|    Feb 28 Tue, 2017 1:53 am
FLASH NEWS

കാക്കിനിക്കറിട്ട ധന മാനേജ്‌മെന്റ്

Published : 25th November 2016 | Posted By: SMR

പി വി യാസിര്‍

മംഗള്‍യാന്‍ വിക്ഷേപിച്ചപ്പോള്‍ കിലോമീറ്ററിന് ഓട്ടോറിക്ഷയുടെ പോലും ചെലവില്ലാതെയാണ് എന്ന കണക്കു പറഞ്ഞ വാചാടോപമാണ് കറന്‍സി പിന്‍വലിക്കലിന്റെ സമയത്തും പ്രധാനമന്ത്രി ആവര്‍ത്തിക്കുന്നത്. ഏറ്റുപാടാന്‍ കീര്‍ത്തനസംഘങ്ങളും. രാജ്യം തീരുമാനം അംഗീകരിച്ചുവെന്ന് ജപ്പാനില്‍ ഇരുന്ന് ട്വീറ്റ് ചെയ്യുമ്പോള്‍ വിവേകം നഷ്ടമാവുന്നുവെന്ന് പറയാതെ വയ്യ.  ബാങ്കുകളില്‍ പാസ് ബുക്ക് പോലും അപ്‌ഡേറ്റ് ചെയ്യാനാവാത്ത സന്ദര്‍ഭത്തിലാണ് ഡിഡി/ചെക്ക് വിനിമയം ആഹ്വാനം ചെയ്യുന്നത്.
വീട്ടില്‍ പാചകം ചെയ്യുന്നവരല്ലാത്തവര്‍ ഞെരുക്കത്തിലാണ്. സമാന്തര വിനിമയങ്ങള്‍ പലരും തുടങ്ങി. വ്യാപാരസ്ഥാപനങ്ങളില്‍ ബാക്കി തുകയ്ക്ക് സീല്‍ പതിച്ച ചീട്ടുകള്‍ നല്‍കുന്നു. നിര്‍മാണത്തൊഴിലാളികളുടെ ദിവസവേതനം പറ്റുപുസ്തകമായി. കേരളത്തില്‍ വ്യാപകമായി ജോലി ചെയ്യുന്ന ബംഗാള്‍, അസം, ബിഹാര്‍ തൊഴിലാളികള്‍ ഇപ്പോള്‍ ഉരുളക്കിഴങ്ങും അരിയും പരിപ്പും വാങ്ങാന്‍ കൈയില്‍ പണമില്ലാതെ ഞെരുങ്ങുന്നു. ഒന്നിടവിട്ട ദിനങ്ങളില്‍ മിച്ചംവന്ന തുക മുഴുവനായും ബാങ്കിലൂടെ ബന്ധുക്കള്‍ക്ക് അയക്കുന്ന ഇവരാണ് ഇടപാടുകള്‍ ബാങ്കിലൂടെ ആക്കിയാല്‍ പ്രശ്‌നം തീര്‍ന്നുവെന്ന് അതീവലളിതമായി പറഞ്ഞ പ്രധാനമന്ത്രിയുടെ ഇരകള്‍. കള്ളപ്പണം സൂക്ഷിച്ചവരുടെ മാത്രമേ ഉറക്കം നഷ്ടമായുള്ളൂ എന്ന് പ്രധാനമന്ത്രി പറഞ്ഞത് ഓരോ ഇന്ത്യക്കാരനെയും ഇകഴ്ത്തലാണ്. ബാങ്കിന് മുന്നില്‍ നീണ്ട വരികളില്‍ നില്‍ക്കുന്നവര്‍ ആരാണ്?
തീരുമാനം വിവേകപൂര്‍ണമോ എന്നത് ഭാവിയിലേക്കു വിടാം. പക്ഷേ, നടപ്പാക്കുന്നതിലെ അസംബന്ധങ്ങള്‍ക്ക് മാപ്പുപറയണം. എടിഎം അറകളില്‍ തിരുകാന്‍ കഴിയാത്ത നോട്ടുകള്‍ ആവിഷ്‌കരിക്കുമ്പോള്‍ നിരര്‍ഥകവും നിഷ്‌ക്രിയവുമായ ആസൂത്രണ വിദഗ്ധരാണോ ഇന്ത്യക്കുള്ളത്? പ്രശ്‌നം ഇത്ര സങ്കീര്‍ണമാവാന്‍ മുഖ്യ കാരണവും അതുതന്നെ. റിസര്‍വ് ബാങ്ക് ചെയ്യേണ്ട ജോലി കുറച്ചുകാലമായി പ്രധാനമന്ത്രിയുടെ താരശോഭയിലേക്ക് വഴിനടത്തുകയായിരുന്നു. ഒറ്റയ്ക്കു ഗോളടിക്കാന്‍ ശ്രമിച്ചപ്പോള്‍ ഉണ്ടായ പിഴവാണിത്.
രണ്ടുവര്‍ഷത്തെ ഗൃഹപാഠവും ആസൂത്രണവുമാണെന്ന് പറയുന്നു. ഇത്രയും കാഴ്ച മങ്ങിയ വിദഗ്ധരാണോ റിസര്‍വ് ബാങ്കില്‍? താരപ്രഭയുടെ അന്വേഷണമായിരുന്നു പ്രധാനമന്ത്രിയുടെ അഭിസംബോധന. ആഗോളവല്‍ക്കരണത്തിലേക്ക് ഇന്ത്യയുടെ പ്രയാണം വിളംബരം ചെയ്ത അഭിസംബോധന അന്നത്തെ ധനമന്ത്രി മന്‍മോഹന്‍ സിങിന്റേതായിരുന്നു. ഒറ്റയ്ക്കു ഗോളടിക്കാനുള്ള ശ്രമം വ്യക്തമാണ്. കേവലം എട്ടുപത്ത് മിനിറ്റില്‍ പറഞ്ഞുതീര്‍ക്കാവുന്ന വിവരങ്ങള്‍ ഒരു ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്ററുടെ അസംബ്ലി പ്രഭാഷണം പോലെ വലിച്ചുനീട്ടി.
കലുഷമായ ദിനങ്ങളില്‍ ഇന്ത്യയില്‍ എത്തിപ്പെട്ട വിദേശികള്‍ ഞെരുങ്ങിയ വാര്‍ത്തകളുണ്ട്. ‘ഇന്‍ക്രെഡിബിള്‍ ഇന്ത്യ’ എന്നു വിദേശികള്‍ പറഞ്ഞുതുടങ്ങി. ആയുര്‍വേദം പഠിക്കാന്‍ എത്തിയ ജര്‍മന്‍ വൈദ്യസംഘം കേരളീയ ആതിഥേയത്വത്തിന്റെ തണലിലാണ് പട്ടിണിയാവാതെ രക്ഷപ്പെട്ടത്. മണി ട്രാന്‍സ്ഫര്‍ അല്ലാതെ വിര്‍ച്വല്‍ മണി ട്രാന്‍സാക്ഷന്‍ കേന്ദ്രസര്‍ക്കാര്‍ സംരംഭങ്ങളുടെ കൗണ്ടറുകളില്‍ വ്യാപകമായി സജ്ജമാക്കിയില്ല എന്നത് ഡിജിറ്റല്‍ ഇന്ത്യയുടെ പെരുമ്പറയില്‍ അടിവരയിടേണ്ടതാണ്.
ചില്ലുകൊട്ടാരങ്ങളില്‍ ഇരിക്കുമ്പോള്‍ സ്തംഭനം അറിയില്ല. 120-135 രൂപ ഈടാക്കുന്ന വാഹന സര്‍വീസ് സ്റ്റേഷനുകള്‍, മസാല പുരട്ടിയ പൊരിക്കടികള്‍, മോദിയുടെ തന്നെ ടീ സ്റ്റാളുകള്‍ എന്നിവയ്‌ക്കൊന്നും വ്യവഹാരം നടത്താനായില്ല. ഈ ദിനങ്ങളുടെ ആനുപാതികമായ നികുതിയും സേവന വരുമാനങ്ങളും വലിയതോതിലാണ് സാമ്പത്തിക അടിത്തറയില്‍ വിള്ളല്‍ തീര്‍ത്തത്. കച്ചവടം നടക്കാത്ത സംരംഭങ്ങളുടെ വരുമാനം നിലച്ചു. ബസ്സുകളില്‍ ചില്ലറ നല്‍കാന്‍ സാധ്യമാവാതെ പല വിദ്യാര്‍ഥികളുടെയും സ്‌കൂള്‍ മുടങ്ങി. അധ്യാപകര്‍ ബാങ്കുകളുടെയും പോസ്റ്റ് ഓഫിസുകളുടെയും വരികളില്‍. സിനിമാ ടിക്കറ്റ് വില്‍പന കുറഞ്ഞു, ലോട്ടറികള്‍ നിലച്ചു. സര്‍വ മേഖലകളിലും മരവിപ്പ് കോച്ചിവലിച്ചു.
വിര്‍ച്വല്‍ മണി വ്യാപകമാവാന്‍ ഇനിയും സമയമെടുക്കും. വീട്ടുവേലക്കാരികളും കൂലിപ്പണിക്കാരും ബാങ്ക് അക്കൗണ്ടുകള്‍ ഉള്ളവരാവാം. പക്ഷേ, അവരുടെ ബാങ്കുകളിലേക്കുള്ള യാത്രയ്ക്ക് കിലോമീറ്ററുകള്‍ നടക്കണം. അധ്വാനത്തിന്റെയോ വിശ്രമത്തിന്റെയോ സമയമാണ് അപഹരിക്കപ്പെടുന്നത്. ഗ്രാമീണ ബാങ്കുകള്‍ ഇനിയും വ്യാപനം ചെയ്തിട്ടില്ല. പലയിടങ്ങളിലും എടിഎം സൗകര്യം ബാങ്കുകള്‍ നല്‍കിയിട്ടില്ല. 18 മണിക്കൂര്‍ വൈദ്യുതിയില്ലാത്ത ഗ്രാമങ്ങള്‍ കര്‍ണാടകയിലുണ്ട്. അതിനാല്‍ തന്നെ മന്‍ കി ബാത്ത് അവിടെ എത്താറില്ല.
രണ്ടു നാളില്‍ എല്ലാം ശരിയാവും എന്നു പറഞ്ഞശേഷം തിരുത്തേണ്ടിവന്നപ്പോള്‍ ഗ്രാമീണ മൊബൈല്‍ ബാങ്കിങ് വാഹനം ഏര്‍പ്പാടാക്കിയതായി പറഞ്ഞിരിക്കുന്നു. രണ്ടു വര്‍ഷത്തെ അതിസൂക്ഷ്മ-രഹസ്യ ഗൃഹപാഠത്തില്‍ ഗ്രാമങ്ങളെ ഓര്‍ത്തില്ലേ? പ്രത്യേകിച്ചും മല്‍സ്യബന്ധനം. അവിടെ പണം ബാങ്കുകളിലേക്ക് എത്താന്‍ സമയം ലഭ്യമല്ല. സമയമാണ് അവിടെ ഏറ്റവും വലിയ വ്യവഹാരം. ആധുനികവിദ്യകള്‍ അവര്‍ക്ക് അറിയാഞ്ഞിട്ടല്ല. മൊബൈല്‍ ഫോണുകള്‍ വ്യാപകമാവുന്നതിനു മുമ്പേ ബോട്ട് തൊഴിലാളികള്‍ ഉപയോഗിച്ചുതുടങ്ങി. ജിപിഎസ് നാവിഗേറ്റര്‍ ഉപയോഗിച്ച് മല്‍സ്യബന്ധനം നടത്തുന്നവരാണ് മിക്ക ബോട്ടുകാരും.
ഉള്‍ഗ്രാമങ്ങളിലെ പയറ്റുകല്യാണങ്ങള്‍ മുടങ്ങി. ഇനിയും അധികം ഗവേഷണം ചെയ്യപ്പെടാത്ത മൈക്രോ ഇക്കണോമിക്‌സ് ഇന്‍ഡക്‌സാണ് പയറ്റുകല്യാണങ്ങള്‍. സ്‌നേഹവും പരസ്പരവിശ്വാസവും ഇനിയും മായാത്ത ഗ്രാമീണ പൈതൃകത്തിന്റെ ശേഷിപ്പാണ് അവ. ഇപ്പോള്‍ യാചനയും ഔദാര്യം വാങ്ങലും നേര്‍സാക്ഷ്യമാവുകയായി. കടകളിലും വാഹനങ്ങളിലും ഇക്കഴിഞ്ഞ ആഴ്ച അതായിരുന്നു. എന്തിനേറെ, ആതിഥേയത്വം പോലും ഇല്ലായ്മയില്‍ പൊതിഞ്ഞു. നികുതി അടച്ചതിനു പകരമായി സര്‍ക്കാരില്‍ നിന്ന് തിരിച്ചെന്ത് ലഭിക്കുന്നു എന്ന ചോദ്യം ഒരുപക്ഷേ, രാഷ്ട്രനിന്ദയാവാം; ജയില്‍വാസം ക്ഷണിച്ചുവരുത്തിയേക്കാം. എങ്കിലും പലരുടെയും ചോദ്യം അതാണ്. നികുതിദായകരുടെ പണം എന്ന് എപ്പോഴും കേള്‍ക്കാവുന്നതാണ്. സര്‍വകലാശാലകളും പാലങ്ങളും റോഡുകളും എല്ലാം നമുക്ക് സര്‍ക്കാര്‍ നല്‍കുന്നുണ്ട് എന്നതില്‍ സംശയമില്ല. എങ്കിലും ജനം പ്രതീക്ഷിക്കുന്ന നിലവാരം മറ്റൊന്നാണല്ലോ. പലപ്പോഴും നിയമാവലികളുടെ ചട്ടക്കൂട്ടില്‍ ക്രയങ്ങള്‍ പരിഷ്‌കരിക്കപ്പെടാതെ കിടക്കുമ്പോള്‍ നഷ്ടം ചെറുതല്ല.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിക്ഷേപങ്ങളില്‍ നിയന്ത്രണമുള്ളത് പുനരാലോചിക്കേണ്ടതുണ്ട്. ന്യായമായ ശമ്പളം സ്വരൂപിച്ച് നിക്ഷേപങ്ങളില്‍ ഭദ്രമാക്കുമ്പോള്‍ മാസവിഹിതങ്ങളും ലാഭവും ലഭിച്ചാല്‍ സര്‍ക്കാരിന് നികുതി ലഭിക്കുന്നതാണ്. എന്നാല്‍ മിക്കവരും ഇത്തരം നിക്ഷേപങ്ങള്‍ മറ്റുള്ളവരുടെ പേരിലോ രേഖാമൂലമല്ലാതെയോ വ്യവഹരിക്കുന്നതാകും. അതിനാല്‍ ലഭിക്കുന്ന ലാഭം കണക്കില്‍ പ്രത്യക്ഷപ്പെടുന്നില്ല. നിയമാനുസൃതം നിക്ഷേപങ്ങള്‍ക്ക് അവസരം നല്‍കിയാല്‍ സത്യസന്ധമായ കണക്ക് രേഖപ്പെടുത്താന്‍ മിക്കവരും തയ്യാറാവും. അതുവഴി നികുതി സര്‍ക്കാരിലേക്ക് എത്തും എന്നതില്‍ സംശയമില്ല. നിയമം കുടുസ്സാകുന്നതിനാലുള്ള വരുമാനങ്ങള്‍ കള്ളപ്പണം എന്ന് വിളിക്കുമ്പോള്‍ സങ്കീര്‍ണതയുണ്ട്. അവരാരും മ്ലേച്ഛമായതോ രാജ്യവിരുദ്ധമായതോ നിയമം മൂലം തടഞ്ഞതോ ആയ ഇടപാടുകളുടെ ലാഭമല്ല പറ്റിയത്.
സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റ് അര്‍ഥഗംഭീരമാണ്. വിശ്രുത ചിത്രകാരന്‍ നന്ദലാല്‍ ബോസ് വരച്ച ഗാന്ധിയുടെ ദണ്ഡിയാത്ര ചിത്രമുള്ള അഞ്ഞൂറ് രൂപയുടെ പിറകില്‍ ഒരു ചെറിയ വരകൊണ്ട് എടിഎം കേന്ദ്രത്തിന്റെ വാതില്‍ പോലെ തോന്നിക്കുന്ന ആ ട്രോളില്‍ ഉപ്പുസത്യഗ്രഹ മാര്‍ച്ച് എടിഎം കേന്ദ്രത്തിലേക്കുള്ള വഴിയാക്കി സന്ദേശം നല്‍കുകയാണ്. ഇന്നു വരിനില്‍ക്കുന്ന ഓരോരുത്തരും അവരവരുടെ ഉപ്പിനുവേണ്ടിയുള്ള മാര്‍ച്ചിലാണ്.
എന്തൊക്കെയോ നടക്കുന്നുണ്ട്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പദവി മറ്റേത് സ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമാണല്ലോ. നാം വ്യവഹരിക്കുന്ന കറന്‍സിയുടെ ഭദ്രത ഉറപ്പുതരുന്ന കൈയൊപ്പ് നല്‍കുന്ന ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ ഇന്ത്യന്‍ പൗരനായിട്ട് അഞ്ചുവര്‍ഷം പോലും തികഞ്ഞിട്ടില്ല. ഇന്ത്യന്‍ പൗരനല്ലാത്ത വ്യക്തി മോണിറ്ററി ഫണ്ട് പ്രതിനിധിയായി പല ഹൈ ലെവല്‍ കമ്മിറ്റികളിലും അംഗമായി നയങ്ങള്‍ രൂപപ്പെടുത്തി.
ഇതിനൊക്കെ ഇടയില്‍ ഇസ്രായേല്‍ പ്രസിഡന്റ് ഇന്ത്യയില്‍ എട്ടുദിന സന്ദര്‍ശനം നടത്തുന്നു. രണ്ടോ മൂന്നോ ദിനങ്ങള്‍ മാത്രമേ രാജ്യത്തലവന്‍മാര്‍ സന്ദര്‍ശനം നടത്താറുള്ളൂ. എട്ടുദിവസങ്ങള്‍ക്ക് മാത്രം ഇന്ത്യയില്‍ എന്താണുള്ളത്? ഈ സമയം പോലും നിശ്ചയിച്ചതാണോ? വാര്‍ത്തകള്‍ മുഴുവന്‍ നോട്ട്മൂല്യങ്ങളുടെ കോളങ്ങള്‍ നിറഞ്ഞുനില്‍ക്കുമ്പോള്‍ ഡിപ്ലോമാറ്റിക് കറസ്‌പോണ്ടന്‍സ് വേണ്ടതില്ലല്ലോ! ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ബന്ധം ഒളിച്ചുവയ്‌ക്കേണ്ടതില്ല എന്ന് ഇസ്രായേല്‍ പറയുമ്പോള്‍ തന്നെ എന്തോ ഒരു ഒളിച്ചുകളിയുണ്ട്. വിസാ അപേക്ഷകളില്‍ ഒരു രാജ്യവും ആധാര്‍ കാര്‍ഡ് ചോദിക്കുന്നില്ല. എന്നാല്‍ ഇസ്രായേല്‍ ചോദിക്കുന്നു! അപ്പോള്‍ ആധാര്‍ സെര്‍വര്‍ മറ്റെവിടെയോ ആണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 204 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day