|    Aug 22 Wed, 2018 9:55 am
FLASH NEWS

കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാനെതിരേ സിപിഎമ്മില്‍ അസ്വാരസ്യം പുകയുന്നു

Published : 4th August 2018 | Posted By: kasim kzm

കാഞ്ഞങ്ങാട്: സിപിഎം നിയന്ത്രണത്തിലുള്ള നഗരസഭ ഭരണത്തിനെതിരേ പാര്‍ട്ടിക്കകത്ത് അസ്വാരസ്യം. നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍ ഏകാധിപത്യ നിലപാട് സ്വീകരിക്കുന്നുവെന്നാണ് പ്രവര്‍ത്തകരുടെ പരാതി. നഗരത്തില്‍ കാഞ്ഞങ്ങാട് ബസ് സ്റ്റാന്റിനകത്ത് ഉയര്‍ന്നിരിക്കുന്ന അനധികൃത കെട്ടിടം അടക്കമുള്ള പ്രശ്‌നങ്ങളില്‍ നഗരസഭ ഭരണകൂടം സ്വീകരിക്കുന്ന അനങ്ങാപ്പാറ നയവും പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചാ വിഷയമാകുന്നുണ്ട്.
പാര്‍ട്ടിക്കും ഭരണത്തിനുമിടയില്‍ പാലമാകാന്‍ സിപിഎം രുപീകരിച്ച സ്റ്റിയറിങ് കമ്മിറ്റി വിളിച്ച് ചേര്‍ക്കുന്നുമില്ല. ചെയര്‍മാനും കൂടെയുള്ള ഒന്നോ, രണ്ടോ കൗണ്‍സിലര്‍മാരും കുടാതെ നഗരസഭയിലെ ചില ഉദ്യോഗസ്ഥന്മാരും മാത്രമാണ് നഗരസഭാ ഭരണം കൈയാളുന്നത്. അതില്‍ മറ്റ് സിപിഎം കൗണ്‍സിലര്‍മാര്‍ക്കും യാതൊരു റോളുമില്ല. അതും പാര്‍ട്ടികുള്ളില്‍ ചര്‍ച്ചയാവുന്നുണ്ട്.
ചെയര്‍മാന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും വീഴ്ച സംഭവിച്ചാല്‍ അത് ആയുധമാക്കാന്‍ കാത്തിരിക്കുകയാണ് പാര്‍ട്ടിക്കുള്ളിലെ ചെയര്‍മാന്‍ വിരുദ്ധര്‍.
കാഞ്ഞങ്ങാട് നഗരത്തിലെ കെഎസ്ടിപി റോഡ് പ്രവൃത്തിയടക്കമുള്ള കാര്യത്തില്‍ ചെയര്‍മാന്‍ കാണിച്ച വണ്‍മാന്‍ ഷോയും പത്രങ്ങളില്‍ ഫോട്ടോ വരാന്‍ വേണ്ടി മാത്രം ഉള്ള ചെയര്‍മാന്റെ പരിപാടികള്‍ക്കെതിരേയും പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. കാഞ്ഞങ്ങാട് കെഎസ്ടിപി റോഡ് നിര്‍മാണം വൈകിയതിന്റെ ഉത്തരവാദിത്വം നഗരസഭാ ചെയര്‍മാനാണെന്ന് പാര്‍ട്ടിക്കാര്‍തന്നെ പറയുന്നുണ്ട്.
ഉറവിട മാലിന്യ നശീകരണമാണ് നഗരസഭയുടെ പ്രഖ്യാപിത ലക്ഷ്യമെന്ന് പറയുമ്പോഴും തുറസ്സായ സ്ഥലങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുന്നുകൂടുകയാണ്. രണ്ട് കൗണ്‍സിലര്‍മാര്‍ മുന്‍കൈയെടുത്ത് പ്ലാസ്റ്റിക് മാലിന്യം നിര്‍മാര്‍ജ്ജനം ചെയ്യുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടെങ്കിലും നഗരസഭയിലെ പല വാര്‍ഡുകളിലും ഇത് നടപ്പിലായിട്ടില്ല. പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗങ്ങളെ പരിഗണിക്കുന്നില്ലെന്നും ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നത്.
ഒരു വര്‍ഷത്തിലധികമായി ഒരു സിപിഎം കൗണ്‍സിലറുമായി ഉണ്ടായിരുന്ന പ്രശ്‌നം പാര്‍ട്ടി ഇടപെട്ടിട്ടും പറഞ്ഞുതീര്‍ക്കാനായില്ല.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss