|    Mar 28 Tue, 2017 1:48 am
FLASH NEWS

കസ്റ്റഡി വാഹനങ്ങള്‍ നിരത്തില്‍; പട്ടാമ്പിയില്‍ ഗതാഗതക്കുരുക്ക് രൂക്ഷം

Published : 13th July 2016 | Posted By: SMR

പട്ടാമ്പി: പോലിസ് കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ നഗരത്തിലെ റോഡരികില്‍ നിര്‍ത്തിയിടുന്നത് പട്ടാമ്പിയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു. തിരക്കേറിയ പെരുന്തല്‍മണ്ണ റോഡ് ജങ്ഷന്‍ മുതല്‍ ഗുരുവായൂര്‍ റോഡ് ജങ്ഷന്‍ വരെയുള്ള സ്ഥലങ്ങളിലാണ് ഏറ്റവും കൂടുതല്‍ ഗതാഗതകുരുക്കനുഭവപ്പെടുന്നത്. ഇതിനിടയിലാണ് പട്ടാമ്പി പോലിസ് സ്‌റ്റേഷനു മുന്നിലായി കസ്റ്റഡി വാഹനങ്ങള്‍ നിരത്തി നിര്‍ത്തിയിട്ടിരിക്കുന്നത്.
സ്‌റ്റേഷന്‍ വളപ്പില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് പിടിച്ചിട്ട വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തതിനാല്‍ സ്ഥലമില്ലാത്തത് കൊണ്ടാണ് തിരക്കേറിയ സംസ്ഥാന പാതയോരത്ത് വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതെന്നാണ് പോലിസ് പറയുന്നത്. പാലക്കാട് – പൊന്നാനി സംസ്ഥാന പാതയും നിലമ്പൂര്‍ – ഗുരുവായൂര്‍ പാതയും ഒന്നായി ലയിച്ചു ചേരുന്ന ഭാഗമാണിത്. രാവിലെ എട്ടു മുതല്‍ വൈകീട്ട് ഏഴു വരെ ഏറ്റവും തിരക്കുള്ള ഈ ഭാഗങ്ങളില്‍ മൂന്ന് ട്രാഫിക് സിഗ്നലിന് പുറമെ ട്രാഫിക് പോലിസിലെ ആറു പേരും ഏതാനും ഹോംഗാര്‍ഡുകളും കഠിനാധ്വാനം ചെയ്താണ് ഒരു പരിധി വരെയെങ്കിലും ഗതാഗത കുരുക്കഴിക്കുന്നത്.എസ്ബിടി ജങ്ഷന്‍ മുതല്‍ താലൂക്ക് ആശുപത്രി വരെയുള്ള സ്ഥലങ്ങളിലും പിടിച്ചിട്ട വാഹനങ്ങളുടെ സാനിധ്യം ഗതാഗതകുരുക്കിന് ഇടവരുത്തുന്നു. റവന്യൂ എക്‌സൈസ് പിടിച്ചെടുത്ത വാഹനങ്ങള്‍ക്ക് പുറമെ തൃത്താല പോലിസ് പിടിച്ചെടുത്ത വാഹനങ്ങള്‍ വരെ നഗരസഭാ ഓഫിസിന്റെയും ബ്ലോക്ക് ഓഫിസിന്റേയും താലൂക്ക് ആസ്ഥാന ഓഫിസ് സ്ഥിതി ചെയ്യുന്ന മിനി സിവില്‍ സ്റ്റേഷന്റേയും പ്രവേശന കവാടങ്ങള്‍ക്കരികെ നിര്‍ത്തിയിടുന്നത് പതിവാണ്.് താലൂക്ക് ഓഫിസിന്റെ ചുറ്റുമുള്ള മുറ്റത്ത് നിര്‍ത്തിയിടുന്ന വാഹനങ്ങളുടെ നീണ്ട നിര മൂലം ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും മിനി സിവില്‍ സ്റ്റേഷനിലേക്ക് പ്രവേശിക്കാന്‍ പോലും പ്രയാസമാണ്.
ഇതിന് പുറമെയാണ് ജീവനക്കാരുടേയും പൊതുജനങ്ങളുടേയും വാഹനങ്ങളും കൂടി രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെയുള്ള സമയങ്ങളില്‍ ഇവിടെ ഗതാഗതക്കുരുക്ക് വീണ്ടും രൂക്ഷമാക്കുന്നത്. റവന്യൂ – എക്‌സൈസ് – പോലിസ് – മോട്ടോര്‍ വാഹന വകുപ്പ് വാഹനങ്ങള്‍ കസ്റ്റഡിയില്‍ സൂക്ഷിക്കുന്നതിന് പട്ടാമ്പി നഗരസഭ നാല് ഏക്കര്‍ സ്ഥലം ബന്ധപ്പെട്ടവര്‍ക്ക് വിട്ടു നല്‍കിയിട്ടുണ്ടെന്നും അത് വേണ്ട പോലെ ഉപയോഗിക്കാന്‍ വകുപ്പ് മേധാവികള്‍ കര്‍ശന നിര്‍ദ്ദേശം നല്‍കാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണമായതെന്നും നഗരസഭാ ചെയര്‍മാന്‍ കെ പി ബാപ്പൂട്ടി തേജസിനോട് പറഞ്ഞു. ഉദ്യോഗസ്ഥര്‍ ഇടപെട്ട് കസ്റ്റഡി വാഹനങ്ങള്‍ നീക്കുന്നില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാന്‍ കഴിഞ്ഞ മാസം ചേര്‍ന്ന ഭരണ സമിതി യോഗം തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day