|    Oct 15 Mon, 2018 8:16 pm
FLASH NEWS

കാക്കത്തോട് പുനരധിവാസം; ഭൂമി ഉടന്‍ കണ്ടെത്തും

Published : 27th September 2017 | Posted By: fsq

 

കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ കല്ലൂര്‍ കാക്കത്തോട് കോളനിയിലെ ആദിവാസി കുടുംബങ്ങള്‍ക്ക് വാസയോഗ്യമായ ഭൂമി ഉടന്‍ കണ്ടെത്തി നല്‍കാന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. എംഎല്‍എമാരായ ഐ സി ബാലകൃഷ്ണന്‍, സി കെ ശശീന്ദ്രന്‍, ഒ ആര്‍ കേളു എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന ആദിവാസി പുനരധിവാസം സംബന്ധിച്ച യോഗത്തിലാണ് തീരുമാനം. 32 കുടുംബങ്ങളാണ് കാക്കത്തോട് കോളനിയില്‍ താമസിക്കുന്നത്. മഴക്കാലത്ത് വെള്ളം കയറുന്ന കോളനിയില്‍ നിന്ന് ഇവരെ മാറ്റിപ്പാര്‍പ്പിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. വാസയോഗ്യമായ ഭൂമി ആവശ്യപ്പെട്ട് ഇവിടെയുള്ള കുടുംബങ്ങള്‍ കഴിഞ്ഞ ദിവസം വനത്തില്‍ കുടില്‍കെട്ടുകയും ചെയ്തു. കാക്കത്തോട് കോളനിക്കാരുടെ പുനരധിവാസം എത്രയും പെട്ടെന്നു നടപ്പാക്കാനാണ് തീരുമാനം. താല്‍ക്കാലികമായി പദ്ധതി നിലവില്‍ വരുന്നതുവരെ കുടുംബങ്ങളെ സമീപപ്രദേശങ്ങളിലേക്ക് മാറ്റി താമസിപ്പിക്കും. ജില്ലയിലെ ഭൂരഹിതരായ ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമി വിതരണം ചെയ്യാനുള്ള നടപടികള്‍ ത്വരിതപ്പെടുത്താനും തീരുമാനിച്ചു. ഒക്‌ടോബര്‍ 31നകം വാസയോഗ്യമായ സ്ഥലം വാങ്ങുന്നതിനായി ജില്ലയിലെ ഭൂവുടമകളില്‍ നിന്ന് അപേക്ഷ ക്ഷണിക്കും. അതാതു പ്രദേശങ്ങളില്‍ തന്നെ ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമി കണ്ടെത്തുന്നതിന് മുന്‍ഗണന നല്‍കും. 15 കോടി രൂപ ഇതിനായി ടിആര്‍ഡിഎം ഫണ്ടിലുണ്ട്. കുടിവെള്ളവും വഴി സൗകര്യവുമുള്ള ഭൂമിയാണ് ഭൂരഹിതരായ ആദിവാസികള്‍ക്ക് വേണ്ടി വിലകൊടുത്തു വാങ്ങി നല്‍കുക. ഭൂമി വാങ്ങുന്നതിന് മുമ്പായി എംഎല്‍എമാര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ഊരുമൂപ്പന്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നവരടങ്ങിയ സെര്‍ച്ചിങ് കമ്മിറ്റി ഭൂമിയുടെ നിലവാരം പരിശോധിക്കും. അതിനുശേഷം ജില്ലാ കലക്ടറടങ്ങിയ പര്‍ച്ചേസിങ് കമ്മിറ്റി ഇതില്‍ തീരുമാനമെടുക്കും. പൂര്‍ണമായി ഇടനിലക്കാരെ ഒഴിവാക്കി സുതാര്യമായാണ് ഭൂമി വാങ്ങുക. നവംബര്‍ 5നകം ഭൂമിവാങ്ങല്‍ നടപടികളുടെ പുരോഗതി വിലയിരുത്താനും യോഗത്തില്‍ തീരുമാനമായി. ജില്ലാ കലക്ടര്‍ എസ് സുഹാസ്, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss