|    Oct 18 Wed, 2017 9:45 am
FLASH NEWS

കസ്തൂരി രംഗന്‍ റിപോര്‍ട്ട്: മലയോര മേഖലയിലെ ജനങ്ങള്‍ വോട്ട് ബഹിഷ്‌കരിക്കാന്‍ സാധ്യത

Published : 11th May 2016 | Posted By: SMR

പാലക്കാട്: മലയോര മേഖലയിലെ ജനങ്ങള്‍ക്ക് ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുന്ന കസ്തൂരിരംഗന്‍ റിപോര്‍ട്ടിന്റെ പേരില്‍ 16ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടുബഹിഷ്‌കരിക്കാന്‍ സാധ്യത. ആലത്തൂര്‍, തരൂര്‍ മണ്ഡലങ്ങളില്‍പ്പെട്ട പാലക്കുഴി, വാണിയംപാറ, അടുക്കപ്പാറ, പനംകുറ്റി, പട്ടയമ്പാടം, കൊന്നക്കല്‍കടവ്, കോട്ടേക്കുളം, കടപ്പാറ മണ്ണാര്‍ക്കാട് മണ്ഡലത്തിലെ വിവിധ മലയോര ഭാഗങ്ങള്‍ തുടങ്ങിയ പ്രദേശങ്ങളിലെ വോട്ടര്‍മാരാണ് വോട്ട് ബഹിഷ്‌കരിക്കാന്‍ ഒരുങ്ങുന്നത്. വിവിധ രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാക്കളും സ്ഥാനാര്‍ഥികളും ഇവരെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്.
വര്‍ഷങ്ങളായി കുടിയേറി പാര്‍ക്കുന്ന ഈ മേഖലയിലെ അയ്യായിരത്തോളം വരുന്ന വോട്ടര്‍മാരാണ് കസ്തൂരിരംഗന്‍ റിപോര്‍ട്ടിന്റെ പേരില്‍ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ നിന്ന് മാറി നില്‍ക്കാന്‍ ഒരുങ്ങുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കസ്തൂരിരംഗന്‍ റിപോര്‍ട്ടിന്റെ പരിധിയില്‍പ്പെട്ട ഭാഗങ്ങളില്‍ ഭൂരിഭാഗം പേരും വോട്ടു രേഖപ്പെടുത്തിയിരുന്നില്ല.
മാത്രമല്ല ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നോട്ട വര്‍ദ്ധിക്കുകയും ചെയ്തു. ഇതിനാല്‍ ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ വോട്ടര്‍മാരെയും വോട്ടു ചെയ്യിപ്പിക്കാനുള്ള ശ്രമത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. കസ്തൂരിരംഗന്‍ റിപോര്‍ട്ടില്‍ ഉള്‍പ്പെട്ടതിനാല്‍ ഈ ഭാഗത്തെ കര്‍ഷകരും കുടിയേറി താമസിക്കുന്നവരും ഉള്‍പ്പെടെ വലിയ ഒരു വിഭാഗം കുടിയിറക്ക് ഭീഷണിയിലാണ്. ഇതുകൂടാതെ സംരക്ഷിത ഭൂമിയായി പ്രഖ്യാപിക്കുക കൂടി ചെയ്തതോടെ സ്ഥലം വില്‍ക്കാനും കഴിയാത്ത അവസ്ഥയിലാണ് ഇവിടുത്തുകാര്‍. ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് ഇതിന് പരിഹാരം കാണാമെന്ന് സാമ്പ്രദായിക രാഷ്ട്രീയ പാര്‍ട്ടികള്‍ ഇവിടുത്തുകാര്‍ക്ക് ഉറപ്പു നല്‍കിയെങ്കിലും രണ്ട് വര്‍ഷം പിന്നിട്ട് തദ്ദേശ തിരഞ്ഞെടുപ്പും മാസങ്ങള്‍ക്ക് ശേഷം നിയമസഭാ തിരഞ്ഞെടുപ്പും എത്തിയിട്ടും യാതൊരു നടപടിയും ഉണ്ടാകാത്തതാണ് വോട്ട് ബഹിഷ്‌കരിക്കല്‍ ഉള്‍പ്പെടെയുള്ള നടപടികളുമായി നീങ്ങുന്നതിന് ഇടയാക്കിയത്.
അവസാന ഘട്ടത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കവേ രൂപം കൊണ്ട പ്രതിസന്ധി മുന്നണികളുടെ വിജയ പ്രതീക്ഷകളെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പോസ്റ്റല്‍ വോട്ട് : അപേക്ഷ റിട്ടേണിങ്  ഓഫിസര്‍മാര്‍ക്ക് നല്‍കണം
പാലക്കാട്: പോസ്റ്റല്‍ വോട്ടിനുള്ള അപേക്ഷകള്‍ അതത് ഉദ്യോഗസ്ഥര്‍ തപാല്‍ മുഖേന അയക്കണമെന്നും അപേക്ഷകള്‍ ഓരോന്നായോ ഒരുമിച്ചോ കലക്ടറേറ്റില്‍ നേരിട്ട് സ്വീകരിക്കുന്നതല്ലെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി അറിയിച്ചു.
പോസ്റ്റല്‍ വോട്ടുകള്‍ സ്വീകരിക്കുന്നത് സംബന്ധിച്ച നിരവധി പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഈ നിര്‍ദേശം.
ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ടുകള്‍ രേഖപ്പെടുത്താനുള്ള അവസരം ഉറപ്പാക്കാന്‍ ബന്ധപ്പെട്ട ഓഫിസ് മേധാവികള്‍ ശ്രദ്ധിക്കണമെന്നും ഇക്കാര്യത്തില്‍ അലംഭാവമുണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക