കുറിച്ചുള്ള നീളന്‍ ചര്‍ച്ചകളാണ്.
2016-17 സാമ്പത്തിക വര്‍ഷത്തേക്കുള്ള വനം, പൊതുമരാമത്ത് വകുപ്പുകളുടെ ധനാഭ്യര്‍ഥനകളിലുള്ള ചര്‍ച്ചയാണ് വേദി. പൂച്ചയാണിന്നെന്റെ ദൂഃഖമെന്നാണ് കവി കടമ്മനിട്ട പാടിയതെങ്കില്‍ എന്‍ ഷംസൂദീന്റെ ദുഃഖം ആനയാണ്. മണ്ണാര്‍ക്കാട് മണ്ഡലം മുഴുവനും കാട്ടാനയുടെ ശല്യമാണത്രേ. ആനയെ തുരത്താന്‍ ആകെയുള്ളത് ഓലപ്പടക്കവും. ഓലപ്പടക്കം മാറ്റി തമിഴ്‌നാട്ടിലേതുപോലെ ഗുണ്ട് പൊട്ടിക്കണമെന്നാണ് ഷംസുദ്ദീന്റെ ആവശ്യം. ഏവിടേലും പോവണമെങ്കില്‍ കൂട്ടിന് പന്നിയേയും കുരങ്ങിനേയുമൊക്കെ വിളിച്ചുകൊണ്ടുപോവേണ്ട തരത്തിലേക്ക് കാര്യങ്ങളെത്തിയെന്ന് എസ് രാജേന്ദ്രനും പറഞ്ഞു. മനുഷ്യനെ മനുഷ്യര്‍ കൊല്ലുന്ന നാട്ടില്‍ എങ്ങനെ വന്യമൃഗങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനാവുമെന്ന സംശയമാണ് എല്‍ദോസ് കുന്നപ്പിള്ളി പങ്കുവച്ചത്. രാവും പകലും പുറത്തിറങ്ങാന്‍ പറ്റാത്തതിലുള്ള വിഷമമാണ് പി കെ ബഷീര്‍ അവതരിപ്പിച്ചത്. പകല്‍ പുറത്തിറങ്ങിയാല്‍ തെരുവുനായ കടിക്കും. രാത്രി ഇറങ്ങിയാലോ സിപിഎമ്മുകാര്‍ കൊല്ലുമത്രേ. കടുവയും പോത്തും ആനയും പന്നിയുമെല്ലാം പൂഞ്ഞാറിലുണ്ടെന്നും രക്ഷിക്കണമെന്നും പി സി ജോര്‍ജും മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷം ഒഴിവാക്കാന്‍ നടപടി വേണമെന്ന് കെ രാജനും ആവശ്യമുന്നയിച്ചു.  മൃഗങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയായതു കൊണ്ടാവും ഇടയ്ക്കിടെ പുലിമുരുകനും സഭാതലത്തില്‍ വന്നുപോയി. സര്‍ക്കാര്‍ നാലുമാസം പിന്നിട്ടപ്പോഴേക്കും പുലിമുരുകന്‍ സിനിമ പോലെയായത്രേ. അനില്‍ അക്കരയുടേതാണ് നിരീക്ഷണം. അഴിമതിയുടെ വരയന്‍പുലികള്‍ അടയിരിക്കുന്ന മടയാണ് യുഡിഎഫ് എന്ന് പ്രദീപ് കുമാറും തിരിച്ചടിച്ചു.
അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡി വേടിയേറ്റുമരിച്ചത് 10.10നായിരുന്നു. ഇതേത്തുടര്‍ന്ന് ഈ സമയത്തിന് പ്രസക്തിയേറി. 10.10 എന്ന സമയം ഇന്ന് രാഷ്ട്രീയ കൊലപാതകത്തിന് പറ്റിയ മുഹൂര്‍ത്തമാണെന്നായിരുന്നു ഷംസുദ്ദീന്റെ കണ്ടെത്തല്‍. കഴിഞ്ഞദിവസം കണ്ണൂരില്‍ അരങ്ങേറിയ രണ്ടു കൊലപാതകങ്ങളും നടത്തിയത് 10.10നാണത്രേ. പത്മനാഭസ്വാമിക്ഷേത്രത്തിലെ സ്വര്‍ണനിക്ഷേപം കഴിഞ്ഞാല്‍ ഏറ്റവുമധികം സ്വര്‍ണനിക്ഷേപമുള്ളത് മു ന്‍മന്ത്രി കെ ബാബുവിന്റെ പക്കലാണെന്നായിരുന്നു ജോര്‍ജ് എം തോമസിന്റെ കണ്ടെത്തല്‍. അധികാരമെല്ലാം കവര്‍ന്നെടുത്തത് പോരാഞ്ഞിട്ട് മുഖ്യമന്ത്രിയുടെ പിന്നിലിരുന്ന സുധാകരനെ മുന്‍നിരയില്‍ വിഎസിന് സമീപം ഇരുത്തിയത് മാനസികമായി തളര്‍ത്താനാണെന്ന് പി കെ ബഷീര്‍ പറഞ്ഞു. സമഭാവനയും നീതിയുമില്ലാത്ത തരത്തിലാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൊതുമരാമത്ത് തുക അനുവദിച്ചതെന്ന് പ്രദീപ് കുമാര്‍ ചൂണ്ടിക്കാട്ടി. കിഫ്ബി നടപ്പാക്കിയതോടെ സുധാകരന്റെ വകുപ്പിനെ വന്ധ്യംകരിച്ചുവെന്ന് കെ സി ജോസഫും സുധാകരന്റെ കൈ അഴിച്ചുവിട്ട് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കണമെന്ന് പി സി ജോര്‍ജും നിലപാട് വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക