|    Apr 26 Thu, 2018 3:20 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

കസ്റ്റഡിമരണങ്ങള്‍ തുടര്‍ക്കഥയാവുമ്പോള്‍

Published : 18th September 2016 | Posted By: G.A.G

അവകാശങ്ങള്‍ നിഷേധങ്ങള്‍/ അംബിക

കസ്റ്റഡിമരണങ്ങളെ കുറിച്ചു കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മയിലെത്തുക അടിയന്തരാവസ്ഥക്കാലത്ത് പോലിസ് കസ്റ്റഡിയിലെടുത്ത് കൊലചെയ്ത്, മൃതദേഹംപോലും കുടുംബത്തിന് തിരിച്ചുലഭിക്കാതെപോയ എന്‍ജിനീയറിങ് വിദ്യാര്‍ഥി രാജന്റെ കാര്യമാണ്. പോലിസിന്റെ മൂന്നാംമുറയ്‌ക്കെതിരായും കസ്റ്റഡിമരണങ്ങള്‍ക്കെതിരായും അക്കാലത്തു തുടങ്ങിയ പ്രതിഷേധങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ടെങ്കിലും നിരവധി കസ്റ്റഡി കൊലപാതകങ്ങളാണ് കേരളത്തില്‍ പിന്നീട് നടന്നിട്ടുള്ളത്. കുറ്റവാളിയാണെങ്കില്‍ പോലും നിയമം അനുശാസിക്കുന്ന പരിരക്ഷ നല്‍കാന്‍ നിയമവ്യവസ്ഥ ബാധ്യസ്ഥമാണ്. മൂന്നാംമുറയും കസ്റ്റഡിമരണവുമൊക്കെ ഇക്കാലത്തും നമ്മുടെ നിയമപാലകര്‍ നിര്‍ബാധം നടത്തിക്കൊണ്ടിരിക്കുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ദൃഷ്ടാന്തമാണ് മലപ്പുറം വണ്ടൂര്‍ പോലിസ് സ്‌റ്റേഷനിലെ കസ്റ്റഡിമരണം. ഇതുസംബന്ധിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അന്വേഷിച്ച് അടിയന്തര റിപോര്‍ട്ട് നല്‍കാന്‍ മലപ്പുറം ജില്ലാ പോലിസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ജില്ലാ കലക്ടറുമായും സംസ്ഥാന പോലിസ് മേധാവി സംസാരിച്ചിരുന്നു. തുടര്‍ന്നാണ് വണ്ടൂര്‍ സ്റ്റേഷന്‍ എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തത.്
സംഭവത്തില്‍ പോലിസിന് വീഴ്ചപറ്റിയോ എന്ന് അന്വേഷിക്കുമെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച പോലിസ് കംപ്ലെയിന്റ് അതോറിറ്റി ചെയര്‍മാന്‍ നാരായണക്കുറുപ്പ് പറയുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ഫോറന്‍സിക് സര്‍ജന്‍ ഡോ. പ്രസന്നനില്‍നിന്ന് ചെയര്‍മാന്‍ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
പോലിസ് സ്‌റ്റേഷന്റെ ശുചിമുറിയില്‍ തൂങ്ങിമരിക്കാനുള്ള സൗകര്യം എങ്ങനെ ലഭ്യമായി എന്നതിന് പോലിസ് മറുപടി കണ്ടെത്തിയേ പറ്റൂ. കസ്റ്റഡിയിലുള്ളയാളുടെ പൂര്‍ണ ഉത്തരവാദിത്തം പോലിസിനുതന്നെയാണ്. അതുകൊണ്ടുതന്നെ പോലിസിന് വീഴ്ചപറ്റിയിട്ടുണ്ട് എന്ന കാര്യത്തില്‍ സംശയമേയില്ല.
മോഷണക്കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് 50 വയസ്സുള്ള പാലക്കണ്ടി അബ്ദുല്‍ ലത്തീഫിനെ വണ്ടൂര്‍ പോലിസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചത്. താന്‍ കുറ്റക്കാരനല്ലെന്ന് ഉത്തമബോധ്യമുള്ളതുകൊണ്ട് തന്റെ നിരപരാധിത്വം പോലിസിനെ ധരിപ്പിച്ച് തിരിച്ചുവരാമെന്ന് തന്റെ കുടുംബത്തോടു പറഞ്ഞു പോയ അബ്ദുല്‍ ലത്തീഫിനു പക്ഷേ, തന്റെ വീട്ടിലേക്ക് ജീവനോടെ തിരിച്ചുവരാനായില്ല. അദ്ദേഹത്തെ കാത്തിരുന്ന കുടുംബം നിരാശ്രയരായിരിക്കുന്നു. കഴിഞ്ഞ ഞായറാഴ്ച അദ്ദേഹത്തെ കാണാനായി ചെന്ന മകനോട് കടുത്ത മര്‍ദനമാണ് തനിക്ക് പോലിസില്‍നിന്ന് ഏല്‍ക്കേണ്ടിവരുന്നതെന്നും ജീവന്‍ അപകടത്തിലാണെന്നും അതുകൊണ്ട് ഉടന്‍ ജാമ്യത്തിലിറക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യണമെന്നും പറഞ്ഞിരുന്നു. എന്നാല്‍, അതിന്റെ തൊട്ടുപിന്നാലെയാണ് സ്റ്റേഷനിലെ കുളിമുറിയിലെ വെന്റിലേറ്ററില്‍ അബ്ദുല്‍ ലത്തീഫ് തൂങ്ങിമരിച്ചു എന്ന വിവരം പോലിസ് അറിയിക്കുന്നത്. പോലിസിന്റെ കടുത്ത മര്‍ദനത്തെ തുടര്‍ന്ന് മൃതപ്രായനായ അബ്ദുല്‍ ലത്തീഫിനെ പോലിസുകാര്‍ കൊന്ന് കെട്ടിത്തൂക്കിയതാണെന്നു വീട്ടുകാര്‍ സംശയിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വീട്ടുകാര്‍ പരാതി നല്‍കി യിട്ടുണ്ട്.
വണ്ടൂര്‍ എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്ത് കേസ് ഒതുക്കാനുള്ള ശ്രമത്തിലാണ്  സംസ്ഥാന ഭരണകൂടം. കേരളത്തില്‍ നടക്കുന്ന കസ്റ്റഡിമരണങ്ങള്‍(കൊലപാതകങ്ങള്‍)ക്ക് എതിരേയുള്ള നടപടി ഏതാനും ദിവസത്തെ സസ്‌പെന്‍ഷനിലോ അല്ലെങ്കിലൊരു സ്ഥലംമാറ്റത്തിലോ ഒതുങ്ങുകയാണ് പതിവ്.
മലപ്പുറം ജില്ലയില്‍ ചെറിയ ചില പ്രതിഷേധങ്ങള്‍ ചില രാഷ്ട്രീയപ്പാര്‍ട്ടികളില്‍നിന്ന് ഉണ്ടായി എന്നതൊഴിച്ചാല്‍ മറ്റൊന്നും സംഭവിച്ചിട്ടില്ല. പിണറായി വിജയനെപ്പോലൊരു മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുമ്പോള്‍ ഇത്രയൊക്കെയെ പ്രതിഷേധം ഉയരൂ എന്നാണോ മനസ്സിലാക്കേണ്ടത്? എന്തായാലും ഇത് യുഡിഎഫ് ഭരണകാലത്താണെങ്കില്‍ മിനിമം ഈ വാര്‍ത്ത കേരളത്തില്‍ ഒരു ചര്‍ച്ചാവിഷയമെങ്കിലും ആവുമായിരുന്നു എന്നുവേണം കരുതാന്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss