|    Oct 20 Sat, 2018 8:35 am
FLASH NEWS

കാഞ്ഞങ്ങാട്-പാണത്തൂര്‍ ദേശീയപാത: സര്‍വേ തുടങ്ങി

Published : 4th December 2017 | Posted By: kasim kzm

ജപുരം: കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതയുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. ദേശീയപാതയക്കുള്ള സര്‍വേയും തുടങ്ങി. കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതയുടെ നിര്‍മാണ പ്രവൃത്തി പുരോഗമിക്കുന്നതിനിടെ കാഞ്ഞങ്ങാട്-പാണത്തൂര്‍-മടിക്കേരി-മൈസൂര്‍ ദേശീയപാതയ്ക്കുള്ള വിശദമായ പ്രൊജക്ട് റിപോര്‍ട്ട് തയ്യാറാക്കുന്നതിനുള്ള പരിശോധന ആരംഭിച്ചു.
പ്രധാന അന്തര്‍ സംസ്ഥാന റോഡായ ഈ പാതയുടെ നവീകരണ പ്രവൃത്തി മന്ത്രി ഇ ചന്ദ്രശേഖരന്‍ മുന്‍കൈയെടുത്താണ് ആരംഭിച്ചത്. നിലവില്‍ മാവുങ്കാലില്‍ നിന്ന് ഏഴാംമൈല്‍ വരെയുള്ള 15 കിലോമീറ്റര്‍ റോഡ് പള്ളിപ്രം ബാലന്‍ എംഎല്‍എയുടെ കാലത്ത് മെക്കാഡം ടാറിങ് നടത്തി ഗതാഗത യോഗ്യമാക്കായിരുന്നു. ഏഴാംമൈലില്‍ നിന്നും പൂടംകല്ല് വരെയുള്ള റോഡിന്റെ നിര്‍മാണ പ്രവൃത്തി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തിരുന്നു.  കുദ്രോളി കണ്‍സ്ട്രക്ഷനാണ് പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്. ആറു മാസം കൊണ്ട് പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യം.
ചിറംകടവ് മുതല്‍ കര്‍ണാടക അതിര്‍ത്തിയായ ചെമ്പേരി വരെയുള്ള റോഡിന് കാസര്‍കോട് പാക്കേജില്‍ അഞ്ച് കോടി രൂപ അനുവദിച്ചിരുന്നു. ഇതിന്റെ പ്രവൃത്തി ആരംഭിച്ചിരുന്നു. നിലവില്‍ പൂടംകല്ല് മുതല്‍ ചിറംകടവ് വരെയുള്ള 18 കീലോമീറ്റര്‍ റോഡ് മാത്രമാണ് ഇനി മെക്കാഡം ടാറിങിന് അനുമതി ലഭിക്കാനുള്ളത്. ഇതിനായി കിഫ്ബിയില്‍ നിന്നും 52 കോടി രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി നല്‍കിയ നിവേദത്തിന്റെ അടിസ്ഥാനത്തില്‍ ഇത് പരിഗണനയിലാണ്. പാണത്തൂര്‍ റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ മടിക്കേരിയിലേക്കും മൈസൂരിലേക്കുമുള്ള യാത്രക്കാര്‍ക്ക് ഇത് ഏറെ ഗുണം ചെയ്യും. കുടാതെ ഗതാഗത രംഗത്ത് വന്‍കുതിച്ചു ചാട്ടവുമുണ്ടാകും.  ഇത് ദേശീയപാതയായി അംഗീകരിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇതിനിടെയാണ് കഴിഞ്ഞ ദിവസം ദേശീയപാതയ്ക്കുള്ള ഡിപിആര്‍ സര്‍വേക്ക് അനുമതി ലഭിച്ചത്.  സര്‍വേ ഈമാസം രണ്ടാംവാരം ആരംഭിക്കും. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ അനുമതിയാണ് ലഭിച്ചത്.
ഡിപിആര്‍ സര്‍വേക്ക് സേലത്തെ മുകേഷ് ആന്റ് അസോസിയേറ്റ്‌സ് കമ്പനിക്കാണ് കരാര്‍ നല്‍കിയിരിക്കുന്നത്. മലയോര മേഖലയിലൂടെ കടന്നുപോകുന്നതും കര്‍ണാടകയുമായി ബന്ധിപ്പിക്കുന്നതുമായ കാഞ്ഞങ്ങാട്-പാണത്തൂര്‍-ബാഗമണ്ഡലം-മടിക്കേരി ദേശീയപാതയുടെ ഡിപിആര്‍ സര്‍വേക്കായുള്ള കരാറുകാരനെയാണ് തിരഞ്ഞെടുത്തത്. 2.5 കോടി രൂപക്കാണ് ഡിപിആര്‍ ടെന്‍ഡര്‍ അംഗീകരിച്ചത്. ട്രാഫിക്, വാഹനങ്ങളുടെ എണ്ണം, മണ്ണിന്റെ ഘടന, കയറ്റം കുറക്കല്‍, വളവുകള്‍ നികത്തല്‍, പാലങ്ങളുടെ എണ്ണം, പാത കടന്നുപോകുന്ന പ്രദേശത്തെ വനമേഖലയുടെ കണക്ക്, കെട്ടിടങ്ങള്‍, ആരാധനാലയങ്ങള്‍, ജനസംഖ്യ, കച്ചവട സ്ഥാപനങ്ങള്‍ എന്നിവയുടെ വിശദമായ പരിശോധന നടത്തും. ദേശീയപാത വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ സി ജെ കൃഷ്ണന്റെ നേതൃത്വത്തിലുള്ള നാലംഗസംഘം നടത്തിയ സര്‍വേ റിപോര്‍ട്ടിന് കേന്ദ്ര ദേശീയപാത വിഭാഗം അംഗീകാരം നല്‍കിയതോടെയാണ് രണ്ടാംഘട്ട സര്‍വേക്ക് അംഗീകാരം ലഭിച്ചത്.
കാഞ്ഞങ്ങാട് മുതല്‍ പാണത്തൂര്‍ വരെയുള്ള 44 കിലോമീറ്റര്‍ റോഡില്‍ പുതിയ പാത വരുന്നതോടെ ഒമ്പത് കിലോമീറ്റര്‍ കുറയുമെന്ന് ആദ്യ സര്‍വേ കണ്ടെത്തിയിരുന്നു. കാഞ്ഞങ്ങാട് മടിക്കേരി റോഡിന്റെ ദൂരം 97ല്‍നിന്നും 73 കിലോമീറ്ററായി ചുരുങ്ങും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss