|    Dec 17 Mon, 2018 10:16 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

കസ്തൂരിരംഗന്‍: വികസന പ്രവര്‍ത്തനത്തിനുള്ള തടസ്സം നീങ്ങും

Published : 8th December 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: കസ്തൂരിരംഗന്‍ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ 5ാം വകുപ്പ് ഉപയോഗിച്ച് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം 2013 നവംബര്‍ 13ന് പുറത്തിറക്കിയ നിരോധന ഉത്തരവ് ഭേദഗതി ചെയ്തു.
ഇതോടെ റിപോര്‍ട്ടിന്റെ പരിധിയില്‍ വരുന്ന മേഖലകളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള തടസ്സം നീങ്ങും. നിര്‍മാണസാമഗ്രികളുടെ ദൗര്‍ലഭ്യവും പരിഹരിക്കപ്പെടും. ഇടുക്കി മെഡിക്കല്‍ കോളജിന് ഇതോടെ പാരിസ്ഥിതിക അനുമതി ലഭിക്കാനുള്ള സാധ്യതയും വര്‍ധിച്ചു. യുഡിഎഫ് സര്‍ക്കാര്‍ കസ്തൂരിരംഗന്‍ റിപോര്‍ട്ട് അംഗീകരിച്ചപ്പോള്‍ പരിസ്ഥിതി ദുര്‍ബലപ്രദേശമായി കണ്ടെത്തിയിരുന്ന മുഴുവന്‍ സ്ഥലവും ഇഎസ്എ പ്രഖ്യാപിച്ച് നിരോധനങ്ങള്‍ ഏര്‍പ്പെടുത്തുകയായിരുന്നു. 1986ലെ പരിസ്ഥിതി സംരക്ഷണ നിയമം 5ാം വകുപ്പുപ്രകാരം നിരോധനങ്ങള്‍ ഏര്‍പ്പെടുത്തിയാണ് 2013 നവംബര്‍ 13ന് ഉത്തരവുണ്ടായത്.
ഇതിനെതിരേ അതിരൂക്ഷമായ പ്രക്ഷോഭം മലയോര മേഖലയിലാകെ ഉയര്‍ന്നുവന്നതോടെ 2014 മാര്‍ച്ച് 10ന് കരടുവിജ്ഞാപനം ഇറക്കി. കരടുവിജ്ഞാപനം ഇറക്കിയപ്പോഴും മുഴുവന്‍ വില്ലേജുകളിലും നവംബര്‍ 13ലെ ഉത്തരവിലെ നിരോധനങ്ങള്‍ നിലനിര്‍ത്തിയിരുന്നു. കസ്തൂരിരംഗന്‍ റിപോര്‍ട്ടില്‍ അന്തിമ വിജ്ഞാപനം ഇറക്കണമെന്ന് ആവശ്യപ്പെട്ട്, വനത്തില്‍ മാത്രമായി ഇഎസ്എ നിജപ്പെടുത്തിക്കൊണ്ടുള്ള മന്ത്രിസഭാ തീരുമാനം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിരുന്നു.
കേരളത്തിലെ വനപ്രദേശത്തു മാത്രമായി 8,656 ചതുരശ്ര കിലോമീറ്ററില്‍ ഇഎസ്എ നിജപ്പെടുത്തി ശാസ്ത്രീയവും സമഗ്രവുമായി കേരള സര്‍ക്കാര്‍ തയ്യാറാക്കിയ റിപോര്‍ട്ടും ഭൂപടവും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനു നല്‍കുകയായിരുന്നു. കേന്ദ്രസര്‍ക്കാര്‍ തത്ത്വത്തില്‍ ഈ റിപോര്‍ട്ട് അംഗീകരിച്ച് അന്തിമ വിജ്ഞാപനം ഇറക്കുന്നതിന് തയ്യാറായിരിക്കെയാണ് കേരളത്തില്‍ പ്രളയമുണ്ടാവുന്നത്. ഇതേത്തുടര്‍ന്ന് ലഭിച്ച ഹരജിയുടെ അടിസ്ഥാനത്തില്‍ ഇഎസ്എ വിസ്തൃതി കുറയ്ക്കരുതെന്ന് ഗ്രീന്‍ ട്രൈബ്യൂണല്‍ ഉത്തരവ് പുറപ്പെടുവിച്ചു.
പ്രളയാനന്തരമുള്ള പുനര്‍നിര്‍മാണത്തിന് നിരോധന ഉത്തരവ് മാറ്റിത്തരണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും കേന്ദ്രത്തെ സമീപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം 2013 നവംബര്‍ 13ലെ ഉത്തരവിലെ 5ാം വകുപ്പ് ഭേദഗതി ചെയ്ത് ഉത്തരവിറക്കിയത്. 2013 നവംബര്‍ 13ലെ ഉത്തരവിലെ 5ാം ഖണ്ഡികയില്‍ ഇഎസ്എ വിസ്തൃതി 59,904 ചതുരശ്ര കിലോമീറ്ററാണ്. ഇത് കേരളത്തിന്റെ ആവശ്യവും റിപോര്‍ട്ടും പരിഗണിച്ച് 56,825 ചതുരശ്ര കിലോമീറ്ററായി ഇപ്പോള്‍ കുറച്ചു. ഇതുമൂലം നവംബര്‍ 13ലെ നിരോധന ഉത്തരവിന്റെ വ്യാപ്തി കരടു വിജ്ഞാപനത്തില്‍ പരാമര്‍ശിച്ചിട്ടുള്ള 56,825 ചതുരശ്ര കിലോമീറ്ററില്‍ മാത്രമായി ചുരുങ്ങി. ഇതോടെ ജനവാസകേന്ദ്രങ്ങളും കൃഷിസ്ഥലങ്ങളും തോട്ടങ്ങളും പൂര്‍ണമായും ഇഎസ്എ പരിധിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. വകുപ്പ് ഭേദഗതി ചെയ്തുനല്‍കണമെന്ന് ആവശ്യപ്പെട്ട് ജോയ്‌സ് ജോര്‍ജ് എംപി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തെ സമീപിച്ചിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss