|    Jul 28 Fri, 2017 6:35 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

കഹ്‌റമ വാട്ടര്‍ ടാങ്ക് ഗിന്നസ് റെക്കോര്‍ഡിനരികെ

Published : 3rd August 2016 | Posted By: SMR

ദോഹ: ഖത്തര്‍ ജനറല്‍ കോര്‍പറേഷന്‍ ഫോര്‍ വാട്ടര്‍ ആന്റ് ഇലക്ട്രിസിറ്റി(കഹ്‌റമ) നിര്‍മിക്കുന്ന ഏറ്റവും വലിയ കോണ്‍ക്രീറ്റ് വാട്ടര്‍ ടാങ്കിനെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിനായി നാമനിര്‍ദേശം ചെയ്തു. രാജ്യത്തെ അഞ്ച് പ്രദേശങ്ങളിലായി നിര്‍മിക്കുന്ന ജലസംഭരണികളില്‍ പത്ത് കോടി ഗാലന്‍ ജലസംഭരണ ശേഷിയുള്ള കോണ്‍ക്രീറ്റ് ടാങ്കാണ് ഗിന്നസ് റെക്കോര്‍ഡിനായി നാമനിര്‍ദേശം ചെയ്തിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ വാട്ടര്‍ ടാങ്കായാണ് ഇതിനെ കണക്കാക്കുന്നത്. 24 വാട്ടര്‍ ടാങ്കുകളാണ്  ഉംബറക്ക, ഉംസലാല്‍, റൗദ റാഷിദ്, ബൂനഖ്‌ല, തുമാമ എന്നിവിടങ്ങളിലായി നിര്‍മിക്കുന്നത്.
ഖത്തര്‍ ദേശീയ ദര്‍ശനരേഖ 2030നോടനുബന്ധിച്ചുള്ള ജലസുരക്ഷാ പദ്ധതിയുടെ ഭാഗമായാണ് വലിയ ജലസംഭരണികള്‍ നിര്‍മിക്കുന്നത്. ഖത്തര്‍ കമ്പനികളുമായി സഹകരിച്ച് ലോക പ്രശസ്ത കമ്പനികളാണ് വാട്ടര്‍ ടാങ്കുകളുടെ നിര്‍മാണം നടപ്പിലാക്കുന്നത്. നിര്‍മാണ പ്രവൃത്തി 60 ശതമാനം പൂര്‍ത്തിയായതായി കഹ്‌റമ ജല പദ്ധതി വിഭാഗത്തിലെ സൂപര്‍വൈസര്‍ എന്‍ജിനീയര്‍ ജബര്‍ റാഷിദ് അല്‍നഈമി പ്രാദേശിക അറബി പത്രത്തോട് വ്യക്തമാക്കി. മൂന്ന് ഘട്ടമായുള്ള പദ്ധതിയുടെ ഒന്നാം ഘട്ടം സപ്തംബറോടു കൂടി പൂര്‍ത്തിയാകും. രണ്ടാം ഘട്ടം 2018ലും മൂന്നാം ഘട്ടം 2019ലും പൂര്‍ത്തീകരിക്കും.
16,000 തൊഴിലാളികളാണ് അഞ്ച് പ്രദേശത്തെയും ജലസംഭരണികളുടെ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. അടുത്ത ഡിസംബറോടു കൂടി തൊഴിലാളികളുടെ എണ്ണം 20,000 കവിയും. 2015 ഏപ്രിലില്‍ ആരംഭിച്ച പദ്ധതിയില്‍ ഇതുവരെയായി  അഞ്ച് കോടി തൊഴില്‍ മണിക്കൂറുകള്‍ യാതൊരു അപകടവും കൂടാതെ വിജയകരമായി പൂര്‍ത്തിയായി. 1700 കോടി റിയാലാണ് പദ്ധതിയുടെ മൊത്തം ചെലവ്.
അഞ്ചിടങ്ങളില്‍ ഓരോ പ്രദേശത്തുമായി നാല് മുതല്‍ അഞ്ച് വരെ ജലസംഭരണികളാണ് നിര്‍മിക്കുന്നതെന്ന് കഹ്‌റമ ജല പദ്ധതി വിഭാഗം മേധാവി എന്‍ജിനീയര്‍ മുഹമ്മദ് സാലിം അല്‍മന്‍സൂരി വ്യക്തമാക്കി. 50 കോടി ഗാലണ്‍ ജലമാണ് 24 വാട്ടര്‍ ടാങ്കുകളിലായി ശേഖരിക്കുക. ഖത്തറില്‍ ആദ്യമായാണ് ജലസംഭരണികള്‍ക്കായി ഇത്തരത്തിലുള്ള  നൂതന സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക