|    Nov 20 Mon, 2017 7:00 pm
FLASH NEWS

കസ്തൂരി രംഗന്‍ റിപോര്‍ട്ട്: കൊട്ടിയൂര്‍ അക്രമക്കേസുകള്‍ പിന്‍വലിച്ചു

Published : 11th January 2017 | Posted By: fsq

 

കണ്ണൂര്‍: പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള കസ്തൂരി രംഗന്‍ കമ്മിറ്റി റിപോര്‍ട്ടിലെ പരിസ്ഥിതിലോല പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെതിരേ കൊട്ടിയൂര്‍ മേഖലയില്‍ അരങ്ങേറിയ അനിഷ്ടസംഭവങ്ങളുമായി ബന്ധപ്പെട്ട 12 കേസുകളും സര്‍ക്കാര്‍ പിന്‍വലിച്ചു. 2013 നവംബര്‍ 14,15 തിയ്യതികളില്‍ നടന്ന സംഭവങ്ങളില്‍ കേളകം പോലിസ് രജിസ്റ്റര്‍ ചെയ്ത കേസുകളാണു പിന്‍വലിച്ചത്. രാഷ്ട്രീയ സമ്മര്‍ദം ശക്തമായതിനെ തുടര്‍ന്നാണ് നടപടി. ആദ്യഘട്ടത്തില്‍ രണ്ടു കേസുകള്‍ പിന്‍വലിച്ചിരുന്നു. പേരാവൂര്‍ സിഐ വാഹനം കത്തിച്ച കേസും പോലിസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് ബൈക്ക് കത്തിച്ച കേസുമാണ് പിന്‍വലിച്ചത്. മുഴുവന്‍ കേസുകളും നിരുപാധികം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കൊട്ടിയൂര്‍ സംരക്ഷണ സമിതി ഭാരവാഹികള്‍ മുന്‍ യുഡിഎഫ് സര്‍ക്കാരിനു നിവേദനം നല്‍കിയിരുന്നു. കേസ് എഴുതിത്തള്ളുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നെങ്കിലും പാലിക്കപ്പെട്ടില്ല. പോലിസിനുമേല്‍ സമ്മര്‍ദമുണ്ടായെങ്കിലും ജില്ലാ പോലിസ് മേധാവി ഉള്‍പ്പെടെ പതിനഞ്ചോളം ഉന്നത പോലിസുകാര്‍ അക്രമത്തിനിരയായ സംഭവത്തില്‍ അന്വേഷണം നിര്‍ത്തുന്നതിനെതിരേ ആഭ്യന്തര വകുപ്പില്‍തന്നെ പ്രതിഷേധം ഉയരുകയുണ്ടായി. കണ്ടാലറിയാവുന്ന 1500ഓളം പേര്‍ക്കെതിരേയാണ് ആദ്യഘട്ടത്തില്‍ കേസെടുത്തതെങ്കിലും കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതാവട്ടെ 300ഓളം പേര്‍ക്കെതിരേ മാത്രം. സംരക്ഷണ സമിതി നേതാക്കള്‍ കഴിഞ്ഞ മാസം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കിയിരുന്നു. ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി അറിയിക്കുകയുണ്ടായി. തുടര്‍ന്നാണ് കേസുകള്‍ പിന്‍വലിക്കാന്‍ ആഭ്യന്തരവകുപ്പിന് നിര്‍ദേശം നല്‍കിയത്. കസ്തൂരി രംഗന്‍ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരിസ്ഥിതി ദുര്‍ബല പ്രദേശത്തിന്റെ പട്ടികയില്‍ ജനവാസ കേന്ദ്രമായ കൊട്ടിയൂര്‍ വില്ലേജിനെയും ഉള്‍പ്പെടുത്തിയതാണ് ജനങ്ങളെ ആശങ്കയിലാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക