|    Mar 24 Fri, 2017 7:34 am
FLASH NEWS

കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് ഐക്യദാര്‍ഢ്യവുമായി ജനകീയ കൂട്ടായ്മ

Published : 10th August 2016 | Posted By: SMR

കല്‍പ്പറ്റ: വനംവകുപ്പ് അന്യായമായി പിടിച്ചെടുത്ത ഭൂമി തിരിച്ചുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഒരു വര്‍ഷമായി കലക്ടറേറ്റ് പടിക്കല്‍ സമരം നടത്തുന്ന കാഞ്ഞിരത്തിനാല്‍ കുടുംബത്തോട് സര്‍ക്കാരും ഉദ്യോഗസ്ഥരും നീതി കാട്ടാത്ത സാഹചര്യത്തില്‍ ജനകീയ കൂട്ടായ്മ രൂപമെടുക്കുന്നു.
മാനന്തവാടി താലൂക്കില്‍ കാഞ്ഞിരങ്ങാട് വില്ലേജിലെ കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്റെ ഭൂമി പ്രശ്‌നം പരിഹരിക്കണമെന്നും കള്ളക്കളി നടത്തിയ വനം ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ജനകീയ കൂട്ടായ്മ രൂപീകരിക്കുന്നത്.
സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരാണ് കൂട്ടായ്മക്ക് പിന്നില്‍. വനംവകുപ്പിന്റെ തെറ്റായ നടപടി മൂലം അരനൂറ്റാണ്ടായി നരകിക്കുന്ന കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സ്വാതന്ത്ര്യദിനത്തില്‍ കലക്ടറേറ്റ് പടിക്കല്‍ നിരാഹാര സമരം നടത്താനും ജനകീയ കൂട്ടായ്മ തീരുമാനിച്ചിട്ടുണ്ട്. നീതിക്കായി കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്റെ മരുമകന്‍ ജെയിംസ് കലക്ടറേറ്റ് പടിക്കല്‍ ആരംഭിച്ച അനിശ്ചിതകാല സമരം 15ന് ഒരു വര്‍ഷം പൂര്‍ത്തിയാവും.
കാഞ്ഞിരത്തിനാല്‍ കുടുംബത്തെ പിന്തുണയ്ക്കുന്നവര്‍ക്കെല്ലാം നിരാഹാരത്തില്‍ പങ്കെടുക്കാമെന്നു ജനകീയ കൂട്ടായ്മക്ക് ചുക്കാന്‍പിടിക്കുന്ന കലക്ടറേറ്റ് ബസാര്‍ പൗരസമിതി ഭാരവാഹികള്‍ അറിയിച്ചു. രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചു വരെയാണ് സമരം. വില കൊടുത്തു വാങ്ങിയ ഭൂമിയില്‍ നിന്ന് ആട്ടിയിറക്കപ്പെട്ടതോടെ എല്ലാവിധത്തിലും തകര്‍ന്നടിഞ്ഞ കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് കഴിയുന്നത്ര സഹായങ്ങള്‍ ചെയ്യാനും ജനകീയ സമിതി ഉദ്ദേശിക്കുന്നു. 15ന് കലക്ടറേറ്റ് പടിക്കല്‍ പൗരസമിതി നടത്തിവരാറുള്ള പായസവിതരണം ഇത്തവണ ഒഴിവാക്കും.
പകരം കാഞ്ഞിരത്തിനാല്‍ കുടുംബത്തിനായി സഹായനിധി ശേഖരിക്കാനാണ് തീരുമാനം. ഇതിനായി ഉദാരമതികളുടെ സഹായവും ജനകീയ കൂട്ടായ്മ പ്രതീക്ഷിക്കുന്നു.
കൂടുതല്‍ ജനപിന്തുണയോടെ സമരങ്ങള്‍ നടത്താനും ഉദ്യോഗസ്ഥരുടെയും സര്‍ക്കാരുകളുടെയും കള്ളക്കളികള്‍ പൊതുമധ്യത്തില്‍ തുറന്നുകാട്ടാനുമാണ് തീരുമാനം. പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്നു പറയുന്നവരും ഈ വിഷയത്തില്‍ മുതലെടുപ്പ് നടത്തിയവരും അനുയോജ്യമായ സാഹചര്യം വന്നപ്പോള്‍ കണ്ണടയ്ക്കുന്നതില്‍ വ്യാപകമായ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ജന്മം തീറാധാരമുള്ള കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ 12 ഏക്കര്‍ ഏക്കര്‍ ഭൂമി കള്ളക്കളികളിലൂടെയാണ് വനംവകുപ്പ് പിടിച്ചെടുത്തതെന്നു വ്യക്തമാക്കുന്ന വിജിലന്‍സ് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നു പൗരസമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
ഭൂമി പിടിച്ചെടുത്തതില്‍ യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചതെന്നു കോടതിയെ ധരിപ്പിക്കാന്‍ സര്‍ക്കാര്‍ മടിക്കുകയാണ്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന തെറ്റായ വിവരങ്ങളാണ് സര്‍ക്കാര്‍ മുഖവിലയ്‌ക്കെടുക്കുന്നത്.
നീതിയുടെ കാവലാളുകള്‍ തന്നെ വേട്ടക്കാരായി മാറുന്നത് ഭീകരമാണ്. സമരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പൗരസമിതി ഭാരവാഹികളുമായി ബന്ധപ്പെടാം. ഫോണ്‍: 9747178610, 9496470415.

(Visited 25 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക