|    Oct 23 Tue, 2018 12:24 pm
FLASH NEWS

കാഞ്ഞിരത്തിനാല്‍ കുടുംബം സുപ്രിംകോടതിയിലേക്ക്

Published : 28th September 2017 | Posted By: fsq

 

കല്‍പ്പറ്റ: തങ്ങള്‍ക്കെതിരായി കോടതി മുമ്പ് പുറപ്പെടുവിച്ച ഉത്തരവ് പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് കാഞ്ഞിരത്തിനാല്‍ കുടുംബം നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. ഇതേത്തുടര്‍ന്ന് ഇനി നീതിക്കു വേണ്ടി സുപ്രിംകോടതിയെ സമീപിക്കുമെന്നു കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ അഭിഭാഷകനും മുന്‍ കേന്ദ്രമന്ത്രിയുമായ പി സി തോമസ് അറിയിച്ചു. അടിയന്തരാവസ്ഥയുടെ മറവില്‍ വനംവകുപ്പ് അന്യായമായി പിടിച്ചെടുത്ത ഭൂമി വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കാഞ്ഞിരത്തിനാല്‍ കുടുംബം 40 വര്‍ഷമായി പോരാടുകയാണ്. ഈ കുടുംബം നല്‍കിയ അപ്പീല്‍ 2016 ഡിസംബര്‍ 17ന് കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് തള്ളിയിരുന്നു. തുടര്‍ന്ന്, പുതുതായി ലഭിച്ച റെക്കോഡുകള്‍ ഹാജരാക്കി അവയുടെ ബലത്തില്‍ വിധി പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ പി സി തോമസ് മുഖേന കാഞ്ഞിരത്തിനാല്‍ കുടുംബം റിവ്യൂ ഹരജി നല്‍കി. ആ ഹരജിയില്‍ വാദം കേട്ട ശേഷം, വന്‍ റെക്കോഡുകളുടെ ശേഖരം മുഴുവന്‍ പരിശോധിച്ച് കേസ് പൂര്‍ണമായി വീണ്ടും കേള്‍ക്കുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ അറിയിച്ച ഡിവിഷന്‍ ബെഞ്ച് കേസ് പുനപ്പരിശോധിക്കാന്‍ വിസമ്മതിക്കുകയാണുണ്ടായതെന്നു പി സി തോമസ് പറഞ്ഞു. കള്ള റെക്കോഡുകളുണ്ടാക്കിയ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്കെതിരായ ഔദ്യോഗിക റിപോര്‍ട്ടും വയനാട് സബ് കലക്ടറുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ റിപോര്‍ട്ടും കോടതിയില്‍ ഹരജിക്കാര്‍ ഹാജരാക്കിയെങ്കിലും ഫോറസ്റ്റ് ട്രൈബ്യൂണലിന് മാത്രമേ നിക്ഷിപ്ത വനം സംബന്ധിച്ച തീരുമാനമെടുക്കാന്‍ അവകാശമുള്ളൂവെന്നായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ നിലപാട്. കള്ള റെക്കോഡുകള്‍ സംബന്ധിച്ചുള്ള വിവരങ്ങളും സര്‍ക്കാരിന്റെ നിഗമനങ്ങളില്‍ വന്ന പിശകുകളുമാണ് റിപോര്‍ട്ടുകളില്‍ പറയുന്നതെന്നു ഹരജിക്കാര്‍ വാദിച്ചുവെങ്കിലും പുനപ്പരിശോധനാ ഹരജിയില്‍ ഇത്തരം കാര്യങ്ങള്‍ പുതുതായി നോക്കേണ്ടതില്ലെന്ന രീതിയിലാണ് കോടതി അഭിപ്രായപ്പെട്ടതെന്നും പി സി തോമസ് പറഞ്ഞു. പുനപ്പരിശോധനാ ഹരജി തള്ളിയതിനെ തുടര്‍ന്ന് പി സി തോമസ് കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ പ്രതിനിധികളുമായി ചര്‍ച്ച നടത്തി. സുപ്രിംകോടതിയില്‍ ഈ കുടുംബത്തിന് വരുന്ന മുഴുവന്‍ ചെലവുകളും കേരളാ കോണ്‍ഗ്രസ് വഹിക്കുമെന്നു സംസ്ഥാന ജനറല്‍ സെക്രട്ടറി മാനുവല്‍ സി കാപ്പന്‍ അറിയിച്ചു. കള്ളക്കഥകള്‍ നിരത്തി പിടിച്ചെടുത്ത ഭൂമി വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്റെ മരുമകന്‍ ജെയിംസ് രണ്ടു വര്‍ഷത്തിലധികമായി വയനാട് കലക്ടറേറ്റ് പടിക്കല്‍ സമരം നടത്തിവരികയാണ്. ജോര്‍ജിന്റെ പേരിലുണ്ടായിരുന്ന ജന്മം തീരാധാരമുള്ള ഭൂമിയാണ് വനംവകുപ്പ് പിടിച്ചെടുത്തത്. ജോര്‍ജിന്റെ മരണശേഷം ജെയിംസ് സമരരംഗത്ത് എത്തുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss