|    Apr 26 Wed, 2017 5:38 am
FLASH NEWS

കസ്തൂരിരംഗന്‍ റിപോര്‍ട്ട്: നയംമാറ്റമില്ലെന്ന് വനംമന്ത്രി; യുഡിഎഫ് നിലപാട് തുടരും

Published : 21st October 2016 | Posted By: SMR

തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപോര്‍ട്ടിലെ പരിസ്ഥിതിലോല പ്രദേശങ്ങള്‍ സംബന്ധിച്ച് മുന്‍ യുഡിഎഫ് സര്‍ക്കാരെടുത്ത നയങ്ങള്‍ എല്‍ഡിഎഫും തുടരുമെന്ന് വനംമന്ത്രി കെ രാജുവും നിയമമന്ത്രി എ കെ ബാലനും നിയമസഭയില്‍ വ്യക്തമാക്കി.
കസ്തൂരിരംഗന്‍ റിപോര്‍ട്ടിന്മേല്‍ കേന്ദ്രസര്‍ക്കാര്‍ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാനിരിക്കെ കോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം സംസ്ഥാനത്തിന് തിരിച്ചടിയാവുമെന്ന് ചൂണ്ടിക്കാട്ടിയുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു ഇരുവരും. കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത് സര്‍ക്കാരല്ലെന്നും അസസ്‌മെന്റ് അതോറിറ്റിയാണെന്നും വനംമന്ത്രി പറഞ്ഞു.
എന്നാല്‍ ചീഫ് സെക്രട്ടറി ഒന്നാംകക്ഷിയായാണ് സത്യവാങ്മൂലം സമര്‍പ്പിച്ചതെന്ന് പ്രതിപക്ഷാംഗം സണ്ണി ജോസഫ് നോട്ടീസില്‍ ചൂണ്ടിക്കാട്ടി. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നിയമസഭ ഐകകണ്‌ഠ്യേന പാസാക്കിയ പ്രമേയത്തിലെ പൊതുനിലപാട് തന്നെയാണ് എല്‍ഡിഎഫ് സര്‍ക്കാരിനുമുള്ളതെന്ന് വനംമന്ത്രി പറഞ്ഞു. സ്വകാര്യ ക്വാറിയുടമ നല്‍കിയ കേസിലാണ് അസസ്‌മെന്റ് അതോറിറ്റി സത്യവാങ്മൂലം സമര്‍പ്പിച്ചത്. ഇതുമൂലം കേരളത്തിനോ കര്‍ഷകര്‍ക്കോ യാതൊരു ആശങ്കയും വേണ്ടതില്ല. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരോ ട്രൈബ്യൂണലോ അന്തിമതീരുമാനം എടുത്തിട്ടുമില്ല. 2014ലെ വിജ്ഞാപനത്തില്‍ നിന്ന് കാര്‍ഷികമേഖലയെ ഒഴിവാക്കണമെന്നു തന്നെയാണ് സര്‍ക്കാരിന്റെ നയമെന്നും മന്ത്രി അറിയിച്ചു.
അതേസമയം, സര്‍ക്കാര്‍ സമര്‍പ്പിച്ച തെറ്റായ സത്യവാങ്മൂലം പിന്‍വലിച്ച് പുതിയത് സമര്‍പ്പിക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. നേരത്തേ കേരളം ശക്തമായ നിലപാട് അറിയിച്ചപ്പോള്‍ അതിന്മേലുള്ള പരാതി നല്‍കാന്‍ യുപിഎ സര്‍ക്കാര്‍ ഒരുവര്‍ഷം സമയം നല്‍കി. ഇതിനിടെ തിരഞ്ഞെടുപ്പ് വന്നതിനാലാണ് അന്തിമ വിജ്ഞാപനം ഇറങ്ങാതിരുന്നത്. പിന്നീട് വന്ന എന്‍ഡിഎ സര്‍ക്കാരും പഴയ വിജ്ഞാപനം തുടരാനാണ് തീരുമാനിച്ചത്. എന്നാല്‍, ഇതിനിടെ സംസ്ഥാനം സമര്‍പ്പിച്ച സത്യവാങ്മൂലം ആശയക്കുഴപ്പമുണ്ടാക്കുന്നതാണ്. ഈ സത്യവാങ്മൂലം കേരളത്തിനു തിരിച്ചടിയാവുമെന്നും പുതിയത് നല്‍കുകയാണ് അനിവാര്യമെന്നും ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി. കേരളത്തിലെ 123 വില്ലേജുകള്‍ പരിസ്ഥിതിലോല പ്രദേശമാണെന്നാണ് അസസ്‌മെന്റ് അതോറിറ്റി നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടുള്ളതെന്ന് മന്ത്രി കെ രാജു വ്യക്തമാക്കി.
കസ്തൂരിരംഗന്‍ റിപോര്‍ട്ടിന്റെ പേരില്‍ ജനങ്ങളെ ആരെയും ഒഴിപ്പിക്കില്ല. കാര്‍ഷികമേഖലയ്ക്ക് ആശങ്ക വേണ്ടെന്നും എന്നാല്‍, ക്വാറികളുടെ കാര്യത്തില്‍ ആലോചിച്ച് തീരുമാനമെടുക്കാമെന്നും കേന്ദ്രമന്ത്രി അറിയിച്ചിട്ടുണ്ട്. ഇടുക്കിയില്‍ ഹര്‍ത്താല്‍ നടത്തി കര്‍ഷകരില്‍ തെറ്റിദ്ധാരണ പരത്താനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും മന്ത്രി ആരോപിച്ചു. എല്‍ഡിഎഫ് ഭരിക്കുന്നിടത്തോളം ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് മന്ത്രി എ കെ ബാലനും പറഞ്ഞു.
മന്ത്രിമാരുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചു. തുടര്‍ന്ന് സംസാരിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല യുഡിഎഫ് നയം പിന്തുടരാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്തു. സ്വകാര്യവ്യക്തി നല്‍കിയ കേസിന്മേല്‍ ഇത്തരമൊരു സത്യവാങ്മൂലം നല്‍കാനിടയായത് ഗൗരവത്തോടെ കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day