|    Jun 25 Mon, 2018 7:52 am
FLASH NEWS

കസ്റ്റഡിയില്‍ പീഡിപ്പിക്കപ്പെട്ട യുവാക്കള്‍ പോലിസിനെതിരേ നിയമ നടപടിക്കൊരുങ്ങുന്നു

Published : 19th October 2016 | Posted By: Abbasali tf

പത്തനംതിട്ട: നരസിംഹന്‍ എന്ന ഫേക്ക് ഐഡിയിലൂടെ അപകീര്‍ത്തികരമായ പോസ്റ്റുകളിട്ടെന്ന കേസിലെ പ്രതി താനാണെന്ന് തെളിയിക്കാന്‍ സൈബര്‍ പോലിസിനു കഴിഞ്ഞില്ലെന്നു ഷൈജു സുകുമാരന്‍ നാടാര്‍. നരസിംഹന്‍ ആരാണെന്ന് തനിക്കറിയില്ല. അതാരാണെന്ന് കണ്ടു പിടിക്കാന്‍ സൈബര്‍ പോലിസിനും കഴിഞ്ഞിട്ടില്ല. തെറ്റിദ്ധാരണയുടെ പുറത്ത് തന്നെ ബലിയാടാക്കുകയായിരുന്നു. സമൂഹമധ്യത്തില്‍ തന്നെ കൊടുംകുറ്റവാളിയായി ചിത്രീകരിച്ച സൈബര്‍ പോലിസ് ഉദ്യോഗസ്ഥര്‍ക്കും നടുറോഡില്‍ വച്ച് ക്രൂരമായി മര്‍ദിച്ച ഫിജോ ഹാരിഷ്, ഭര്‍ത്താവ് ഹാരിഷ്, സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ച ശ്രീവിജി, ഷാന്‍ പാലോടന്‍, ഷിനു മെല്‍വിന്‍ എന്നിവര്‍ക്കെതിരേയും പോലിസിലും കോടതിയിലും പരാതി നല്‍കിയിട്ടുണ്ടെന്നും ഷൈജുവും സംഭവ സമയത്ത് ഒപ്പമുണ്ടായിരുന്ന അജോ കുറ്റിക്കന്‍, അംജാദ് അടൂര്‍ എന്നിവരും പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.നരസിംഹന്‍ എന്ന ഐഡിയില്‍ നിന്ന് ഫിജോ, ഷിനു മെല്‍വിന്‍, ശ്രീവിജി, ഷാന്‍ പാലോടന്‍ എന്നിവര്‍ക്കെതിരേ നിരന്തരം പോസ്റ്റുകള്‍ വന്നിരുന്നു. അതാരെണന്ന് മനസ്സിലാക്കാന്‍ കഴിയാത്ത ഇവര്‍ പലപ്പോഴായി പലരെയും നരസിംഹമാണെന്ന് മുദ്രകുത്തി അസഭ്യം വിളിക്കുകയും ഫേസ് ബുക്കില്‍ പോസ്റ്റിടുകയും ചെയ്തിട്ടുണ്ട്. മുന്‍കലക്ടര്‍ പി സി സനല്‍കുമാറിന്റെ മകന്‍ രാഹുല്‍ ഹംബിള്‍ സനല്‍, റിജോ കുര്യാക്കോസ്, ജംഷാദ് അയൂബ് എന്നിവരെ ഇതിന് മുമ്പ് ഇവര്‍ നരസിംഹമാണെന്ന് സംശയിച്ചിരുന്നത്. ഏറ്റവുമൊടുവിലാണ് തനിക്ക് നേരെ തിരിഞ്ഞത്. തന്റെ ഫേസ് ബുക്ക് വാളില്‍ അസഭ്യവര്‍ഷം പതിവായതോടെയാണ് പ്രതികരിക്കേണ്ടി വന്നത്. തന്നെയും തന്റെ കുടുംബത്തെയും നിരന്തരം ഇവര്‍ അപമാനിച്ചു പോന്നു. സഹികെട്ടപ്പോള്‍ ഇവര്‍ക്കെതിരേ എന്റെ സ്വന്തം വാളില്‍ മറുപടി നല്‍കിയിട്ടുണ്ട്. അതു പരിധി വിട്ടിട്ടുമില്ല. നരസിംഹം എന്ന പ്രൊഫൈലില്‍ ഉപയോഗിച്ചിരിക്കുന്ന നമ്പര്‍ യുകെയില്‍ നിന്നുള്ളതാണ്. ഈ നമ്പര്‍ ഉപയോഗിച്ചാണ് ഐഡി ഓപറേറ്റ് ചെയ്തിരുന്നതും. ഇക്കാര്യം സൈബര്‍ സെല്ലിനും അറിവുള്ളതാണ്. എന്നിട്ടും കുറേ സ്ത്രീകള്‍ എനിക്കെതിരേ പരാതി നല്‍കിയതോടെ അത് ഞാന്‍ തന്നെയാണെന്ന് ഉറപ്പിക്കും വിധമാണ് പൊലീസ് നടപടി സ്വീകരിച്ചത്. തന്റെ സാന്നിധ്യത്തില്‍ ഐ.ടി വിദഗ്ധരെ വിളിച്ച് നരസിംഹം എന്ന ഐഡി തുറക്കാന്‍ പോലീസ് ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അപ്പോള്‍ എന്റെ ഐ.ഡിയുടെഅഡസ്രും പാസ്‌വേര്‍ഡും ചോദിച്ചു. അത് പറഞ്ഞു കൊടുത്തു. നരസിംഹത്തിന്റെ മെയില്‍ ഐഡിയും പാസ്‌വേര്‍ഡും ചോദിച്ചപ്പോള്‍ തനിക്കറിയാത്ത കാര്യം പറയാന്‍ കഴിയില്ലെന്നും അറിയിച്ചു. എന്റെ സ്വന്തം ഐഡി തുറന്നു നോക്കിയ കാര്യം വളച്ചൊടിച്ച് ഇവര്‍ ഫിജോയ്ക്കും കൂട്ടര്‍ക്കും, നരസിംഹം താനാണെന്ന് സമ്മതിച്ചുവെന്നും ആ പ്രൊഫൈല്‍ തുറന്നുവെന്നും പറഞ്ഞ് വിവരം നല്‍കി. അപ്പോള്‍ തന്നെ ഇവര്‍ ഈ വിവരം അവരുടെ ഫേസ്ബുക്ക് വാളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.ഇതു തന്നെ സൈബര്‍ പോലിസിന്റെ ഒത്തുകളിയും ഗൂഢാലോചനയുമാണെന്ന് ഇവര്‍ ആരോപിക്കുന്നു. കുറ്റം സമ്മതിക്കാത്ത ഞാന്‍ കുറ്റം സമ്മതിച്ചുവെന്ന രീതിയില്‍ ഇവര്‍ വാര്‍ത്ത പുറത്തേക്ക് നല്‍കിയത് ഗുരുതരമായ കൃത്യ വിലോപമാണ്. മാത്രവുമല്ല, വെറുമൊരു ആരോപണത്തിന്റെ പുറത്ത് കസ്റ്റഡിയില്‍ എടുക്കപ്പെട്ട എന്റെ വാഹനവും അതിലുണ്ടായിരുന്ന ലക്ഷക്കണക്കിനു രൂപയുടെ സാധനങ്ങളും പണവും വസ്ത്രങ്ങളും സൈബര്‍ പോലിസ് കൊണ്ടുപോയെന്നും ഇവര്‍ ആരോപിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss