|    Jan 24 Tue, 2017 2:50 pm
FLASH NEWS

കസ്റ്റഡി മര്‍ദ്ദനം: പോലിസ് കംപ്ലയിന്റ അതോറിറ്റി ഡിജിപിക്ക് കത്ത് നല്‍കി

Published : 4th July 2016 | Posted By: SMR

കൊച്ചി: കൊച്ചിയിലെ കസ്റ്റഡി മര്‍ദ്ദനം സംബന്ധിച്ച് ഡിജിപിക്ക് പോലിസ് കംപ്ലയിന്റ അതോറിറ്റിയുടെ കത്ത്. ജനങ്ങള്‍ക്കെതിരേ അക്രമം കാണിക്കാനുള്ള ലൈസന്‍സായി കാക്കിയെ കാണരുതെന്ന് പോലിസ് കംപ്ലയിന്റ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് നാരായണക്കുറുപ്പ് അയച്ച കത്തില്‍ പറയുന്നു.
2014 ബാച്ചുകാര്‍ ക്രൂരതയ്ക്ക് പേരുകേട്ടവരാണ്. ഇത്തരം പോലിസുകാര്‍ സേനയ്ക്ക് അപമാനമാണ്. ഇവരെ ഉടന്‍ സസ്‌പെന്‍ഡ് ചെയ്യണമെന്നും അതോറിറ്റി ചെയര്‍മാന്‍ ഡിജിപിക്ക് അയച്ച കത്തില്‍ പറയുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് പ്രകൃതി വിരുദ്ധ പീഡനമാരോപിച്ച് ഹാര്‍ബര്‍ പോലിസ് ഇടക്കൊച്ചി കേളകത്ത് കെ എസ് സുരേഷ് എന്ന സ്‌കൂള്‍ ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്തത്. സ്‌റ്റേഷനില്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയായ സുരേഷിനെ നട്ടെല്ലിന് ക്ഷതമേറ്റ് നിവര്‍ന്ന് നില്‍ക്കാനാന്‍ പോലുമാവാത്ത അവസ്ഥയില്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്‌കൂള്‍ ബസ്സില്‍ ഡ്രൈവറായ സുരേഷ് ആറു വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി എന്നാരോപിച്ച് കള്ളക്കേസുണ്ടാക്കിയാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് വ്യക്തമായിട്ടുണ്ടെന്നും ജസ്റ്റിസ് നാരായണക്കുറുപ്പ് ഡിജിപിക്ക് അയച്ച കത്തില്‍ പറയുന്നു.
കുട്ടിയുടെ പിതാവും സുരേഷും തമ്മിലുള്ള ചില തര്‍ക്കങ്ങളുടെ തുടര്‍ച്ചയായാണ് പോലിസിന്റെ നടപടിയെന്നാണ് അന്വേഷണത്തില്‍ തെളിയുന്നത്. കുട്ടിയുടെ പിതാവിന്റെ അടുത്ത സുഹൃത്തായ പോലിസുകാരന്റെ താല്‍പര്യ പ്രകാരമാണ് അറസ്റ്റ് നാടകം നടത്തിയതെന്നും വ്യക്തമായിട്ടുണ്ട്. സുരേഷിന്റെ വീട്ടുകാരുടെ പരാതിയില്‍ പോലിസ് കംപ്ലയിന്റ് അതോറിറ്റി ചെയര്‍മാന്‍ ആശുപത്രിയിലെത്തി തെളിവെടുത്തു. എസ്‌ഐമാരായ ജോസഫ് സോജന്‍, പ്രകാശന്‍, കുട്ടിയുടെ പിതാവിന്റെ സുഹൃത്തായ പോലിസ് ഉദ്യോഗസ്ഥന്‍ രാജീവന്‍ എന്നിവര്‍ ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്ന് സുരേഷിന്റെ ബന്ധുക്കള്‍ പോലിസ് കംപ്ലയിന്റ് അതോറിറ്റിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. സുരേഷിനെ അറസ്റ്റ് ചെയ്ത വിവരമറിഞ്ഞ് ഭാര്യ മിനി പോലിസ് സ്‌റ്റേഷനിലെത്തുമ്പോള്‍ ഇടികൊണ്ട് മുട്ടിലിഴയുന്ന അവസ്ഥയിലായിരുന്നു സുരേഷ്. ഇവര്‍ കരഞ്ഞ് ബഹളം വച്ചതിനെ തുടര്‍ന്നാണ് സുരേഷിനെ പോലിസ് ആശുപത്രിയിലേക്ക് മാറ്റിയത്. സുരേഷ് കഠിനമായ പീഡനങ്ങള്‍ക്ക് ഇരയായിട്ടുള്ളതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
സുരേഷിന്റെ ബന്ധുക്കളുടെ പരാതിയില്‍ മട്ടാഞ്ചേരി അസിസ്സ്റ്റന്റ് കമ്മീഷണര്‍ അനിരുദ്ധന്‍ ആശുപത്രിയിലെത്തി തെളിവെടുത്തു. ഇതുസംബന്ധിച്ച റിപോര്‍ട്ട് സിറ്റി പോലിസ് കമ്മീഷണര്‍ക്ക് കൈമാറി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 45 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക