|    Mar 20 Tue, 2018 7:33 am
FLASH NEWS
Home   >  Top Stories   >  

കാടടച്ച് വെടിവെക്കുംമുമ്പേ…

Published : 11th July 2016 | Posted By: Imthihan Abdulla

IMTHIHAN-SLUGകണ്ണൂരില്‍ നിന്നും കാസര്‍ക്കോടുനിന്നും കാണാതായവര്‍ ഐ എസില്‍ ചേര്‍ന്നു എന്നു സ്ഥിരീകരിക്കാവുന്ന യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്ന് സംസ്ഥാനപോലീസ് മേധാവി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഈ സാഹചര്യത്തില്‍ ആരെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനാവില്ലെന്നും ഡി ജി പി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സംസ്ഥാന പോലീസ് സംവിധാനങ്ങളെ മറികടന്ന്് സംസ്ഥാനത്തെ മാധ്യമങ്ങള്‍ കാണാതായവരുടെ ഐ എസ് ബന്ധം സ്ഥിരീകരിച്ചിരിക്കുന്നു. ആര്‍ എസ് എസ് മുഖപത്രമായ ജന്മഭൂമി അഞ്ചുപേരുടെ ഐസ് ബന്ധം സ്ഥിരീകരിക്കുമ്പോള്‍ പ്രചാരത്തിലും വരിക്കാരുടെ എണ്ണത്തിലും മുമ്പന്തിയിലുളള മലയാളത്തിന്റെ മുത്തശ്ശിപത്രം പതിനൊന്നു പേര്‍ക്ക് ഐസ് ബന്ധമെന്ന് വെണ്ടക്ക നിരത്തിയിരിക്കുന്നു. ്പ്രവാചകവിദ്വേഷം വമിക്കുന്ന പോസ്റ്റ് പ്രസിദ്ധീകരിച്ചതിനാലുണ്ടായ അനര്‍ത്ഥങ്ങള്‍ വിസ്മരിച്ചിട്ടില്ലാത്തതിനാലാവണം മലയാളത്തിന്റെ ദേശീയ പത്രം ആളുകളുടെ ഐ എസ് ക്യാമ്പില്‍ എത്തിയവരുടെ എണ്ണം പറയാതെ ചിലര്‍ ഐസ് ക്യാമ്പില്‍ എന്നു മാത്രം എഴുതി നിര്‍ത്തിയിരിക്കുന്നു. മുസലിം വിഷയങ്ങളിലെ അമംഗള കാര്യങ്ങളില്‍ മാത്രം ഔസുക്യം കാണിക്കാറുളള മംഗളം ‘അന്‍സാറുകള്‍’ ഐ എസില്‍ എത്തിയെന്നാണ് തലക്കെട്ട് നല്‍കിയിരിക്കുന്നത്. സിമി ക്യാമ്പില്‍ പരിശീലനം ലഭിച്ചവരാണത്രേ ഈ അന്‍സാറുകള്‍. എന്നാല്‍ കാണാതായവര്‍ക്ക സിമിയുമായുളള ബന്ധത്തിന് യാതൊരു തെളിവും വാര്‍ത്തയിലില്ല.  പോലീസ് സ്ഥിരീകരിച്ചതിനു ശേഷമേ പത്രങ്ങള്‍ വാര്‍ത്ത കൊടുക്കാവൂ എന്ന് പറയാനാകില്ല. പക്ഷേ അത്തരം സാഹചര്യങ്ങളില്‍ വാര്‍ത്തക്ക് ഉപോദ്ബലകമായ തെളിവ് എന്ത് എന്നു വെളിപ്പെടുത്താനുളള ബാധ്യത കൂടി വാര്‍ത്ത പ്രസിദ്ധീകരിക്കുന്നവര്‍ക്ക ഉണ്ട്.

തീവ്രവാദബന്ധമാരോപിക്കപ്പെട്ട് ദീര്‍ഘകാലം തടവറകളിലോ നിയമകുരുക്കുകളിലോ കുടുങ്ങി ജീവിതത്തിന്റെ നല്ലൊരുഭാഗം ഹോമിക്കപ്പെട്ട ശേഷം നിരപരാധികളാണെന്നു കണ്ടെത്തിവിട്ടയക്കപ്പെട്ട ന്യൂനപക്ഷസമുദായത്തില്‍ പെട്ട ചെറുപ്പക്കാര്‍ നിരവധിയാണ്. ഇപ്പോള്‍ ഐസ് ബനധമാരോപിക്കപ്പെട്ട ചെറുപ്പക്കാരാവട്ടെ എന്തെങ്കിലും ക്രിമിനല്‍ പശ്ചാത്തലമുളളവരുമല്ല. ഇവര്‍ ആടുവളര്‍ത്തലും കൃഷിയും ഉപജീവനമാര്‍ഗമായി തികഞ്ഞ സ്വാതികജീവിതം നയിക്കണമെന്ന ആഗ്രഹത്തോടെ സ്വദേശം വിട്ടുപോയതായിരിക്കാമെന്ന് കരുതുന്നവരുമുണ്ടെന്നതും ശ്രദ്ധേയമാണ്. അതുകൊണ്ട് കാണാതായ യുവാക്കളുടെയും അതിനേക്കാളുപരി നാട്ടിലുളള അവരുടെ ബന്ധുക്കളുടെയും ഭാവിജീവിതം നരകതുല്യമാക്കുന്നതിനു മുമ്പ്, കാര്യങ്ങളില്‍ വ്യക്തത വരുന്നതുവരെ ഇത്തിരി അവധാനത കാണിക്കുന്നത് ഒരു പക്ഷേ തിരുത്താനാവാത്ത ഒരു അപരാധം ചെയ്യുന്നതില്‍ നിന്നും വിട്ടുനില്‍ക്കാനുപകരിക്കും.
ഉപദംശം: സാക്കിര്‍ നായിക്കിന്റെ ഭീകര ബന്ധം തെളിയിക്കുന്നതിന് ഇന്ത്യന്‍ പത്രങ്ങളെല്ലാം ആശ്രയിച്ചിരുന്നത് ബംഗ്ലാദേശ് പത്രമായ ദ ഡെയ്‌ലിസ്റ്റാറിനെയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം പത്രം തങ്ങളുടെ നിലപാട് തിരുത്തി. എന്നാല്‍ നേരത്തേ ഡെയ്‌ലിസ്റ്റാറിനെ ഉദ്ദരിച്ചവരാരും തന്നെ തങ്ങളുടെ നിലപാട് തിരുത്തി കണ്ടില്ല. ലവ് ജിഹാദ് പോലെ പെരും നുണയും തിരുത്താതെ ചരിത്രത്തിലേക്ക്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss