|    Mar 28 Tue, 2017 1:47 pm
FLASH NEWS

കസ്റ്റഡിമര്‍ദനം: സുപ്രിംകോടതി കേന്ദ്രത്തിന്റെ വിശദീകരണം തേടി

Published : 27th September 2016 | Posted By: SMR

ന്യൂഡല്‍ഹി: കസ്റ്റഡിമര്‍ദനങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിക്കണമെന്ന ഹരജിയില്‍ സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണം തേടി. പോലിസ് കസ്റ്റഡിയിലെ മര്‍ദനങ്ങള്‍ തടയുക, അത്തരം കേസുകളില്‍പ്പെടുന്ന പോലിസുകാരെ ശിക്ഷിക്കുക എന്നീ കാര്യങ്ങള്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിക്കണമെന്ന ആവശ്യമുന്നയിച്ച് മുന്‍ കേന്ദ്രമന്ത്രി അശ്വനി കുമാര്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ടി എസ് താക്കൂറിന്റെയും ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കറിന്റെയും ബെഞ്ചാണ് സര്‍ക്കാരിന്റെ വിശദീകരണം തേടിയത്.
ഇത്തരം വിഷയങ്ങളില്‍ ഇടപെടുന്നതിനും നടപടികള്‍ സ്വീകരിക്കുന്നതിനും ദേശീയ മനുഷ്യാവകാശ കമ്മീഷന് കൂടുതല്‍ സ്വയംഭരണാധികാരം നല്‍കണമെന്നും അശ്വനി കുമാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഹരജിയില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ വിശദീകരണവും കോടതി തേടി.
മാവോവാദി സംഘടനയുമായി ബന്ധമാരോപിച്ച് അറസ്റ്റിലായ ഡല്‍ഹി സര്‍വകലാശാലാ അധ്യാപകന്‍ പ്രഫ. ജി എന്‍ സായിബാബയ്ക്കു നേരെ നടന്ന കസ്റ്റഡിമര്‍ദനങ്ങളെക്കുറിച്ച് ഹരജിയില്‍ പറയുന്നു.
കസ്റ്റഡിമര്‍ദനങ്ങളും പീഡനങ്ങളും തടയാനുള്ള നിയമത്തിന്റെ അഭാവം കാരണം 1987ലെ പീഡന വിരുദ്ധ കണ്‍വന്‍ഷന്‍ പ്രമേയത്തില്‍ ഇന്ത്യ ഒപ്പുവച്ചിരുന്നില്ല. ഭരണഘടനയിലെ 21, 51, 253 അനുച്ഛേദങ്ങള്‍ പ്രകാരം കസ്റ്റഡിമരണങ്ങള്‍ തടയുന്നതിനുള്ള സംവിധാനം കേന്ദ്രസര്‍ക്കാര്‍ ആരംഭിക്കണമെന്നും ഹരജിയില്‍ പറയുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day