|    Sep 22 Sat, 2018 1:35 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

കസ്റ്റഡി മരണം: ആലുവ റൂറല്‍ എസ്പിയെ മാറ്റി

Published : 22nd April 2018 | Posted By: kasim kzm

തിരുവനന്തപുരം: ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ ആരോപണവിധേയനായ ആലുവ റൂറല്‍ എസ്പി എ വി ജോര്‍ജിനെ സ്ഥലം മാറ്റി. തൃശൂര്‍ പോലിസ് അക്കാദമിയിലേക്കാണ് മാറ്റം. നിലവില്‍ തൃശൂര്‍ സിറ്റി പോലിസ് കമ്മീഷണറായ രാഹുല്‍ ആര്‍ നായര്‍ക്ക് ആലുവ റൂറല്‍ എസ്പിയുടെ അധിക ചുമതല നല്‍കി. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. സ്ഥലംമാറ്റത്തിനു പ്രത്യേക കാരണമൊന്നും ഉത്തരവില്‍ പറയുന്നില്ല.
ജോര്‍ജ് മുന്‍കൈയെടുത്ത് രൂപീകരിച്ച റൂറല്‍ ടൈഗര്‍ ഫോഴ്‌സിലെ അംഗങ്ങളായിരുന്നു കൊല്ലപ്പെട്ട ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തത്. ഈ മൂന്നു പോലിസുകാരും ഇപ്പോള്‍ അറസ്റ്റിലാണ്. പ്രതികളുടെ ജാമ്യാപേക്ഷയും കോടതി തള്ളിയിരുന്നു. എന്നാല്‍, തങ്ങളെ കേസില്‍ ബലിയാടാക്കുകയാണെന്ന് മൂന്നു പേരും മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ആര്‍ടിഎഫിനു നേതൃത്വം നല്‍കിയ എ വി ജോര്‍ജിനെതിരേ നടപടി സ്വീകരിക്കാത്തതില്‍ പോലിസ് ഉദ്യോഗസ്ഥരുടെ ബന്ധുക്കളും അമര്‍ഷം രേഖപ്പെടുത്തിയിരുന്നു.
ശ്രീജിത്തിനു പോലിസ് കസ്റ്റഡിയില്‍ ക്രൂരമര്‍ദനം ഏറ്റിരുന്നതായി മെഡിക്കല്‍ റിപോര്‍ട്ടിലും വ്യക്തമായിരുന്നു. കസ്റ്റഡി മരണത്തില്‍ എ വി ജോര്‍ജിനും ടൈഗര്‍ ഫോഴ്‌സിനുമെതിരേ വലിയ വിമര്‍ശനമുയര്‍ന്നിരുന്നു. തുടര്‍ന്ന് എ വി ജോര്‍ജ് രൂപീകരിച്ച ആര്‍ടിഎഫ് സ്‌ക്വാഡ് പിരിച്ചുവിടുകയും ചെയ്തിരുന്നു. പോലിസുകാര്‍ക്കു പിന്നാലെ ശ്രീജിത്തിന്റെ മര്‍ദനത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന എസ്‌ഐ ജി എസ് ദീപകിനെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss