|    Jul 23 Mon, 2018 11:18 pm
FLASH NEWS

കാക്കഞ്ചേരി സമരം; ആയിരം ദിനങ്ങള്‍ പിന്നിട്ടു

Published : 15th September 2017 | Posted By: fsq

 

ചേളാരി: കാക്കഞ്ചേരിയിലെ ജനവാസ മേഖലയില്‍ കിന്‍ഫ്ര പാര്‍ക്കിനോടനുബന്ധിച്ച് മലബാര്‍ ഗോള്‍ഡിന്റെ സ്വര്‍ണ്ണ ശുദ്ധീകരണശാല സ്ഥാപിക്കുന്നതിനെതിരെ കാക്കഞ്ചേരി പരിസരവാസികള്‍ ചേര്‍ന്ന് സമരസഹായസമിതിയുടെ സഹകരണത്തോടെ നടത്തി വരുന്ന സമരം ആയിരം ദിനങ്ങള്‍ പിന്നിട്ടു.2014 ഡിസംബര്‍ 20നാണ് സമരം തുടങ്ങിയത്. റെഡ് കാറ്റഗറി വിഭാഗത്തില്‍പ്പെട്ട ഈ ഫാക്ടറിക്ക് ഗ്രീന്‍ കാറ്റഗറിയില്‍പ്പെടുത്തി അനുമതി നല്‍കാന്‍ നടന്ന ഗൂഡാലോചന മുതല്‍ ജന വിരുദ്ധ സമീപനങ്ങള്‍ തുടങ്ങുന്നുവെന്ന് സമരക്കാര്‍ ആരോപിച്ചു. ഒരു പ്രദേശത്തെ ജനങ്ങളാകെ ഭീതിയുടെ നിഴലില്‍ വര്‍ഷങ്ങളോളമായി ജീവിക്കേണ്ടി വരുന്നത് ജനാധിപത്യ സമൂഹത്തിന് ഒട്ടും ഹിതകരമല്ല.  കണക്കുകള്‍ പ്രകാരം ദിവസം 120 കിലോ സ്വര്‍ണ്ണം ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായി 3 ലക്ഷം ലിറ്റര്‍ മലിനജലം കമ്പനി പുറത്തേക്കൊഴുക്കും. 48 ലിറ്റര്‍ ആസിഡും കൂടെ ഒഴുകും.മനുഷ്യരില്‍ മാരക രോഗങ്ങള്‍ വിതറുന്ന കാഡ്മിയം.ഇറിഡിയം, ‘മിഥേനിയം, നിക്കല്‍, മെര്‍ക്കുറി, പൊട്ടാസ്യം നൈട്രേറ്റ് തുടങ്ങിയ രാസമൂലകങ്ങള്‍ വേറെയും. സ്വര്‍ണ്ണം ശുദ്ധികരിക്കേണ്ട എന്നോ വ്യവസായങ്ങള്‍ വേണ്ട എന്നോ അല്ല. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയില്‍ നിന്ന് ഈ ഫാക്റ്ററി മാറ്റി സ്ഥാപിക്കണമെന്നു മാത്രമാണ്. അതിനായാണ് പരിസരവാസികള്‍ സമര രംഗത്തുള്ളത്. ഇന്നലെ ആയിരാമത്തെ സമര ദിനത്തില്‍ രാവിലെ 10 മണി മുതല്‍ വൈകീട്ട് 5 വരെ സമര ഭടന്‍മാര്‍ സമരപന്തലില്‍ ഉപവാസമിരുന്നു. ഒട്ടനവധി സാമൂഹ്യ സാംസ്‌ക്കാരിക സംഘടനകള്‍ അഭിവാദ്യങ്ങളുമായി രംഗത്തെത്തി. മുന്‍മന്ത്രി കെ കുട്ടി അഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss