|    Jan 24 Tue, 2017 8:53 pm
FLASH NEWS

കാംപസുകളില്‍ ഉയര്‍ന്നുവരേണ്ട ചില തെറികള്‍

Published : 6th June 2016 | Posted By: SMR

slug-vettum-thiruthum”അഴകുള്ള പദങ്ങളെ ചേലില്‍ വിളക്കി
താളത്തില്‍ കവിത കൊട്ടുകയായിരുന്നു.
അപ്പോള്‍ എവിടെനിന്നോ ഒരു വാക്ക് കയറിവന്നു.
ചെമ്പന്‍ മുടി പാറിച്ച്
മൂക്കീരൊലിപ്പിച്ച്
ബട്ടണ്‍ തെറ്റിയിട്ട വലിയ ഷര്‍ട്ടിനുള്ളില്‍ വിറയ്ക്കുന്ന ഒരു നാടോടിയെന്നു തോന്നിച്ചു.”
മലയാള നവീന കവിതയില്‍ ആരും ശിരസ്സുകുലുക്കി സമ്മതിക്കുന്ന കവികളില്‍ ഒരാളാണ് വീരാന്‍കുട്ടി.
‘വിശ്വവിഖ്യാത തെറി’ എന്ന കാംപസ് മാഗസിന് ആമുഖമായി വീരാന്‍കുട്ടി കൊട്ടിയുണ്ടാക്കിയ നല്ല കവിതയുടെ ആമുഖ വരികളാണ് തുടക്കം. ‘തെറി’യുടെ കുരുത്തംകെട്ട കറുത്തകുട്ടികള്‍ മാസികയൊരുക്കുന്നതിനിടെ നിരവധി തമ്പുരാക്കന്മാരുമായി ബന്ധപ്പെട്ടു. ‘തെറി’ എന്നു കേട്ടപ്പോള്‍ തന്നെ ഉണ്ണിമാരും കുമാരന്‍മാരും പാറകളുമൊക്കെ പിള്ളേരെ ‘ശരിയാക്കാം’ എന്നു നിര്‍വാജ്യം മൊഴിഞ്ഞ് മടക്കി. കാംപസിലുമുണ്ടായി എതിര്‍പ്പിന്റെ പഞ്ചഗവ്യങ്ങള്‍. പക്ഷേ, കറുത്ത മക്കള്‍ ‘തെറി’ പ്രസിദ്ധീകരിച്ചു. എങ്ങും ബഹളങ്ങള്‍. മാസികയ്ക്ക് ചില വിദ്വാന്‍മാര്‍ തീ കൊടുത്തു. തീ കൊടുത്താല്‍ കെടുന്നതല്ല അക്ഷരം എന്ന അഗ്നി. അത് ആ വിദ്വാന്‍മാര്‍ ഇന്നോളം പഠിച്ചിട്ടില്ല. മാസിക ഇറങ്ങി. ആലങ്കാരികതകളില്ലാതെ പറയാം. ശരിക്കും പട്ടിണിയും പരിവട്ടവുമായിട്ടാണ് എഡിറ്റര്‍ ശ്രീഷമീമും മറ്റു ‘നോമാഡ്‌സും’ തെറിക്കു പിന്നില്‍ പ്രവര്‍ത്തിച്ചത്.

theriഎഴുപതുകളില്‍ ഞാനടക്കം എത്രയോ യുവത്വങ്ങള്‍ ‘തീ പിടിച്ച തല’യുമായി കേരളത്തിലങ്ങോളമിങ്ങോളം പാറിപ്പറന്നു നടന്ന കാലത്ത് ഉദിച്ച ചില ‘സ്ഫുലിംഗ’ങ്ങള്‍ പോലെ, ഇന്‍ലന്‍ഡ് മാഗസിനുകളിലെ ആടയാഭരണങ്ങളില്ലാത്ത നാലുവരികള്‍. രണ്ടു വരിയിലൊരു എഡിറ്റോറിയല്‍. ആ മഹാ സാഹസങ്ങളോടു തോള്‍പ്പൊരുത്തം പാലിക്കുന്ന ‘വിശ്വവിഖ്യാത തെറി’ വിക്ഷുബ്ധ കാംപസ് നാളുകളിലേക്ക് എന്നെ തുഴഞ്ഞു തുഴഞ്ഞു കൊണ്ടുപോയി.
”പെരുമ്പറകൊട്ടി, ത്രിശൂലങ്ങളുമേന്തി പാഞ്ഞുവരുന്നതു മാത്രമല്ല ഫാഷിസം. നാമടങ്ങുന്ന സമൂഹത്തിന്റെ വേരുകളിലൂടെ പടര്‍ന്നിറങ്ങുന്നതുകൂടിയാണ്.”
ആമുഖമായി എഡിറ്റര്‍ ഇങ്ങനെയും പറയുന്നു.
”പോരാട്ടങ്ങള്‍ പെരുമഴയായി പെയ്യുന്ന വരുംകാലങ്ങളില്‍ ചാരത്തില്‍നിന്ന് ഫീനിക്‌സ് പക്ഷിയെപ്പോലെ ഞങ്ങളുയര്‍ത്തിയ തെറികള്‍ ഉയര്‍ന്നുവരുക തന്നെ ചെയ്യും.”

കൊള്ളാം, ഓരോ പേജും നവീനമാണ്. സുന്ദരമായ തെറികളാണ്.
ഏതു കോളജിലെ പിള്ളേരാണ് ഇവ്വിധമൊരു നവീന കാംപസ് മാഗസിന്‍ ഇറക്കിയതെന്ന് ഞാന്‍ എഴുതുന്നില്ല. കാരണം, ഈ തെറിയുടെ പിന്നിലുള്ള തെമ്മാടിക്കൂട്ടങ്ങള്‍ അങ്ങനെയൊരു തുളസി പൂക്കുന്ന സവര്‍ണ മുറ്റത്ത് എങ്ങനെ ജീവിച്ചു എന്നതുതന്നെ എന്നെ അമ്പരപ്പിക്കുന്നു. ആ കലാലയത്തിന്റെ സംസ്‌കാരം ഇങ്ങനെയൊരു കരിമാഗസിന്‍ ഇറക്കാന്‍ ചെല്ലും ചെലവും നല്‍കില്ല. കാരണം, അത്രയ്ക്ക് നൊന്തും കരഞ്ഞും വയറു പിളര്‍ന്നുമാണ് ശ്രീഷമീം അടക്കമുള്ള മക്കള്‍ ‘തെറി’ പ്രസിദ്ധീകരിച്ചത്. ഒട്ടേറെ ഭീഷണികള്‍ അതിലേറെ പുലഭ്യങ്ങള്‍… കടം, എലിക്കെണികള്‍ ഒക്കെ സഹിച്ച് യുവത്വം ഇന്ത്യയിലെമ്പാടും ഉണര്‍ന്നെഴുന്നേല്‍ക്കുന്ന ഈ ആസുര നാളുകളില്‍ ഇത്തരമൊരു പുസ്തകം, ഉപയോഗിച്ച് തേയ്മാനം വന്നതും വിലകുറഞ്ഞതുമായ വാക്കുപയോഗിച്ചു പറഞ്ഞാല്‍ ‘അദ്ഭുതം’ മാത്രമാണ്.
മാഗസിന്റെ ഒടുക്കത്തെ പേജിലൊരു പ്രതിജ്ഞയുണ്ട്. അതു കണ്ടപ്പോഴാണ് ഈ മക്കളെ വാല്‍സല്യപൂര്‍വം ‘തെമ്മാടിക്കൂട്ടങ്ങള്‍’ എന്നെഴുതാന്‍ എന്റെ പേന അനങ്ങിയത്.
പ്രതിജ്ഞ കോളജിന്റെ അന്തസ്സിനും തറവാട്ടു മഹിമയ്ക്കും കളങ്കം വരുത്തുന്ന യാതൊരു പ്രവൃത്തിയും ചെയ്യുകയില്ലെന്നും…
കോളജിന്റെ രാജാക്കന്മാരായ മാനേജ്‌മെന്റിനും പ്രിന്‍സിപ്പല്‍ക്കും എച്ച്ഒഡിമാര്‍ക്കും വിപരീതമായി ഒരക്ഷരം ഉരിയാടില്ലെന്നും തദ്വാരാ ഇന്റേണല്‍ കളയില്ലെന്നും ഇതിനാല്‍ ഇങ്ങളു പറഞ്ഞ കൊറേ സ്വര്‍ണം ധരിച്ച് പൂണൂലിട്ടു രാജാവായി നില്‍ക്കുന്ന വെളുത്ത ദൈവത്തിന്റെ പേരില്‍ പ്രതിജ്ഞ ചെയ്യുന്നു.
ഒരുകാര്യം മാത്രം എനിക്കിഷ്ടമായില്ല.
‘തെറി’യുടെ വാണിജ്യസാധ്യത മനസ്സിലാക്കി ഇതു കച്ചോടം ചെയ്യാന്‍ ഒരു പ്രസാധക ഫാഷിസ്റ്റ് കോട്ടയത്തൂന്നു വന്നപ്പോള്‍ നിങ്ങളിതു വിറ്റതുമാത്രം നന്നായില്ല. ബാക്കി എല്ലാം ‘അടിപൊളി’ എന്നു മാത്രമല്ല, കലക്കി മക്കളേ… കലക്കി. തെറി എന്നാല്‍ ഇങ്ങനെ വേണം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 242 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക