|    Apr 26 Thu, 2018 1:26 pm
FLASH NEWS

കാഞ്ഞിരത്തിനാല്‍ ഭൂമി; സബ് കലക്ടറുടെ റിപോര്‍ട്ട് നിര്‍ണായകമാവും

Published : 29th November 2016 | Posted By: SMR

കല്‍പ്പറ്റ: കാഞ്ഞിരങ്ങാട് വില്ലേജില്‍ വിലയ്ക്കു വാങ്ങിയതും വനംവകുപ്പ് പിടിച്ചെടുത്തുതുമായ 12 ഏക്കര്‍ ഭൂമി വീണ്ടെടുക്കുന്നതിന് കാഞ്ഞിരത്തിനാല്‍ കുടുംബം നടത്തുന്ന ശ്രമങ്ങളില്‍ മാനന്തവാടി സബ് കലക്ടറായിരുന്ന ശീറാം സാംബശിവറാവു അധ്യക്ഷനായ മൂന്നംഗ സമിതിയുടെ അന്വേഷണ റിപോര്‍ട്ട് നിര്‍ണായകമാവും. ഭൂമിയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിലപാടും ഹൈക്കോടതി വ്യവഹാരങ്ങളും കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് അനുകൂലമാവുന്നതിനുതകുന്നതാണ് റിപോര്‍ട്ടെന്നാണ് പകര്‍പ്പ് വായിച്ച നിയമ വിദഗ്ധരുടെ അഭിപ്രായം. കാഞ്ഞിരത്തിനാല്‍ കുടുംബം അവകാശവാദം ഉന്നയിക്കുന്ന സ്ഥലം എംപിപിഎഫ് നിയമത്തിന്റെ പരിധിയില്‍ വരുന്നതാണെന്നു സ്ഥാപിക്കുന്ന രേഖകള്‍ ഒന്നുംതന്നെ വനംവകുപ്പിന്റെ പക്കലില്ലെന്നു റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 1971നു മുമ്പേ ഭൂമിയില്‍ കൃഷി ഉണ്ടായിരുന്നതായും ഉദ്യോഗസ്ഥര്‍ വിവിധ ഘട്ടങ്ങളില്‍ തെറ്റായി നല്‍കിയ വിവരങ്ങള്‍ കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് 1977നു മുമ്പുള്ള ചെറുകിട വനം കൈയേറ്റങ്ങള്‍ സാധുവാക്കുന്ന 1993ലെ കേരള ലാന്റ് അസൈന്‍മെന്റ് നിയമത്തിന്റെ ആനകൂല്യങ്ങള്‍ നഷ്ടമാവുന്നതിനും ഇടയാക്കിയെന്നു റിപോര്‍ട്ടില്‍ പറയുന്നു. ഭൂമി പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുന്നതിനു സര്‍ക്കാര്‍ വസ്തുതകള്‍ കണക്കിലെടുക്കേണ്ടതുണ്ടെന്നും റിപോര്‍ട്ടിലുണ്ട്.കാഞ്ഞിരങ്ങാട് വില്ലേജില്‍ സര്‍വേ നമ്പര്‍ 238/1ലാണ് കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ 12 ഏക്കര്‍ ഭൂമി. ഇതു തിരികെ ലഭിക്കുന്നതിന് കുടുംബാംഗങ്ങള്‍ 2015 ആഗസ്ത് 15 മുതല്‍ കലക്ടറേറ്റ് പടിക്കല്‍ നടത്തിവരുന്ന സത്യഗ്രഹത്തിന്റെ പശ്ചാത്തലത്തില്‍ ചീഫ് സെക്രട്ടറി 2016 സപ്തംബര്‍ അഞ്ചിനു തിരുവനന്തപുരത്ത് ഉന്നതതല യോഗം വിളിച്ചിരുന്നു. ഈ യോഗത്തില്‍ ഭൂമി സംബന്ധമായ റിപോര്‍ട്ട് പ്രസക്തമായ രേഖകള്‍  സഹിതം ജില്ലാ കലക്ടര്‍, സ്‌പെഷ്യല്‍ ഗവ. പ്ലീഡര്‍ (വനം) എന്നിവരില്‍നിന്നു ശേഖരിക്കാന്‍ തീരുമാനമായി. ഇതിന്റെ അടിസ്ഥാനത്തില്‍ സപ്തംബര്‍ ഏഴിനാണ് സബ് കലക്ടര്‍ അധ്യക്ഷനും ഡെപ്യൂട്ടി കലക്ടര്‍ (എല്‍ആര്‍), ഡെപ്യൂട്ടി കലക്ടര്‍ (എല്‍എ) എന്നിവര്‍ അംഗങ്ങളുമായി മൂന്നംഗ സമിതിയെ കലക്ടര്‍ അന്വേഷണത്തിനു നിയോഗിച്ചത്. നോര്‍ത്ത് വയനാട് ഡിഎഫ്ഒ, മാനന്തവാടി തഹസില്‍ദാര്‍, കലക്ടറേറ്റ് പടിക്കല്‍ സത്യഗ്രഹം നടത്തുന്ന കാഞ്ഞിരത്തിനാല്‍ കുടുംബാംഗം ജെയിംസ് തുടങ്ങിയവരില്‍ നിന്നു വിവരശേഖരണം നടത്തിയ സമിതി ഇക്കഴിഞ്ഞ 17നാണ് കലക്ടര്‍ക്ക് 500 പേജ് വരുന്ന രേഖകളും 50 പുറങ്ങളുള്ള റിപോര്‍ട്ട് സമര്‍പ്പിച്ചത്. ഇത് അടുത്ത ദിവസം പ്രത്യേക ദൂതന്‍ മുഖേനയാണ് കലക്ടര്‍ ചീഫ് സെക്രട്ടറിയുടെ കാര്യാലയത്തിലെത്തിച്ചത്. കാഞ്ഞിരത്തിനാല്‍ കുടുംബം അവകാശവാദം ഉന്നയിക്കുന്ന സ്ഥലം വനഭൂമിയാണെന്നു സര്‍ക്കാര്‍ നേരത്തേ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഭൂമി പിടിച്ചെടുത്ത വനംവകുപ്പിന്റെ നടപടി ശരിവച്ച ഫോറസ്റ്റ് ട്രൈബ്യൂണല്‍ ഉത്തരവിനെതിരേ കാഞ്ഞിരത്തിനാല്‍ ജോര്‍ജ് ഹൈക്കോടതിയില്‍ നല്‍കിയ കേസിലായിരുന്നു ഇത്. ഭൂമി വിഷയത്തില്‍ സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം ഹൈക്കോടതിയില്‍ സമര്‍പ്പിക്കുന്നതിനു റിപോര്‍ട്ട് സഹായകമാവുമെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തല്‍. കാഞ്ഞിരത്തിനാല്‍ കുടുംബത്തിനു ഭൂമി വിട്ടുകൊടുക്കാന്‍ 2006 ഒക്‌ടോബര്‍ 11ന് മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിട്ടുകിട്ടിയ ഭൂമിക്ക് നികുതി അടച്ചെങ്കിലും കാഞ്ഞിരത്തിനാല്‍ കുടുംബത്തിനു കൃഷിയിറക്കാന്‍ കഴിഞ്ഞില്ല. വനഭൂമിയില്‍ വനേതര പ്രവര്‍ത്തനങ്ങള്‍ തടഞ്ഞ് ഹൈക്കോടതി ഉത്തരവായതാണ് പ്രശ്‌നമായത്. കാഞ്ഞിരത്തിനാല്‍ കുടുംബത്തില്‍നിന്നു പിടിച്ചെടുത്തത് വനഭൂമിയാണെന്ന ഫോറസ്റ്റ് ട്രൈബ്യൂണലിന്റെ വിധി ആധാരമാക്കി തൃശൂരിലെ സന്നദ്ധസംഘടന നല്‍കിയ ഹരജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്. കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ കൈവശം ഉണ്ടായിരുന്നതു വനഭൂമിയല്ലെന്ന വസ്തുത സര്‍ക്കാര്‍ അറിയിക്കുന്ന മുറയ്ക്ക് സന്നദ്ധസംഘടനയുടെ കേസും തീരുമെന്നാണ് വിദഗ്ധാഭിപ്രായം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss