|    Nov 17 Sat, 2018 2:05 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

കാംബ്രിജ് അനലിറ്റിക്കയുമായി കോണ്‍ഗ്രസ് സഹകരിച്ചിരുന്നതായി വെളിപ്പെടുത്തല്‍

Published : 28th March 2018 | Posted By: kasim kzm

ലണ്ടന്‍: ഫേസ്ബുക്ക് ഡാറ്റ ചോര്‍ത്തലുമായി ബന്ധപ്പെട്ട് വിവാദക്കുരുക്കിലായ അനലിറ്റിക്‌സ് കമ്പനി കാംബ്രിജ് അനലിറ്റിക്ക (സിഎ) ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സുമായി (ഐഎന്‍സി) സഹകരിച്ചിരുന്നതായി വെളിപ്പെടുത്തല്‍. വിസില്‍ ബ്ലോവറും കമ്പനിയുടെ മുന്‍ റിസര്‍ച്ച് ഡയറക്ടറുമായ ക്രിസ്റ്റഫര്‍ വെയ്ല്‍ ബ്രിട്ടിഷ് പാര്‍ലമെന്റിലാണ് ഐഎന്‍സി കാംബ്രിജ് അനലിറ്റിക്ക വാടകയ്‌ക്കെടുത്തിരുന്നതായി വെളിപ്പെടുത്തിയത്. കമ്പനിയുമായുള്ള ബന്ധം നിഷേധിച്ചുവരുകയായിരുന്ന കോണ്‍ഗ്രസ്സിന് പുതിയ വെളിപ്പെടുത്തല്‍ കനത്ത തിരിച്ചടിയായിരിക്കുകയാണ്.
ഇതോടെ കോണ്‍ഗ്രസ്സിനെ കടന്നാക്രമിച്ച് ബിജെപി രംഗത്തെത്തി. ഡാറ്റ ചോര്‍ത്തലുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും ഇതുവരെ പറഞ്ഞുവന്നിരുന്നതെല്ലാം പച്ചക്കള്ളമാണെന്നു തെളിഞ്ഞതായി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ചൂണ്ടിക്കാട്ടി. രാജ്യത്തെ തെറ്റിദ്ധരിപ്പിച്ച കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയില്‍ കമ്പനി ‘സമഗ്രമായി’ ജോലി ചെയ്തിരുന്നതായും അവിടെ ഓഫിസും ജീവനക്കാരും ഉണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു.
‘ഇന്ത്യയില്‍ സിഎയുടെ സേവനം തേടിയത് കോണ്‍ഗ്രസ് ആണെന്നാണു ഞാന്‍ വിശ്വസിക്കുന്നത്. ഒരു കാര്യം ഉറപ്പ്. അവര്‍ അവിടെ എല്ലാതരത്തിലുള്ള പ്രൊജക്ടുകളും നടപ്പാക്കിയിരുന്നു. ദേശീയതലത്തിലുള്ള പദ്ധതികളെപ്പറ്റി വ്യക്തതയില്ല. പക്ഷേ, പ്രാദേശികതലത്തില്‍ അവര്‍ പദ്ധതികള്‍ നടപ്പാക്കിയിരുന്നു.
ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ അവിടത്തെ ഒരു സംസ്ഥാനം തന്നെ ചിലപ്പോള്‍ ബ്രിട്ടനോളം വരും. പക്ഷേ, അവര്‍ക്ക് അവിടെയെല്ലാം ഓഫിസുകളുണ്ടായിരുന്നു; ജീവനക്കാരും’- വെയ്‌ലി വ്യക്തമാക്കി. ഇതുസംബന്ധിച്ച ചില രേഖകള്‍ കൈയിലുണ്ടാകാമെന്നും അതു നല്‍കാമെന്നും വെയ്‌ലി കമ്മിറ്റിയെ അറിയിച്ചു. ഈ തെളിവുകള്‍ സിഎയും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്നതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തങ്ങളുടെ ആശയങ്ങള്‍ കാംബ്രിജ് അനലിറ്റിക്കയുമായി ചേര്‍ന്നുപോവാത്തതിനാല്‍ ഇതുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഫണ്ട് നല്‍കാറില്ലെന്നും കോണ്‍ഗ്രസ് വക്താവ് ദിവ്യ സ്പന്ദന ദിവസങ്ങള്‍ക്കു മുമ്പ് മാധ്യമങ്ങള്‍ക്കു മുമ്പില്‍ വ്യക്തമാക്കിയിരുന്നു. ഫേസ്ബുക്ക് ഡാറ്റ ശേഖരിച്ച് ഡോണള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പു വിജയത്തിനു വേണ്ടി ഉപയോഗപ്പെടുത്തിയെന്ന് വെയ്‌ലിയാണ് ലോകത്തെ ആദ്യം അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിനെതിരേ നടപടിയെടുക്കുന്നതിനു മുന്നോടിയായാണ് വെയ്‌ലിയെ പാര്‍ലമെന്റിലേക്കു വിളിച്ചുവരുത്തി പ്രത്യേക സമിതി വിശദീകരണം തേടിയത്. അതേസമയം, ഫേസ്ബുക്കില്‍ നിന്നു വിശദീകരണം തേടാനും എംപിമാരുടെ സമിതി തീരുമാനിച്ചിട്ടുണ്ട്. കമ്പനി സ്ഥാപകന്‍ മാര്‍ക് സക്കര്‍ബര്‍ഗിനു പകരം സാങ്കേതികവിഭാഗം തലവനായിരിക്കും പാര്‍ലമെന്റിലെത്തുക.
ബ്രെക്‌സിറ്റ് കാംപയിനിലും 2016ലെ യുഎസ് തിരഞ്ഞെടുപ്പിലും ഉള്‍പ്പെടെ വിവിധ കമ്പനികള്‍ ഫേസ്ബുക്ക് ഡാറ്റ എങ്ങനെ ചോര്‍ത്തി ഉപയോഗപ്പെടുത്തിയെന്നതു സംബന്ധിച്ച രേഖകളും വെയ്‌ലി പാര്‍ലമെന്റ് സമിതിക്കു മുന്നില്‍ ഹാജരാക്കിയിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss