|    Aug 16 Wed, 2017 11:04 pm
FLASH NEWS

കാഞ്ഞിരപ്പള്ളി പഞ്ചായത്തില്‍ ലക്ഷങ്ങളുടെ ക്രമക്കേടെന്ന് ഓഡിറ്റിങ് റിപോര്‍ട്ട്

Published : 3rd August 2017 | Posted By: fsq

 

കാഞ്ഞിരപ്പള്ളി: ഗ്രാമപ്പഞ്ചായത്തില്‍ സാമ്പത്തിക ഇടപാടില്‍ ലക്ഷങ്ങളുടെ ക്രമക്കേടെന്ന് ഓഡിറ്റിങ് റിപോര്‍ട്ട്. 2014-15 സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചപ്പോഴാണ് അഴിമതി കണ്ടെത്തിയത്. ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയില്‍ എട്ടു ലക്ഷത്തോളം രൂപയുടെ ക്രമക്കേട് കണ്ടെത്തി. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണത്തിനു പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്തു. കേരള ഗ്രാമീണ്‍ ബാങ്കിന്റെയും ബറോഡ ബാങ്കിന്റെയും കാഞ്ഞിരപ്പള്ളി ശാഖയില്‍ നിന്ന് കമ്മിറ്റി തീരുമാനമില്ലാതെ പണം പിന്‍വലിക്കുകയായിരുന്നു. അതാത് ദിവസത്തെ ക്യാഷ് ബാലന്‍സില്‍ ഉള്‍പ്പെടുത്താതെയാണ് പണം പിന്‍വലിച്ചത്. ഇക്കാലയളവില്‍ കാഞ്ഞിരപ്പള്ളി സെന്‍ട്രല്‍ കോ-ഓപറേറ്റിവ് ബാങ്കില്‍ 15 ലക്ഷത്തിലേറെ രൂപ നിക്ഷേപിച്ചതായും കണ്ടെത്തി. അനധികൃതമായി പിന്‍വലിച്ച തുകയുടെ ഭാഗമാണ് ഇതെന്നു കരുതിയാല്‍ പോലും എട്ടു ലക്ഷത്തോളം രുപ ദുര്‍വിനിയോഗം ചെയ്തതായോ അപഹരിച്ചതായോ കണക്കാക്കേണ്ടി വരുമെന്നാണ് ഓഡിറ്റ് റിപോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. നിയമ വിരുദ്ധമായി നിക്ഷേപം പിന്‍വലിച്ച സെക്രട്ടറിയില്‍ നിന്ന് വിശദീകരണം തേടണമെന്നും ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗം ശുപാര്‍ശ ചെയ്തിട്ടുണ്ട്. പഞ്ചായത്തിലെ ഉദ്യോഗസ്ഥരുടെ അറിവോടെയാണ് ഈ അഴിമതി നടന്നതെന്നു പഞ്ചായത്ത് ഭരണസമിതി ആരോപിച്ചു. കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് നടന്ന അഴിമതിയുടെ ഉത്തരവാദിത്വത്തില്‍ നിന്ന് യുഡിഎഫിന് ഒഴിഞ്ഞു മാറാനാവില്ലെന്നും ഭരണസമതി അംഗങ്ങള്‍ ആരോപിച്ചു. പഞ്ചായത്തിനു കീഴില്‍ ഇക്കാലയളവില്‍ നടന്ന കെട്ടിട നിര്‍മാണത്തിന്റെ നികുതി ഇനത്തിലും വന്‍ അഴിമതിയാണ് നടന്നത്. കുന്നുംഭാഗത്ത് നിര്‍മാണത്തിലിരിക്കുന്ന ഫഌറ്റിനു നികുതിയിനത്തില്‍ ലഭിക്കേണ്ടിയിരുന്നത് 29 ലക്ഷം രൂപയായിരുന്നു.എന്നാല്‍ ഒമ്പതു ലക്ഷം രൂപ മാത്രമാണ് പഞ്ചായത്തിനു ലഭിച്ചിരിക്കുന്നത്. സ്വകാര്യ വ്യക്തിയുടെ ഫാക്ടറി നിര്‍മാണത്തിലും ഉദ്യോഗസ്ഥര്‍ നികുതി വെട്ടിപ്പു നടത്തി പഞ്ചായത്തിനു ലഭിക്കേണ്ട വന്‍തുകയാണ് നഷ്ടമാക്കിയത്. ഫഌറ്റ് നിര്‍മാണത്തിന് അനുമതി നല്‍കിയതു സംബന്ധിച്ച ഫയലുകളും പഞ്ചായത്തില്‍ നിന്ന് കാണാതായതായി പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. പഞ്ചായത്തിലെ വനിത വിപണന കേന്ദ്രത്തിലെ കടമുറികള്‍ ലേലം ചെയ്തതിലും വ്യാപക ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തിയിട്ടുണ്ട്.നിരത ദ്രവ്യം ഒഴിച്ച് ബാക്കി തുക അടച്ചതിന്റെ രേഖകള്‍ പഞ്ചായത്തില്‍ കാണാനില്ല. നിസാര തുകയ്ക്കാണു കടമുറികള്‍ ലേലത്തില്‍ നല്‍കിയതെന്നും പഞ്ചായത്തു പ്രസിഡന്റ് ഷക്കിലാ നസീര്‍ ആരോപിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക