|    Apr 22 Sun, 2018 8:20 pm
FLASH NEWS

കാഞ്ഞിരത്തിനാല്‍ ഭൂസമരം :റിവ്യൂ ഹരജി 19ന് പരിഗണിക്കും

Published : 14th July 2017 | Posted By: fsq

 

കല്‍പ്പറ്റ: വിലകൊടുത്തു വാങ്ങിയ 12 ഏക്കര്‍ ഭൂമി വനംവകുപ്പ് പിടിച്ചെടുത്ത സംഭവത്തില്‍ കാഞ്ഞിരത്തിനാല്‍ കുടുംബം ഹൈക്കോടതിയില്‍ നല്‍കിയ റിവ്യൂ ഹരജി 19ന് പരിഗണിക്കും. റിവ്യൂ ഹരജിയോടൊപ്പം നല്‍കിയ കാലതാമസ മാപ്പപേക്ഷ ഹരജിയും അന്നു പരിഗണനയ്‌ക്കെടുക്കും. മുന്‍ എംപിയും കേരള കോണ്‍ഗ്രസ് നേതാവുമായ അഡ്വ. പി സി തോമസ് നേരിട്ടാണ് കാഞ്ഞിരത്തിനാല്‍ കുടുംബത്തിനു വേണ്ടി ഹൈക്കോടതിയില്‍ ഹാജരാവുന്നത്. ജൂലൈ അഞ്ചിന് ഹരജി കോടതി പരിഗണിച്ചിരുന്നു. അന്ന് പി സി തോമസ് കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കോടതിയെ ബോധിപ്പിച്ചു. ഇതിനിടെ റിവ്യൂ ഹരജിയോടൊപ്പം നല്‍കിയ കാലതാമസ മാപ്പപേക്ഷ ഹരജിയുടെ കാര്യം പരാമര്‍ശിച്ചപ്പോള്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ എതിര്‍ത്തു. കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ ഹരജി കോടതി ഫയലില്‍ സ്വീകരിക്കുന്നതിനെതിരേ തടസ്സവാദം ഫയല്‍ ചെയ്യാനുണ്ടെന്നായിരുന്നു ഗവണ്‍മെന്റ് പ്ലീഡറുടെ നിലപാട്. ഇതേത്തുടര്‍ന്ന് കേസ് 12ലേക്ക് മാറ്റി. നല്‍കിയ കാലതാമസ മാപ്പപേക്ഷ ഹരജി കോടതി അംഗീകരിച്ചാല്‍ മാത്രമേ റിവ്യൂ പെറ്റീഷന്‍ പരിഗണിക്കുകയുള്ളൂ. ബുധനാഴ്ച ഗവണ്‍മെന്റ് പ്ലീഡര്‍ക്ക് പകരം അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ തമ്പാനാണ് ഹാജരായത്. അദ്ദേഹം കാലതാമസ മാപ്പപേക്ഷ ഹരജി പരിഗണിക്കുന്നതിനെതിരായ തടസ്സവാദം ഫയല്‍ ചെയ്തില്ല. പകരം ഫയലുകള്‍ തൊട്ടടുത്ത ദിവസമാണ് കിട്ടിയതെന്നും കേസ് പഠിക്കാനായി 26 വരെ സമയം അനുവദിക്കണമെന്നുമാണ് കോടതിയോട് ആവശ്യപ്പെട്ടത്. എന്നാല്‍, ഇത്രയും ദിവസം നീട്ടി നല്‍കുന്നതിനെ പി സി തോമസ് എതിര്‍ത്തു. അദ്ദേഹത്തിന്റെ ആവശ്യം പരിഗണിച്ചാണ് 19ലേക്ക് കേസ് വച്ചത്. കേസില്‍ വിധി വന്ന് നിശ്ചിത ദിവസത്തിനകം അപ്പീല്‍ നല്‍കിയില്ലെങ്കില്‍ അത് കോടതി പരിഗണിക്കില്ല. ഈ സാഹചര്യത്തിലാണ് അപ്പീല്‍ നല്‍കാനുണ്ടായ കാലതാമസം വ്യക്തമാക്കി മാപ്പപേക്ഷ ഹരജി സമര്‍പ്പിച്ചത്. കാഞ്ഞിരത്തിനാല്‍ കുടുംബവും വനംവകുപ്പും തമ്മിലുണ്ടായിരുന്ന കേസില്‍ ഹൈക്കോടതി വിധി വന്ന് 76 ദിവസത്തിനു ശേഷമാണ് റിവ്യൂ പെറ്റീഷന്‍ ഫയല്‍ ചെയ്യുന്നത്. കേസില്‍ നിര്‍ണായകമായ, സര്‍ക്കാരിന്റെ പക്കലുള്ള രേഖകള്‍ ഔദ്യോഗികമായി ലഭിക്കാന്‍ വന്ന കാലതാമസമാണ് റിവ്യൂ ഹരജി നല്‍കാന്‍ വൈകിയതിനു കാരണം. ഇക്കാര്യം വാദിഭാഗം കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. പി സി തോമസിനൊപ്പം അഡ്വ. റോജോ ജോസഫും കാഞ്ഞിരത്തിനാല്‍ കുടുംബത്തിനു വേണ്ടി കോടതിയില്‍ ഹാജരാവുന്നുണ്ട്. കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ ഭൂമി നിയമവിരുദ്ധമായിട്ടാണ് പിടിച്ചെടുത്തതെന്ന് വിജിലന്‍സ്, സബ് കലക്ടര്‍ അധ്യക്ഷനായ സമിതി എന്നിവയുടെ റിപോര്‍ട്ടുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതും അന്വേഷണത്തില്‍ ഉദ്യോഗസ്ഥ സംഘം തെളിവുകളായി കണ്ടെത്തിയ ഔദ്യോഗിക രേഖകളും പി സി തോമസ് കോടതിയില്‍ ഹാജരാക്കി. മാനന്തവാടി താലൂക്ക് തൊണ്ടര്‍നാട് വില്ലേജില്‍ 238/1 ല്‍പെട്ട 12 ഏക്കര്‍ ഭൂമിയാണ് കുട്ടനാടന്‍ കാര്‍ഡമം കമ്പനിയില്‍ നിന്നു 1967ല്‍ കാഞ്ഞിരത്തിനാല്‍ കുടുംബം വിലകൊടുത്തു വാങ്ങിയത്. വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ കോഴിക്കോട് നേര്‍ത്തേണ്‍ റേഞ്ച് സൂപ്രണ്ട് ടി ശ്രീശുകന്‍ 2009ല്‍ കാഞ്ഞിരത്തിനാല്‍ ഭൂമി സംബന്ധിച്ച് അന്വേഷണം നടത്തി വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ റിപോര്‍ട്ടില്‍ വനംവകുപ്പിനെയാണ് പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത്. തെറ്റായ വിവരങ്ങള്‍ നല്‍കിയതിന് ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്കെതിരേ നടപടിയെടുക്കണമെന്നും യഥാര്‍ഥത്തില്‍ മറ്റൊരു ഭൂമി വനമായി ഏറ്റെടുക്കേണ്ടതിനു പകരം വനംവകുപ്പ് തെറ്റായി കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്റെ ഭൂമി പിടിച്ചെടുക്കുകയായിരുന്നും വിജിലന്‍സ് റിപോര്‍ട്ടില്‍ പറയുന്നു. റിപോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിക്കു കൈമാറിയെങ്കിലും പൂഴ്ത്തിവച്ചിരിക്കുകയാണ് ഇപ്പോഴും. വനംവകുപ്പ് അന്യായമായി പിടിച്ചെടുത്ത 12 ഏക്കര്‍ ഭൂമി വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ജോര്‍ജിന്റെ മരുമകന്‍ ജെയിംസ് കലക്ടറേറ്റ് പടിക്കല്‍ കുത്തിയിരിപ്പ് സമരം തുടരുകയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss