|    Apr 20 Fri, 2018 2:39 pm
FLASH NEWS

കസ്തൂരിരംഗന്‍ റിപോര്‍ട്ട്; കൃഷിയിടങ്ങളും തോട്ടങ്ങളും ഇഎസ്എയില്‍ നിന്ന് മാറ്റാതെ പിന്തിരിയില്ല

Published : 25th November 2015 | Posted By: SMR

ചെറുതോണി: ജില്ലയിലെ 47 വില്ലേജുകളും ഇ.എസ്.എയില്‍ നിന്നും മാറ്റാതെ സമരം അവസാനിപ്പിക്കില്ലെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി . കൃഷിയിടങ്ങളും ജനവാസകേന്ദ്രങ്ങളും തോട്ടങ്ങളും പരിസ്ഥിതി ലോല പട്ടികയില്‍ നിന്നും ഒഴിവാക്കണം. ഇക്കാര്യത്തില്‍ വിട്ടു വീഴ്ച്ച ചെയ്യുന്ന പ്രശ്‌നമില്ല .ഏതെല്ലാം വിധത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായാലും എതിര്‍പ്പും ഭീഷണിയും ഉണ്ടായാലും പിന്മാറില്ല.
കര്‍ഷകരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുംവരെ പോരാട്ടം തുടരുമെന്നും ഹൈറേഞ്ച് സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍ പറഞ്ഞു. ചെറുതോണിയില്‍ നടന്ന ഉപവാസ സത്യാഗ്രഹ സമരത്തിന്റെ ഉദ്ഘാടനയോഗത്തില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. കോട്ടയം ജില്ലയിലെ 4 വില്ലേജുകള്‍ ഒഴിവാക്കിയ ഭരണാധികാരികള്‍ ഇടുക്കിയിലെ കൃഷിക്കാരെ അവഗണിച്ചതിനെതിരെയുള്ള പ്രതിഷേധം ശക്തമാക്കും. സമരം ആരംഭിച്ചിട്ടേയുള്ളു ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ടു പോകും. വിജയം വരെയും സമരരംഗത്തു നിന്നു മാറില്ല. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ അന്തിമ വിജ്ഞാപനം വരാന്‍ ഇനി ദിവസങ്ങള്‍ മാത്രമേയുള്ളു സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം.
1993ലെ ഭൂമിപതിവ് ചട്ടമനുസരിച്ച് നല്കിയ പട്ടയസ്ഥലം വനപ്രദേശമാണെന്ന ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലം പിന്‍വലിക്കുക, ഇ.എഫ്.എല്‍ നിയമം പിന്‍വലിക്കുക, പട്ടയത്തിലെ ഉപാധികള്‍ ഒഴിവാക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചാണ് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ഉപവാസ സത്യാഗ്രഹം അനുഷ്ഠിച്ചത്. 2005 മുതല്‍ ഹൈറേഞ്ച് സംരക്ഷണ സമിതി സമരരംഗത്താണ്. പ്രശ്‌നം പരിഹരിക്കാതെ സമര രംഗത്തു നിന്ന് മാറില്ലെന്നും ഫാ. കൊച്ചുപുരയ്ക്കല്‍ പറഞ്ഞു. സമിതിയുടെ പ്രാദേശികഘടകങ്ങളിലൂടെ തിരഞ്ഞെടുക്കപ്പെട്ട 42 ജനപ്രതിനിധികളും സമരത്തില്‍ നിരാഹാരമനുഷ്ഠിച്ചു. ജനപ്രതിനിധികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആയിരത്തോളം പേര്‍ സത്യാഗ്രഹമിരുന്നു. പാലക്കാട് ജില്ലയില്‍ കാര്‍ഷിക പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ദേശീയ കര്‍ഷകസമാജം സെക്രട്ടറി മുതലംകോട് മണി ഉപവാസ സമരം ഉദ്ഘാടനം ചെയ്തു.
അഡ്വ. ജോയ്‌സ് ജോര്‍ജ് എം.പി, ദി പീപ്പിള്‍ സംഘടനയുടെ ചീഫ് കോര്‍ഡിനേറ്റര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍, ഇന്‍ഫാം ദേശീയ സെക്രട്ടറി ഫാ. ജോസ് മോനിപ്പിള്ളി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ നോബിള്‍ ജോസഫ്, ലിസമ്മ സാജന്‍, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാലി ജോളി, മരിയാപുരം പഞ്ചായത്ത് പ്രസിഡന്റ് ഡോളി ജോസ്, ഇന്‍ഫാം ദേശീയ വൈസ് ചെയര്‍മാന്‍ മൊയ്തീന്‍ ഹാജി, ഹൈറേഞ്ച് സംരക്ഷണ സമിതി രക്ഷാധികാരികളായ ആര്‍ മണിക്കുട്ടന്‍, കെ.കെ മോഹനന്‍, മൗലവി മുഹമ്മദ് റഫീഖ് അല്‍ ഖൗസരി, കെ.കെ. ദേവസ്യ, വൈദീകര്‍, ജനപ്രതിനിധികള്‍ സംസാരിച്ചു. ഇടുക്കി രൂപതാ വികാരി ജനറാള്‍ മോണ്‍. ഫാ. ജെയിംസ് മംഗലശ്ശേരി സമാപന പ്രസംഗം നടത്തി. രാവിലെ 10 ന് ആരംഭിച്ച ഉപവാസ സത്യഗ്രഹം വൈകീട്ട് നാലിന് സമാപിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss