|    Oct 22 Mon, 2018 6:34 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

കസ്തൂരിരംഗന്‍ റിപോര്‍ട്ട് : അന്തിമ വിജ്ഞാപനം ഒരു വര്‍ഷത്തിനകം

Published : 9th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: കസ്തൂരിരംഗന്‍ റിപോര്‍ട്ടില്‍ അന്തിമ വിജ്ഞാപനം ഒരുവര്‍ഷത്തിനകം ഉണ്ടാവുമെന്ന് കേന്ദ്രസര്‍ക്കാര്‍ ദേശീയ ഹരിത ട്രൈബ്യൂണലിനെ അറിയിച്ചു. മലബാര്‍ റീജ്യനല്‍ സ്‌മോള്‍ ക്രഷര്‍ കോ-ഓഡിനേഷന്‍ കമ്മിറ്റി നല്‍കിയ ഹരജി പരിഗണിക്കവെ ജസ്റ്റിസ് സ്വതന്ത്രകുമാറിന്റെ ബെഞ്ച് മുമ്പാകെയാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. ആറുമാസത്തിനുള്ളില്‍ അന്തിമ വിജ്ഞാപനം ഇറക്കുമെന്നു കേന്ദ്രം നേരത്തേ അറിയിച്ചിരുന്നെങ്കിലും അതുണ്ടായില്ലെന്നും വീണ്ടും വീണ്ടും വിജ്ഞാപനം പുതുക്കുകയാണ് ചെയ്തതെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാര്‍ ട്രൈബ്യൂണലിനെ സമീപിച്ചത്. എന്നാല്‍, ഈ വര്‍ഷം മാര്‍ച്ചില്‍ പുതുക്കിയ വിജ്ഞാപനത്തിന്റെ കാലാവധി 540 ദിവസമാണെന്നും എന്നാലും ഒരുവര്‍ഷത്തിനുള്ളില്‍ അന്തിമ വിജ്ഞാപനം പുറത്തിറക്കുമെന്നും വനം-പരിസ്ഥിതി മന്ത്രാലയം ട്രൈബ്യൂണലിനെ അറിയിച്ചു. വിജ്ഞാപനത്തിന്റെ കാലാവധി അവസാനിക്കുന്നതിന് 180 ദിവസം മുമ്പു തന്നെ അന്തിമ വിജ്ഞാപനം ഇറക്കുമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാടില്‍ സംതൃപ്തി രേഖപ്പെടുത്തിയ ജസ്റ്റിസ് സ്വതന്ത്രകുമാര്‍, അപ്പോള്‍ നിങ്ങള്‍ക്കു കാലാവധി കുറയ്ക്കാനും കഴിയുമല്ലേയെന്ന് ആരായുകയും ചെയ്തു. അന്തിമ വിജ്ഞാപനം അല്‍പ്പം നേരത്തേ ഇറക്കാമെന്ന് സര്‍ക്കാര്‍ നിലപാടെടുത്തതോടെ ഹരജി തീര്‍പ്പാക്കിയതായി ഹരിത ട്രൈബ്യൂണല്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss