|    May 24 Wed, 2017 9:24 pm
FLASH NEWS

കാഞ്ഞിരപ്പള്ളി പഞ്ചായത്തില്‍ ദല്ലാള്‍ ഭരണം

Published : 11th July 2016 | Posted By: SMR

കാഞ്ഞിരപ്പള്ളി: ഇടതുപക്ഷം ഭരിക്കുന്ന കാഞ്ഞിരപ്പള്ളി ഗ്രാമപ്പഞ്ചായത്തില്‍ വ്യാപക ക്രമക്കേട് നടക്കുന്നതായി ആരോപണം. ചില അംഗങ്ങളും ഉദ്യോഗസ്ഥരും പഞ്ചായത്ത് പ്രസിഡന്റിനെ നോക്കുകുത്തിയാക്കിയാണ് പഞ്ചായത്തിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. നിമയകുരുക്കില്‍പെട്ട് കിടക്കുന്ന കാര്യങ്ങള്‍ കൈക്കൂലി നല്‍കിയാല്‍ ദല്ലാളന്മാരുടെ സംഘം നടപ്പിലാക്കികൊടുക്കും.
ഉച്ചകഴിഞ്ഞ് മൂന്നു മുതലാണ് ക്രമക്കേടുകള്‍ നടത്തുന്നതിനായി സംഘം പഞ്ചായത്തില്‍ ഒത്തുചേരുന്നത്. പഞ്ചായത്തിന്റെ പ്രവര്‍ത്തന സമയം കഴിഞ്ഞും രാത്രി ഏഴുവരെ ഇവര്‍ പഞ്ചായത്തില്‍ തങ്ങുക പതിവാണ്. വീടു നിര്‍മാണം പൂര്‍ത്തിയാക്കിയ പട്ടിമറ്റത്തെ വീട്ടുടമ മാസങ്ങളായി കെട്ടിട നമ്പര്‍ കിട്ടുന്നതിനായി പഞ്ചായത്തില്‍ കയറി ഇറങ്ങുന്നു. എന്നാല്‍ ദൂര പരിതി പാലിക്കാതെയാണ് കെട്ടിടം പൂര്‍ത്തിയാക്കിയതെന്ന് കാട്ടി കെട്ടിട നമ്പര്‍ നല്‍കാന്‍ ഉദ്യോഗസ്ഥന്‍ കൂട്ടാക്കിയിരുന്നില്ല. എന്നാല്‍ ഇടനിലക്കാര്‍ക്ക് കൈക്കൂലി നല്‍കിയാല്‍ കെട്ടിടത്തിന് നമ്പര്‍ ഇട്ടുകിട്ടുമെന്നും പറയപ്പെടുന്നു.
തുമ്പമടയില്‍ സ്ഥാപിച്ച ജനമൈത്രി കേന്ദ്രം പണികഴിച്ച കരാറുകാരില്‍ നിന്ന് ബില്ല് പാസാക്കാന്‍ വാര്‍ഡ് അംഗം പോലും അറിയാതെ ദല്ലാള്‍ സംഘം വലിയ തുക കൈക്കൂലി വാങ്ങിയെന്നും ആരോപണമുണ്ട്. കഴിഞ്ഞ മാസം പഞ്ചായത്തിന്റെ തടിലേലം ചെയ്ത സംഭവത്തിലും വന്‍ ക്രമക്കേടാണ് നടന്നത്. 70,000 രൂപയോളം ലഭിക്കുമായിരുന്ന തടി ലേലത്തില്‍ പോയത് 20,000 താഴെ രൂപയ്ക്കാണ്. സംഭവം വിവാദമായതോടെ പഞ്ചായത്ത് സമിതി ലേലം റദ്ദ് ചെയ്തിരിക്കുകയാണ്. പഞ്ചായത്തിലെ ഓരോ വാര്‍ഡിലും 10 വഴി വിളക്കുകള്‍ വീതം 23 വാര്‍ഡുകളിലേക്ക് 230 ലൈറ്റുകള്‍ വാങ്ങിയതു വഴി വന്‍ ക്രമക്കേട് നടന്നെന്നു പറയുന്നു.
ടൗണ്‍ പരിധിയില്‍ മാലിന്യം നീക്കം ചെയ്യുന്ന ട്രാക്ടറിന് ഡീസല്‍ വാങ്ങിയ പേരില്‍ വന്‍ തുക ബില്ല് മാറിയ സംഭവവും ഉണ്ടായിട്ടുണ്ട്. പഞ്ചായത്തില്‍ നടക്കുന്ന ക്രമക്കേടുകള്‍ ഉത്തരവാദപ്പെട്ടവര്‍ കണ്ട ഭാവമില്ല. പഞ്ചായത്തില്‍ നടക്കുന്ന ക്രമക്കേടുകള്‍ കാട്ടി മുഖ്യമന്ത്രിക്കും പാര്‍ട്ടി നേതൃത്വത്തിനും പരാതി നല്‍കിയതായി സൂചനയുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day