|    Mar 21 Wed, 2018 8:53 am

കസ്റ്റഡിയിലായവര്‍ മര്‍ദ്ദിച്ചു; പോലിസുകാരന് ഗുരുതര പരിക്ക്

Published : 6th September 2016 | Posted By: SMR

തൊടുപുഴ: മദ്യ ലഹരിയില്‍ അമിത വേഗതയില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനു കസ്റ്റഡിയിലെടുത്ത പ്രതികള്‍ സ്റ്റേഷനില്‍ പോലിസുകാരനെ മര്‍ദിച്ചു.  ഗുരുതരമായി പരിക്കേറ്റ എഎസ്‌ഐ രാജു പി തൊടുപുഴ താലൂക്കാശുപത്രിയില്‍ ചികിത്സ തേടി.സംഭവവുമായി ബന്ധപ്പെട്ട് കഞ്ഞിക്കുഴി കല്ലുറുമ്പില്‍ ഷിബു(27),കഞ്ഞിക്കുഴി കക്കാട്ടില്‍ ആദര്‍ശ്(21) എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു.ഇന്നലെ രാജുവിനായിരുന്നു ജിഡി ചാര്‍ജ്. പ്രതികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനിടെയാണ് ആക്രമണം നടന്നത്.
മദ്യപിച്ച് അമിതവേഗതയില്‍ വാഹനമോടിച്ച്  ഭീകരാന്തരീക്ഷം സൃഷ്ടിച്ചവരെ നാട്ടുകാരാണ് പിടികൂടി പോലിസില്‍ എല്‍പ്പിച്ചിത്.ഭാഗികമായി തകര്‍ന്ന കാറിനുള്ളിലിരുന്നവര്‍ക്കും പരിക്കേറ്റു.ഇവരെ പോലിസുകാര്‍ ആശുപത്രിയിലെത്തിച്ചാണ് ചികിത്സ നല്‍കിയത്.ഇതിനിടയിലാണ് പോലിസുകാരനു ക്രൂരമായ മര്‍ദനമേറ്റത്.
നാട്ടുകാര്‍ പിടികൂടിയ സമയത്ത് നാട്ടുകാരെ ആക്രമിക്കാനും ഇവര്‍ ശ്രമിച്ചിരുന്നു.വിവരമറിഞ്ഞെത്തിയ കണ്‍ട്രോള്‍ റൂമിലെ പോലിസുകരുടെ വാഹനത്തിലാണ് ഇവരെ സ്‌റ്റേഷനിലെത്തിച്ചത്.
സ്‌റ്റേഷനില്‍ എത്തിയ ശേഷമാണ് പോലിസുകരന്റെ അടിവയറിനു പ്രതികളിലൊരാള്‍ തൊഴിച്ചത്.അപ്രതീക്ഷതമായ ആക്രമണത്തില്‍ എഎസ്‌ഐ നിലത്തു വീണു.സഹപ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് ആശുപത്രിയിലെത്തിച്ചത്.അടിവയറ്റിലേറ്റ ക്ഷതത്തെ തുടര്‍ന്ന് പോലിസുകരനു മൂത്രതടസമുള്ളതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു.ഡ്യൂട്ടിയിലുള്ള പോലിസുകാരന്റെ യൂനിഫോം വലിച്ചുകീറി ഡ്യൂട്ടി തടസപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തതുകൊണ്ട് ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്.പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.കെഎസ്ആര്‍ടിസി ബസില്‍ ഇടിപ്പിച്ചതിനും ഇവര്‍ക്കെതിരെ അധികൃതര്‍ പരാതി നല്‍കി.
ഞായറാഴ്ച വൈകിട്ട് ഏഴിനു തൊടുപുഴ ഗാന്ധി സ്‌ക്വയറിലാണ് സംഭവങ്ങളുടെ തുടക്കം.തൊടുപുഴ ധന്വന്തരിപ്പടിയില്‍ ആളെ കയറ്റാന്‍ നിര്‍ത്തിയ കെഎസ്ആര്‍ടിസി ബസിന്റെ പിന്നിലാണ് ആദ്യം കാര്‍ ഇടിച്ചത്.ഇതിനുശേഷം കാര്‍ അമിതവേഗതയില്‍ ബസിനെ ഓവര്‍ടേക്ക് ചെയ്ത് ഗാന്ധി സ്‌ക്വയറിനു സമീപം സ്‌കൂട്ടര്‍ യാത്രികനെയും ഇടിച്ചു തെറിപ്പിച്ചു.പരിക്കേറ്റ ബൈക്ക് യാത്രികനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വീണ്ടും മുന്നോട്ട് അമിതവേഗതയിലോടിക്കാന്‍ ശ്രമിച്ച വാഹനം ഓഫായി.
കാറില്‍ മൂന്നുപേര്‍ ഉണ്ടായിരുന്നു.നെറ്റിയില്‍ മുറിവേറ്റ ഒരാള്‍ ബഹളത്തിനിടെ രക്ഷപെട്ടു. ബാക്കി രണ്ടു  പേരെ തൊടുപുഴ പോലിസെത്തി കസ്റ്റഡിയിലെടുത്തു.മദ്യപിച്ച് നിലതെറ്റിയ കാര്‍ യാത്രികരെ പോലിസ് എടുത്ത് വാഹനത്തില്‍ കയറ്റുകയായിരുന്നു.സമീപത്തു നിന്നിരുന്നവര്‍ ഓടി മാറിയതുകൊണ്ടാണ് അപകടത്തില്‍ നിന്നും രക്ഷപെട്ടത്.പ്രതികളെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചതിനുശേഷം രാത്രി 8.30നാണ് സംഭവം നടക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss