|    Aug 20 Sun, 2017 1:35 pm
FLASH NEWS

കാഞ്ഞിരപ്പള്ളി ഐഎച്ച്ആര്‍ഡി കോളജ് – സ്ഥലമേറ്റെടുക്കാന്‍ ആലോചനാ യോഗം വിളിക്കും: മന്ത്രി

Published : 9th August 2017 | Posted By: fsq

 

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയില്‍ ഐഎച്ച്ആര്‍ഡി കോളജിന് സ്ഥലമേറ്റെടുക്കാന്‍ മന്ത്രിതല ആലോചനായോഗം വിളിക്കുമെന്ന് മന്ത്രി പ്രഫ. സി രവീന്ദ്രനാഥ്. ഡോ. എന്‍ ജയരാജ് എംഎല്‍എ നിയമസഭയില്‍ ഉന്നയിച്ച സബ്മിഷനുള്ള മറുപടിയിലാണ് വിദ്യാഭ്യാസ മന്ത്രി ഇക്കാര്യം അറിയിച്ചത്. സ്ഥലം ഏറ്റെടുക്കാന്‍ വിദ്യാഭ്യാസ മന്ത്രി, ധനമന്ത്രി, എംഎല്‍എ, വിദ്യാഭ്യാസ, ധനകാര്യ, ഐഎച്ച്ആര്‍ഡി അധികൃതരുടെയും യോഗം ഈ സമ്മേളന കാലത്തു തന്നെ വിളിക്കുമെന്ന് മന്ത്രി അറിയിച്ചതായി എംഎല്‍എ പറഞ്ഞു. 2010ലാണ് പേട്ട ഗവ. സ്‌കൂളിനോട് ചേര്‍ന്നുള്ള മുറികളിലും പുത്തനങ്ങാടിയിലെ സഹകരണ ബാങ്കിന്റെ കെട്ടിടത്തിലുമായി താല്‍ക്കാലികമായി കോളജ് ആരംഭിച്ചത്. കോളജ് ആരംഭിച്ച് ഏഴു വര്‍ഷമായിട്ടും സ്വന്തമായി സ്ഥലം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ബിഎസ്‌സി ഇലക്ട്രോണിക്‌സ്, ബിഎസ്‌സി കംപ്യൂട്ടര്‍ സയന്‍സ്, ബികോം വിത്ത് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നീ കോഴ്‌സുകളാണ് കോളജിലുള്ളത്. ആറ് സെമസ്റ്ററ്റുകളായുള്ള ഒരോ കോഴ്‌സിലും 33 വിദ്യാര്‍ഥികള്‍ വീതമുണ്ട്. കോളജിന് പുതിയ കെട്ടിടം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ പഞ്ചായത്തിലേക്ക് കഴിഞ്ഞ മാസം പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.യുജിസി നിര്‍ദേശ പ്രകാരം കോളജ് പ്രവര്‍ത്തിക്കുന്നതിനു കുറഞ്ഞത് അഞ്ച് ഏക്കര്‍ സ്ഥലം വേണം. സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് കോളജ് മാറ്റണമെന്ന് സ്‌കൂള്‍ പിടിഎയും എസ്എംടിസിയുടെയും മാതാപിതാക്കളുടെയും പരാതിയെ തുടര്‍ന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ക്ക് കത്തയച്ചിരുന്നു. എംഎല്‍എയും പഞ്ചായത്തും പഞ്ചായത്ത് പരിധിയില്‍ സ്ഥലം കണ്ടെത്താന്‍ നീക്കം നടത്തിയിരുന്നു. സ്ഥലവും ആവശ്യമായ ഫണ്ടും ലഭിക്കാതെ വന്നതോടെ ശ്രമം നടപ്പായില്ല. വിഴിക്കത്തോട് മാലിന്യ പ്ലാന്റിനായി ഏറ്റെടുത്ത സ്ഥലത്ത് കോളജ് പണിയുന്നതിനായുള്ള നീക്കം നടത്തിയിരുന്നു. കൂടുതല്‍ സ്ഥലം ആവശ്യമായതിനാല്‍ വ്യക്തിയുടെ ഭൂമി ഏറ്റെടുക്കാന്‍ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. സര്‍ക്കാര്‍ ഏജന്‍സിയായ കിഫ്ബി വഴി സ്ഥലം ഏറ്റെടുത്ത് നല്‍കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് സര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നു. നിലവില്‍ അഞ്ച് ഏക്കര്‍ ഭൂമി വാങ്ങി നല്‍കാനായി ഫണ്ട് ലഭ്യമാവില്ലെന്ന് പഞ്ചായത്ത് അധികൃതരും അറിയിച്ചിരുന്നു. സ്ഥലം വാങ്ങുന്നതിനും കെട്ടിടം നിര്‍മിക്കുന്നതിനും ഏകദേശം എട്ടുകോടി രൂപയോളമാണ് ആവശ്യം. നിലവിലെ സാഹചര്യത്തില്‍ ഇത്രയും തുക സ്വരൂപിക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ ആവശ്യമായ തുക അനുവദിക്കണമെന്നും ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ അറിയിച്ചതായി വിദ്യാഭ്യാസ മന്ത്രി മറുപടിയില്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക