|    Nov 16 Fri, 2018 1:06 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കസ്തൂരി രംഗന്‍: വീണ്ടും കരട് പുറത്തിറക്കാന്‍ നീക്കം

Published : 29th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള കസ്തൂരിരംഗന്‍ സമിതിയുടെ നിര്‍ദേശങ്ങളില്‍ വീണ്ടും കരട് റിപോര്‍ട്ട് പുറത്തിറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. അന്തിമ റിപോര്‍ട്ട് ഉടന്‍ പ്രഖ്യാപിക്കുമെന്ന വാഗ്ദാനം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് മൂന്നാമത്തെ കരട് വിജ്ഞാപനത്തിന്റെ കാലാവധി ആഗസ്ത് 26ന് അവസാനിച്ചത്. എന്നാല്‍, വീണ്ടും കരട് റിപോര്‍ട്ട് പുതുക്കി ഇറക്കാനുള്ള തിരക്കിലാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയമെന്നാണു വിവരം. ഒ
രു വര്‍ഷത്തിനുള്ളില്‍ അന്തിമ വിജ്ഞാപനം ഇറക്കാമെന്ന് ദേശീയ ഹരിത ട്രൈബ്യൂണലിന് കഴിഞ്ഞവര്‍ഷം സപ്തംബറില്‍ നല്‍കിയ ഉറപ്പിനെയും മറികടന്നാണ് ഇപ്പോള്‍ വീണ്ടും കരട് വിജ്ഞാപനം ഇറക്കാനുള്ള നീക്കം നടക്കുന്നത്. പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങള്‍ക്കായി കസ്തൂരിരംഗന്‍ സമിതി നിര്‍ദേശിച്ച വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം 2013 ഡിസംബര്‍ 20ന് പുറത്തിറക്കിയ ഓഫിസ് മെമ്മോറാണ്ടമാണ് ഇപ്പോഴും പ്രാബല്യത്തിലുള്ളത്. അന്തിമ വിജ്ഞാപനം ഇറങ്ങിയാല്‍ അല്ലാതെ ഈ സ്ഥിതിക്കു മാറ്റമുണ്ടാവില്ല. അതേസമയം കരട് വിജ്ഞാപന നിര്‍ദേശങ്ങളെ പാടേ എതിര്‍ത്തിരുന്ന കര്‍ണാടകയില്‍ ഭരണമാറ്റം ഉണ്ടായതിന് ശേഷം പുതിയ സര്‍ക്കാര്‍ നിലപാടറിയിച്ചിട്ടില്ല എന്ന ന്യായവാദവും അന്തിമ വിജ്ഞാപനം വൈകുന്നതില്‍ കേന്ദ്രം ഉന്നയിക്കുന്നുണ്ട്.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വിശദമായ പഠനം നടത്തുന്നതിനായി ഉമ്മന്‍ വി ഉമ്മനെ ചെയര്‍മാനാക്കി പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതി റിപോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. കാര്‍ഷിക മേഖലയെയും ജനവാസ കേന്ദ്രങ്ങളെയും തോട്ടം മേഖലയെയും പൂര്‍ണമായും ഒഴിവാക്കിയേ റിപോര്‍ട്ട് നടപ്പാക്കാവൂ എന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്. റിപോര്‍ട്ടിന്‍മേല്‍ അന്നു കേന്ദ്രസര്‍ക്കാരിലെ ഉദ്യോഗസ്ഥര്‍ ഉന്നയിച്ച സാങ്കേതിക തടസ്സങ്ങളിലും യുഡിഎഫ് സര്‍ക്കാര്‍ തൃപ്തികരമായ വിശദീകരണം നല്‍കിയിരുന്നു. പിന്നീട് യുപിഎ സര്‍ക്കാരിന്റെ കാലത്ത് അന്തിമ വിജ്ഞാപനം ഇറങ്ങുന്നില്ലെന്ന്് രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നപ്പോഴാണ് അന്ന് കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന സോണിയ ഗാന്ധി ശക്തമായ ഇടപെടല്‍ നടത്തി കരട് വിജ്ഞാപനം ഇറങ്ങിയത്. പിന്നീട് യുപിഎ സര്‍ക്കാരിന്റെ കരട് വിജ്ഞാപനം തന്നെയാണു തുടര്‍ന്നുവന്ന എന്‍ഡിഎ സര്‍ക്കാര്‍ പുതുക്കി ഇറക്കിയത്. രണ്ടു തവണയും ഇതു തന്നെ ആവര്‍ത്തിച്ചു. വീണ്ടും ഇതു പുതുക്കി ഇറക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss