|    Jan 20 Fri, 2017 9:41 pm
FLASH NEWS

കാക്കപ്പെട്ടിയില്‍ മാസങ്ങള്‍ പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തി

Published : 12th October 2016 | Posted By: Abbasali tf

കാട്ടാക്കട: കളിവിളാകം മണ്ണാങ്കോണം കാക്കപ്പെട്ടി പാറയുടെ അടിഭാഗത്തായി മാസങ്ങള്‍ പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തി. തിങ്കളാഴ്ച രാവിലെ 10 ഓടെ കാട്ടാക്കടയില്‍ നിന്നു കാട്ടു മരുന്നുകള്‍ ശേഖരിക്കാനെത്തിയ ചിലരാണ് അസ്ഥികൂടം കണ്ടെത്തിയത്. പറമ്പിലെ പുരയിടത്തില്‍ ചിതറിക്കിടന്ന നിലയിലായിരുന്നു അസ്ഥികൂടം. ഉടന്‍ തന്നെ ഇവര്‍ നാട്ടുകാരെയും തുടര്‍ന്ന് പോലിസിനെയും വിവരം അറിയിച്ചു. സംഭവമറിഞ്ഞ് പ്രദേശത്ത് നാട്ടുകാര്‍ തടിച്ചുകൂടി. സ്ഥലത്തെത്തിയ പോലിസ് പരിശോധന നടത്തി. സ്ഥല ഉടമയില്‍ നിന്നും പരിസരവാസികളില്‍ നിന്നും പോലിസ് മൊഴിയെടുത്തു. പ്രദേശത്തു നിന്നു കാണാതായവരുടെ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. ഫോറന്‍സിക് വിഭാഗം സാമ്പിളുകള്‍ ശേഖരിച്ചു പരിശോധന നടത്തി വരികയാണ്. ഫോറന്‍സിക് പരിശോധനാഫലം കിട്ടിയ ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കൂവെന്ന് പോലിസ് പറയുന്നു. അതേസമയം നാലുമാസത്തിനു മുമ്പ് കാണാതായ കുറിച്ചി സ്വദേശി ശശി എന്നയാളുടെ അസ്ഥികൂടമായിരിക്കാം ഇതെന്നും പോലിസ് സംശയിക്കുന്നുണ്ട്. ഇയാളുടെ പിതാവിന്റെ രക്ത സാമ്പിള്‍ ശേഖരിച്ചു ഡിഎന്‍എ പരിശോധന നടത്തിയാലേ ഇത് ഉറപ്പിക്കാനാവൂ എന്ന് ആര്യനാട് സിഐ അനില്‍കുമാര്‍ പറഞ്ഞു. ഇതിനു ശേഷമാവും അന്വേഷണത്തിന്റെ അടുത്ത ഘട്ടം നടക്കുക എന്നാണ് വിവരം. ഇതോടൊപ്പം അടുത്തകാലത്തായി പ്രദേശങ്ങളില്‍ കാണാതായവരുടെ പട്ടിക പോലിസ് തയ്യാറാക്കി പരിശോധന നടത്തുണ്ട്. പ്രദേശം വന്യമൃഗങ്ങള്‍ യഥേഷ്ടം വിഹരിക്കുന്ന സ്ഥലമാണ്. കാട്ടു പന്നികളും കരടിയും ഉള്ളതിനാല്‍ ഇവിടേക്ക് ആരും തിരിഞ്ഞു നോക്കാറില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. ഏതെങ്കിലും തരത്തില്‍ ഇവിടെയെത്തി വന്യ ജീവികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതാണോ മറ്റെന്തെങ്കിലും തരത്തില്‍ മരണപ്പെട്ടതാണോ എന്ന കാര്യങ്ങളും പരിശോധന ഫലങ്ങള്‍ വന്ന ശേഷമേ അറിയാന്‍ കഴിയുകയുള്ളു. മെഡിക്കല്‍ കോളജിലെ വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘമാണ് പരിശോധനകള്‍ക്കു മേല്‍നോട്ടം വഹിക്കുന്നത്. 2010ല്‍ നെട്ടുകാല്‍തേരിയില്‍ അസ്ഥികൂടം കണ്ടെത്തുകയും പിന്നീട് പരിശോധനയിലും പോലിസിന്റെ വിശദ അന്വേഷണത്തിലും സുഹ്‌റ ബീവി എന്ന സ്ത്രീയുടേതാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഇന്ന് അന്വേഷണ സംഘം അസ്ഥികൂടം കണ്ടെത്തിയ സ്ഥലത്തും സമീപ സ്ഥലങ്ങളിലും കൂടുതല്‍ പരിശോധന നടത്തും. നെടുമങ്ങാട് ഡിവൈഎസ്പി ബിജുമോന്റെ നേതൃത്വത്തില്‍ ആര്യനാട് സിഐ അനില്‍ കുമാര്‍, നെയ്യാര്‍ഡാം എസ്‌ഐ കിരണ്‍, ഗ്രേഡ് എസ്‌ഐ മുരളി, സീനിയര്‍ സിപിഓ ഉണ്ണികൃഷ്ണന്‍, സിപിഒ വിനോദ്, ഫസില്‍ തുടങ്ങിയവരാണ് അന്വേഷണം നടത്തുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക