|    Oct 23 Tue, 2018 6:53 pm
FLASH NEWS

കാഞ്ഞങ്ങാട്-കാണിയൂര്‍ റെയില്‍പാത; സംയുക്ത സാധ്യതാ റിപോര്‍ട്ട് തയ്യാറായി

Published : 23rd January 2017 | Posted By: fsq

 

രാജപുരം: ഉത്തര കേരളത്തിന്റെയും ദക്ഷിണ കര്‍ണാടകത്തിന്റേയും സമഗ്ര വികസനത്തിന് ഉതകുന്ന കാഞ്ഞങ്ങാട്-പാണത്തൂര്‍-കാണിയൂര്‍ മലയോര റെയില്‍പാതയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് 2007 മുതല്‍ 2015 മാര്‍ച്ച് 30 വരെ നടത്തിയ എല്ലാ സര്‍വെ റിപോര്‍ട്ടുകളുടേയും സംയുക്ത സാധ്യതാ റിപോര്‍ട്ട് ദക്ഷിണ റെയില്‍വേയുടെ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് മാനേജറുടെ ഓഫിസില്‍ തയ്യാറായിക്കഴിഞ്ഞു. 70 കി.മി ദൈര്‍ഘ്യം വരുന്ന ഈ പുതിയ പാതയുടെ സര്‍വേയ്ക്ക് ഉത്തരവിട്ടത് 2007ല്‍ റെയില്‍വേ മന്ത്രിയായിരുന്ന ലാലു പ്രസാദാണ്. ഇതുപ്രകാരം ആദ്യഘട്ടമെന്ന നിലയില്‍ 2008ല്‍ പാണത്തൂര്‍ വരെ 40 കി.മി സര്‍വെ നടത്തി. ഇതു റെയില്‍വേയ്ക്ക് ലാഭകരമെന്ന് റിപോര്‍ട്ട് നല്‍കിയിരുന്നു. പിന്നീട് ഇ അഹമ്മദ് റെയില്‍വേ സഹമന്ത്രിയായിരുന്നപ്പോ ള്‍ പാണത്തൂര്‍ മുതല്‍ കാണിയൂര്‍ വരെയുള്ള ബാക്കി ദൂരമായ 30 കി.മി സര്‍വെ ചെയ്യാന്‍ 2010-2011 ബജറ്റില്‍ നിര്‍ദ്ദേശമുണ്ടായിരുന്നു. പിന്നീട് ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ അന്നത്തെ റെയില്‍വേ മന്ത്രി സദാനന്ദഗൗഡ 2014 ജൂലൈയിലെ ബജറ്റില്‍ ഒറ്റലൈനായി കാണിയൂര്‍ വരെ സര്‍വെ നടത്താനുള്ള ഉത്തരവ് നല്‍കുകയും ചെയ്തു. ഇതു പ്രകാരം 2015 മാര്‍ച്ച് 30ന് നടത്തിയ ഫൈനല്‍ സര്‍വേയില്‍ ജനസാന്ദ്രതയും ചരക്കു ഗതാഗതവും മറ്റു സാങ്കേതിക കാരണങ്ങളും കൂടി കണക്കിലെടുത്ത്  ജാല്‍സൂര്‍ വഴികടന്നു പോകുന്ന വിധത്തിലുള്ളതാണ് 91 കി.മി വരുന്ന പുതിയ ലൈന്‍. ഫൈനല്‍ സര്‍വെ പ്രകാരം ഈ പാതയുടെ ദൂരം കാഞ്ഞങ്ങാട്  മുതല്‍ പാണത്തൂര്‍വരെ 41 കി. മി യും പാണത്തൂര്‍ മുതല്‍ കാണിയൂര്‍ വരെയുള്ള ദൈര്‍ഘ്യം 50 കി.മി യും കൂടി ആകെ ദൂരം 91 കി. മിറ്ററാകും.  ഈ പുനര്‍സംവിധാനം ചെയ്ത ലൈന്‍ നിലവില്‍ 13 മണിക്കൂര്‍ സമയം ബംഗളൂരില്‍ എത്തിച്ചേരാന്‍ വേണ്ടിടത്ത് ഏഴ് മണിക്കൂര്‍ കൊണ്ട് എത്താനാകും. നിലവിലുള്ള മംഗളൂരു-ഹാസന്‍ ലൈനില്‍ സുബ്രഹ്മണ്യത്തിനടുത്ത് ഇടമംഗലം അഥവാ കാണിയൂര്‍ ജങ്ഷനില്‍ ചേരുന്നതാണ് ഈ ലൈന്‍. ഏകദേശം 1200 കോടി രൂപ ചെലവു വരുന്ന ഈ പാതയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ 20 കോടി രൂപ തുക അനുവദിച്ചത് ഈ പദ്ധതിക്ക് ഗുണം ചെയ്തിട്ടുണ്ട്.ചെന്നൈയിലെ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് മാനേജര്‍ക്ക് കൈമാറിയ ഈ പദ്ധതിയുടെ ഫൈനല്‍ റിപോര്‍ട്ട് ഉടന്‍ ഡല്‍ഹിയിലെ റെയില്‍വേ ബോര്‍ഡിന് പരിഗണനയ്ക്ക് എത്തിച്ചില്ലെങ്കില്‍ 2017 ബജറ്റിലും ഈ പാതയുടെ താളം തെറ്റും. ഈ പദ്ധതിക്ക് 2017ലെ ബജറ്റില്‍ തുക അനുവദിച്ച് എത്രയും പെട്ടെന്ന് നിര്‍മാണം തുടങ്ങണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി, റെയില്‍വേ മന്ത്രി, റെയില്‍വേ ബോര്‍ഡ് മെംബര്‍, എന്‍ജിനിയര്‍ ഇശ്രീധരന്‍ എന്നിവര്‍ക്ക് ഇ-മെയില്‍ അയച്ചതായും മംഗളൂരു എംപി നളിന്‍കുമാര്‍ കട്ടിലിന് നിവേദനം നല്‍കിയതായും ഇതിന്റെ ആശയം കൊണ്ടുവന്ന് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന എന്‍ജിനിയര്‍ ജോസ് കൊച്ചിക്കുന്നേല്‍ പറഞ്ഞു. പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും കൂട്ടായപ്രവര്‍ത്തനം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss