|    Mar 20 Tue, 2018 11:46 am
FLASH NEWS

കസ്തൂരിരംഗന്‍ റിപോര്‍ട്ട്; യുഡിഎഫ് നടത്തുന്നത് അജ്ഞതയുടെ മൊത്തവ്യാപാരം: അഡ്വ. ജോയ്‌സ് ജോര്‍ജ് എംപി

Published : 24th October 2016 | Posted By: SMR

തൊടുപുഴ: കസ്തൂരിരംഗന്‍ വിഷയത്തില്‍ അജ്ഞതയുടെ മൊത്തവ്യാപാരമാണ് യുഡിഎഫ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും അര്‍ത്ഥമില്ലാത്ത ജല്‍പനങ്ങള്‍ നടത്തി വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാടുകളായി മാറുകയാണെന്നും അഡ്വ. ജോയ്‌സ് ജോര്‍ജ് എംപി ചെറുതോണിയില്‍ പറഞ്ഞു.യുഡിഎഫിന് മറവി രോഗമുണ്ടെങ്കിലും ഇടുക്കിയിലെ ജനങ്ങള്‍ക്ക് അതില്ല. ജയറാം രമേശിന്റെ നേതൃത്വത്തില്‍ നടന്ന അന്തര്‍ദേശീയ ഗൂഢാലോചനയുടെ ഭാഗമായി പരിസ്ഥിതി സംരക്ഷണത്തിന്റെ മറവില്‍ കുടിയേറ്റ ജനതയെ പിറന്ന മണ്ണില്‍ അന്യവല്‍ക്കരിക്കാന്‍ നടത്തിയ നീക്കങ്ങള്‍ കര്‍ഷക ജനത മറന്നു എന്ന് ധരിക്കരുത്. ജയറാം രമേശിന്റെ വലയില്‍ കണ്ണികളായി കസ്തൂരിരംഗന്‍ റിപോര്‍ട്ട് നടപ്പിലാക്കണമെന്ന് വാശിയോടെ നിലകൊണ്ടവര്‍ കോണ്‍ഗ്രസ്സുകാര്‍ തന്നെയാണ്.2013 നവംബര്‍ 13ലെ ഉത്തരവിലൂടെ ഇടുക്കിയിലെ 47 വില്ലേജുകളും ഇഎസ്എ ആയി പ്രഖ്യാപിച്ചത് കേരളത്തില്‍ നിന്ന് കോണ്‍ഗ്രസ്സിന്റെ ഏഴ് മന്ത്രിമാരുണ്ടായിരുന്ന കേന്ദ്ര സര്‍ക്കാരാണ്. യുപിഎ സര്‍ക്കാരിന്റെ നടപടികളെ പിന്തുണയ്ക്കുന്ന രീതിയിലാണ് യുഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്ത് പോയവര്‍ഷങ്ങളില്‍ പ്രവര്‍ത്തിച്ചത്. ഗോവ സര്‍ക്കാര്‍ അവരുടെ സംസ്ഥാനത്തെ 81 വില്ലേജുകള്‍ ഇഎസ്എയില്‍ നിന്ന് മാറ്റിയെടുക്കാന്‍ കാണിച്ച ആര്‍ജ്ജവും ഇച്ഛാശക്തിയും യുഡിഎഫ് സര്‍ക്കാരിന് ഇല്ലാതെ പോയതിന് മറുപടി പറയേണ്ടവര്‍ ഇപ്പോള്‍ മലര്‍ന്ന് കിടന്ന് തുപ്പുകയാണ്. കോട്ടയം ജില്ലയിലെ നാല് വില്ലേജുകള്‍ ഇഎസ്എയില്‍ നിന്ന് മാറ്റിയെടുക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ മന്ത്രിസഭ തീരുമാനിച്ചപ്പോള്‍ നാവിന് അവധി നല്‍കിയ ഇടുക്കിയിലെ യുഡിഎഫ് നേതൃത്വം ആരോ തെറ്റിദ്ധരിപ്പിച്ച് നല്‍കുന്ന വിവരക്കേടിന്റെ അടിസ്ഥാനത്തില്‍ പ്രസ്ഥാവനകളിറക്കുകയാണ്. കള്ളം എത്രനാള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചാലും ജനമനസ്സുകളില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട യുഡിഎഫിന് അവര്‍ സ്വീകരിച്ച കര്‍ഷക വിരുദ്ധ നിലപാടുകളുടെ പാപക്കറ എത്ര ശ്രമിച്ചാലും കഴുകിമാറ്റാന്‍ കഴിയില്ലെന്നും എംപി പറഞ്ഞു.ഇടതുപക്ഷ സര്‍ക്കാരില്‍ ഇക്കാര്യത്തില്‍ വലിയ പ്രതീക്ഷയാണുള്ളത്. എന്നാല്‍ ഉദ്യോഗസ്ഥ നിയന്ത്രണത്തില്‍ റിപോര്‍ട്ടുകള്‍ നല്‍കാന്‍ കാലതാമസമുണ്ടായാല്‍ വിട്ടുവിഴ്ചയില്ലാത്ത നിലപാടുകളുമായി പോരാട്ട ഭൂമിയില്‍ നിലകൊള്ളുമെന്നും അഡ്വ. ജോയ്‌സ് ജോര്‍ജ് എംപി പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss