|    Mar 22 Thu, 2018 11:48 am

കാഞ്ഞങ്ങാട് നഗരത്തില്‍ ഗതാഗത പരിഷ്‌കരണം നടപ്പായി

Published : 2nd August 2017 | Posted By: fsq

 

കാഞ്ഞങ്ങാട്: നഗരത്തിലെ ഗതാഗതകുരുക്ക് ഒഴിവാക്കാന്‍ ഇന്നലെ മുതല്‍ ഗതാഗത പരിഷ്‌കരണം നടപ്പില്‍ വരുത്തി. കെഎസ്ടിപി റോഡ് വികസനവും നഗരത്തിലെ തലതിരിഞ്ഞ ട്രാഫിക്ക് സംവിധാനങ്ങളും കാരണം നഗരത്തില്‍ ഗതാഗത കുരുക്ക് നിത്യസംഭവമായിരുന്നു. ഇതു മൂലം നഗരത്തിലെത്തുന്ന വാഹനങ്ങളും വഴിയാത്രക്കാരും ഏറെ ദുരിതത്തിലായിരുന്നു. ഓണം ആസന്നമായതോടെ നഗരത്തിലെ തിരക്ക് നിയന്ത്രണ വിധേയമാകില്ലെന്ന കണ്ടെത്തലാണ് ട്രാഫിക്ക് പരിഷ്‌കരണത്തിന് നഗരസഭയെയും പോലിസിനേയും പ്രേരിപ്പിച്ചത്. ഇതിനു മുന്നോടിയായി നഗരത്തിലെ വഴിയോരകച്ചവടക്കാര്‍, ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാര്‍, വ്യാപാരികള്‍ എന്നിവയുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തി നേരത്തെ അഭിപ്രായം ആരാഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്നലെ രാവിലെ മുതല്‍ പുതിയ പരിഷ്‌ക്കാരം നടപ്പില്‍ വരുത്തിയത്. തീരുമാനപ്രകാരം ഷാലിമാര്‍ ഹോട്ടല്‍ പരിസരത്തെ ടൂറിസ്റ്റ് ടാക്‌സി, ടെംപോ, ടൂറിസ്റ്റ് ബസ്സുകളെ പഴയ എല്‍ഐസി കെട്ടിടപരിസരത്തേക്ക് മാറ്റി. ബസ്സുകളുടെ പാര്‍ക്കിങും ഇവിടെ നിന്ന് ഒഴിവാക്കിയയോടെ ഈ ഭാഗത്തെ തിരക്ക് ഒഴിവായി. നഗരത്തിനുള്ളില്‍ തലങ്ങും വിലങ്ങും റിക്ഷകളും ബൈക്കുകളും റോഡ് ക്രോസ് ചെയ്യുന്നത് പുര്‍ണമായും ഒഴിവാക്കിയശേഷം ഷാലിമാര്‍ ഹോട്ടലിനു മുന്‍വശത്തായി റിക്ഷകള്‍ക്ക് പടിഞ്ഞാറുഭാഗത്തേക്ക് മുറിച്ചുകടക്കാനും കല്ലട്ര കോംപ്ലക്‌സിന് മുന്‍വശത്തുനിന്ന് കിഴക്കുഭാഗത്തേക്ക് റോഡ് മുറച്ചുകടക്കാനും റിക്ഷകള്‍ ഉള്‍പ്പെടെയുള്ളവക്ക് സൗകര്യമേര്‍പ്പെടുത്തി.  നവരംഗ് കെട്ടിടത്തിന് മുന്‍വശത്താണ് വഴയാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാനുള്ള സൗകര്യം എര്‍പ്പെടുത്തിയത്. ഇതോടൊപ്പം കാസര്‍കോട് ഭാഗത്തേക്കുള്ള എല്ലാ ബസ്സുകളും നവരംഗിനു മുന്‍വശത്ത് നിര്‍ത്തി യാത്രക്കാതെ കയറ്റിയിറക്കി തുടങ്ങിയതും ആശ്വാസമായി.  കൈലാസ് ജങ്ഷനും ട്രാഫിക് സര്‍ക്കിളിനുമിടയില്‍ വഴിയോര കച്ചവടം ഒഴിവാക്കി. ഇവര്‍ക്ക് ട്രാഫിക്ക് സര്‍ക്കിളിനു വടക്കുഭാഗത്തും കൈലാസ് ജങ്ഷന് തെക്കുഭാഗത്തുമാണ് കച്ചവട സൗകര്യമൊരുക്കിയിരിക്കുന്നത്.  റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്ന എളുപ്പ വഴിയായ ഇന്ത്യന്‍ കോഫി ഹൗസ് പ്രവേശന കവാടത്തിലെ പഴക്കച്ചവടക്കാരെ നീക്കിയപ്പോള്‍ ഇവിടെയുണ്ടാകുന്ന ഗതാഗതകുരുക്ക് പൂര്‍ണമായും ഒഴിവായി. നഗരത്തില്‍ വാഹനം നിര്‍ത്തിയിട്ട് ട്രെയിന്‍ യാത്രപോകുന്നവര്‍ സൃഷ്ടിക്കുന്ന ഗതാഗത സ്തംഭനം ഒഴിവാക്കാന്‍ കുന്നുമ്മല്‍, കൈലാസ് തിയേറ്റര്‍ പരിസരം, മോട്ടി സില്‍ക്‌സിന് പിറകുവശം എന്നിവിടങ്ങളിലായി പാര്‍ക്കിങ് സൗകര്യം എര്‍പ്പെടുത്തി. ഇനി മുതല്‍ നഗരത്തില്‍ വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്കുചെയ്താല്‍ ഉടന്‍ നടപടി സ്വീകരിക്കും. കോട്ടച്ചേരി പെട്രോള്‍ ബങ്കിനു മുന്‍വശത്തെ ടുവീലര്‍ പാര്‍ക്കിങ് ഒഴിവാക്കിയതും അനധികൃത റിക്ഷാ സ്റ്റാന്റ്് നീക്കം ചെയ്തതും യാത്രക്കാര്‍ക്ക് പ്രയോജനപ്രദമായി. ബസ്സ്റ്റാന്റിന് തെക്കുഭാഗത്ത് ബസ്സ്റ്റാന്റ് കവാടം വരെയുണ്ടായിരുന്ന റിക്ഷാ പാര്‍ക്കിങ് ഒറ്റലൈനാക്കി ഗിരിജാ ജ്വല്ലറിക്ക് മുന്‍വശംവരെ മാത്രമാക്കിയതോടെ കാസര്‍കോട്, പാണത്തൂര്‍, വെള്ളരിക്കുണ്ട് ഭാഗങ്ങളില്‍ നിന്ന് വരുന്നതും സ്റ്റാന്റില്‍ കയറാത്തതുമായ ബസുകള്‍ക്ക് ഇവിടെ യാത്രക്കാരെ സുരക്ഷിതമായി ഇറക്കാനുള്ള സൗകര്യവുമായി. റോഡുകള്‍ കൈയേറി റിക്ഷകള്‍ പാര്‍ക്കുചെയ്യുന്നത് ഒഴിവാക്കാനുള്ള നടപടിയുടെ ഭാഗമായി അനശ്വര സ്റ്റാന്റില്‍ ദീര്‍ഘവൃത്താകൃതിയില്‍ ഓട്ടോകള്‍ പാര്‍ക്കുചെയ്യുന്നത് ക്രമീകരിച്ച് റോഡ് വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഉപകരിക്കുന്ന വിധത്തിലാക്കി. ഓണത്തിരക്ക് വരുന്ന മുറക്ക് വഴിയോര കച്ചവടക്കാര്‍ക്ക് കച്ചവടസൗകര്യം എര്‍പ്പെടുത്തുമെന്നും നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss