|    Jan 21 Sat, 2017 11:18 pm
FLASH NEWS

കാഞ്ഞിരത്തിനാല്‍ ഭൂമി പ്രശ്‌നം: മുഖ്യമന്ത്രി യോഗം വിളിച്ചു

Published : 1st July 2016 | Posted By: SMR

കല്‍പ്പറ്റ: കാഞ്ഞിരത്തിനാല്‍ ഭൂമി പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചതായി സി കെ ശശീന്ദ്രന്‍ എംഎല്‍എ അറിയിച്ചു. ജൂലൈ 14ന് മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം. എംഎല്‍എമാരായ സി കെ ശശീന്ദ്രന്‍, ഒ ആര്‍ കേളു എന്നിവര്‍ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്.
വനംവകുപ്പ് അന്യായമായി പിടിച്ചെടുത്ത 12 ഏക്കര്‍ ഭൂമി തിരിച്ചു കിട്ടണമെന്നാവശ്യപ്പെട്ട് കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്റെ മകള്‍ ട്രീസയുടെ ഭര്‍ത്താവ് ജെയിംസ് വയനാട് കലക്ടറേറ്റ് പടിക്കല്‍ ഒരു വര്‍ഷത്തോളമായി സമരം തുടരുകയാണ്. യുഡിഎഫ് ഭരണകാലത്ത് പിടിച്ചെടുത്ത ഭൂമിക്ക് പകരം ഭൂമിയും മറ്റ് ആനുകൂല്യങ്ങളും നല്‍കാമെന്നു കാഞ്ഞിരത്തിനാല്‍ കുടുംബത്തെ അറിയിച്ചിരുന്നു. ഇതു കുടുംബം നിഷേധിച്ചു.
തങ്ങള്‍ക്ക് അവകാശപ്പെട്ട 12 ഏക്കര്‍ ഭൂമി തന്നെ തിരിച്ചു നല്‍കണമെന്ന ആവശ്യമുന്നയിച്ചാണ് സര്‍ക്കാര്‍ വാഗ്ദാനം കുടുംബം നിരസിച്ചത്. ഭൂമി പിടിച്ചെടുത്തതിലെ കള്ളക്കളികള്‍ പുറത്തുവന്നാല്‍ ഒട്ടേറെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കുടുങ്ങുമെന്നതിനാല്‍ ഉദ്യോഗസ്ഥര്‍ മുന്‍കൈയെടുത്ത് പാക്കേജ് തയ്യാറാക്കി കുടുംബത്തെക്കൊണ്ട് അംഗീകരിപ്പിക്കാനുള്ള ശ്രമമാണ് നടത്തിയത്. ഇതിനിടെ, ജോ ര്‍ജിന്റെ ഭൂമി പിടിച്ചെടുത്തതു നിയമവിരുദ്ധമായിട്ടാണെന്നും ഇതില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ കള്ളക്കളികളും വ്യക്തമായി ചൂണ്ടിക്കാട്ടുന്ന വിജിലന്‍സ് റിപോര്‍ട്ട് പുറത്തായി.
നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ വി എസ് അച്യുതാനന്ദനും മറ്റ് നേതാക്കളും സമരപ്പന്തലിലെത്തി ഭൂമി വിഷയവുമായി ബന്ധപ്പെട്ട് യുഡിഎഫ് സര്‍ക്കാരിനെതിരേ ആരോപണമുന്നയിക്കുകയും എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ ഉടന്‍ പ്രശ്‌നം പരിഹരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. പിടിച്ചെടുത്ത ഭൂമി തിരിച്ചു നല്‍കുകയാണ് വേണ്ടതെന്നും അല്ലാതെ വനം ഉദ്യോഗസ്ഥരുടെ കള്ളക്കളി മൂടിവയ്ക്കാന്‍ പകരം ഭൂമിയും പാക്കേജും നല്‍കുകയല്ല വേണ്ടതെന്നും വനം ഉദ്യോഗസ്ഥര്‍ക്കെതിരേ അന്വേഷണം നടത്തണമെന്നും സിപിഎം ആവശ്യപ്പെട്ടിരുന്നു.
കാഞ്ഞിരത്തിനാല്‍ ഭൂമി വിഷയത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ നിഷ്‌ക്രിയമായിരുന്നുവെന്നാണ് എല്‍ഡിഎഫ് ആരോപിച്ചിരുന്നത്. എന്നാല്‍, എല്‍ഡിഎഫ് അധികാരത്തിലേറിയിട്ടും പ്രശ്‌നപരിഹാരത്തിന് ഊര്‍ജിതമായ ശ്രമം നടക്കുന്നല്ലെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഇതിനിടെയാണ് ജൂലൈ 14ന് മുഖ്യമന്ത്രി വിഷയം ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ചിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കാഞ്ഞിരത്തിനാല്‍ വിഷയം ഏറെ മുതലെടുത്ത സിപിഎം ഇനി എന്തു നിലപാട് സ്വീകരിക്കുമെന്നറിയാനാണ് പൊതുജനം കാത്തിരിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 43 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക