|    Dec 15 Fri, 2017 12:19 am
FLASH NEWS

കാഞ്ഞിരപ്പള്ളി മിനി ബൈപാസ്: രാഷ്ട്രീയ തര്‍ക്കം രൂക്ഷം

Published : 15th November 2016 | Posted By: SMR

കാഞ്ഞിരപ്പള്ളി: ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ മുന്‍ ഗ്രാമപ്പഞ്ചായത്ത് ഭരണ സമിതി നിര്‍മാണം ആരംഭിച്ച മിനി ബൈപാസ് പൂര്‍ത്തീകരണം സംബന്ധിച്ച് തര്‍ക്കം രൂക്ഷമാവുന്നു. രാഷ്ട്രീയ കാരണങ്ങളാല്‍ മിനി ബൈപാസ് പൂര്‍ത്തീകരണം അട്ടിമറിക്കാനുള്ള പുതിയ ഭരണസമിതിയുടെ തീരുമാനം പ്രതിക്ഷേധാര്‍ഹമാണെന്ന് ഗ്രാമപ്പഞ്ചായത്ത് യുഡിഎഫ് പാര്‍ലമെന്റി പാര്‍ട്ടി യോഗം ആരോപിച്ചു.അതേസമയം യുഡിഎഫ് ഭരണസമിതി പണിയാരംഭിച്ച മിനി ബൈപാസ് നിര്‍മാണത്തിലെ ക്രമക്കേട് അന്വേഷിക്കുന്നതിന് വിജിലന്‍സിന് വിടാന്‍ എല്‍ഡിഎഫ് പാര്‍ലമെന്റി പാര്‍ട്ടി യോഗം തീരുമാനിച്ചു. നിര്‍മാണം സംബന്ധിച്ച് വ്യാപകമായ ക്രമക്കേടുകള്‍ നടന്നതായുള്ള ആരോപണത്തെ തുടര്‍ന്നാണ് നടപടി.ബൈപാസിന് തുടക്കവും ഒടുക്കവുമില്ലെന്ന ഇപ്പോഴത്തെ ഭരണ സമിതിയുടെ കണ്ടെത്തല്‍ ബാലിശവും വിചിത്രവുമാണെന്നാണ് യുഡിഎഫ് നിലപാട്. ബൈപാസ് നിര്‍മാണത്തിന്റെ ആരംഭകാലഘട്ടത്തില്‍ തന്നെ പ്രവേശന കവാടം പേട്ടക്കവലയില്‍ സ്ഥിതി ചെയ്യുന്ന കംഫര്‍ട്ട് സ്റ്റേഷന്‍ പൊളിച്ചുനീക്കി ഇതുവഴി റോഡ് നിര്‍മിക്കുന്നതിനാണ് ജില്ലാ ആസുത്രണ സമിതിയുടെ അംഗീകാരം വാങ്ങിയിരുന്നത്. കംഫര്‍ട്ട് സ്‌റ്റേഷന്‍ അനുയോജ്യമായ സ്ഥലത്ത് മാറ്റി സ്ഥാപിക്കാന്‍ മുന്‍ പഞ്ചായത്ത് സമിതി 15 ലക്ഷം രൂപ വകയിരുത്തുകയും ചെയ്തിട്ടുണ്ട്. നിര്‍ദിഷ്ട ബൈപാസിന് ശരാശരി ആറ് മീറ്റര്‍ വീതിയും ചിറ്റാര്‍പുഴയില്‍ നിന്നു രണ്ടര മീറ്റര്‍ ഉയരവും 800 മീറ്റര്‍ നീളവുമാണുള്ളത്. ഒരു മീറ്റര്‍ ഉയരത്തില്‍ 140 മീറ്റര്‍ നീളത്തില്‍ നിര്‍മാണം നടത്തുകയും 10 മീറ്റര്‍ നീളത്തില്‍ മണ്ണ് നീക്കം ചെയ്യുകയും ചെയ്താല്‍ ബൈപാസ് ഉപയോഗയോഗ്യമാവും. ടൗണ്‍ ഹാള്‍ ഭാഗത്തു നിന്നു മണിമല റോഡിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്നതിന് പാലം നിര്‍മിക്കുന്നതിനായി ഡോ. എന്‍ ജയരാജ് എംഎല്‍എയുടെ നിര്‍ദേശ പ്രകാരം മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. വസ്തുതകള്‍ ഇതായിരിക്കേ ഒരു കോടി വകയിരുത്തിയ മിനി ബൈപാസിന് 1.10 കോടി രുപയുടെ അഴിമതി ആരോപണം ഉന്നയിക്കുന്നത് ദുരുദ്ദേശത്തോടുകൂടിയാണെന്ന് ഇവര്‍ പറയുന്നു. കാഞ്ഞിരപ്പള്ളിയുടെ വികസനം തടസ്സപ്പെടുത്തുന്ന തരത്തില്‍ എല്‍ഡിഎഫ് നടത്തുന്ന വഴിവിട്ട നീക്കത്തിനെതിരേ ജനപിന്തുണയോടെ ശക്തമായ സമരപരിപാടികള്‍ നടത്തുമെന്ന് യുഡിഎഫ് പാര്‍ലമന്റി പാര്‍ട്ടി യോഗം മുന്നറിയിപ്പു നല്‍കി. യുഡിഎഫ് പാര്‍ലമെന്റി പാര്‍ട്ടി നേതാവ് കൃഷ്ണകുമാരി ശശികുമാര്‍ അധ്യക്ഷത വഹിച്ചു. എന്നാല്‍ ക്രമക്കേടു സംബന്ധിച്ച് വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുകയാണ് എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം. 1.20 കോടി രൂപ ചെലവഴിച്ചെങ്കിലും ചിറ്റാര്‍പുഴയുടെ ഓരം കെട്ടിയെടുക്കുക മാത്രമാണ് ചെയ്തത്. ബൈപാസ് എവിടെയാണ് പൊതുനിരത്തില്‍ പ്രവേശിക്കുക എന്നതില്‍ അനിശ്ചിതത്വം തുടരുകയാണ്. പേട്ടക്കവലയിലെ കംഫര്‍ട്ട് സ്‌റ്റേഷന്‍ പൊളിച്ചുമാറ്റി നാഷനല്‍ ഹൈവേയില്‍ പ്രവേശിക്കാന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും സാങ്കേതിക തടസ്സം തുടരുകയാണ്. കുരിശു കവലയില്‍ മാളിയേക്കല്‍ പാലം പ്രയോജനപ്പെടുത്താന്‍ കഴിയാതെ വന്നപ്പോള്‍ ഈ പാലത്തിനു കീഴിലൂടെ ടൗണ്‍ ഹാള്‍ പരിസരത്തെത്തി മണിമല റോഡില്‍ പ്രവേശിക്കുമെന്നു പറഞ്ഞെങ്കിലും നടന്നില്ല. ചിറ്റാര്‍പുഴയ്ക്കു കുറുകെ പാലം നിര്‍മിച്ചാലും കുരിശു കവലയില്‍ വലിയ കുരുക്കുണ്ടാവുമെന്ന വാദം മൂലം അതും നടന്നില്ല. എന്നാല്‍ കുറച്ച് ഭാഗം കല്‍ക്കെട്ടു നടത്തി തുക മാറിയെടുക്കുകയായിരുന്നു എന്ന ആരോപണമുണ്ട്. ഈ സാഹചജര്യത്തിലാണ് ക്രമക്കേടു സംബന്ധിച്ച് വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക