|    Jan 23 Mon, 2017 2:15 pm
FLASH NEWS

കസേര കാക്കാന്‍ എന്‍ എ നെല്ലിക്കുന്ന്; വിള്ളല്‍ വീഴ്ത്താന്‍ അമീനും തന്ത്രിയും

Published : 25th April 2016 | Posted By: SMR

കാസര്‍കോട്: എന്നും യുഡിഎഫിനോടൊപ്പം നിന്നിട്ടുള്ള കാസര്‍കോട് മണ്ഡലം നിലനിര്‍ത്താന്‍ യുഡിഎഫും വിള്ളല്‍ വീഴ്ത്താന്‍ എല്‍ഡിഎഫും ബിജെപിയും. സിറ്റിങ് എംഎല്‍എ എന്‍ എ നെല്ലിക്കുന്ന് രണ്ടാം അങ്കത്തിനിറങ്ങിയ മണ്ഡലത്തില്‍ എല്‍ഡിഎഫ്-ഐഎന്‍എല്‍ സ്ഥാനാര്‍ഥിയായി ഡോ. എ എ അമീനും എന്‍ഡിഎ സ്ഥാനാര്‍ഥിയായി രവീശ തന്ത്രി കുണ്ടാറുമാണ് മാറ്റുരയ്ക്കുന്നത്.
1987 ന് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ഈ മണ്ഡലത്തില്‍ ബിജെപിയാണ് രണ്ടാം സ്ഥാനത്തുള്ളത്. മൂന്ന് പതിറ്റാണ്ടിലേറെ മുസ്‌ലിം ലീഗിലെ സി ടി അഹമ്മദലിയെ വിജയിപ്പിച്ച മണ്ഡലമാണിത്. 2011ല്‍ ഐഎന്‍എല്‍ വിട്ട് ലീഗിലെത്തിയ എന്‍ എ നെല്ലിക്കുന്നിനാണ് പാര്‍ട്ടി ടിക്കറ്റ് നല്‍കിയത്. 9,738 വോട്ടുകള്‍ക്ക് എതിര്‍ സ്ഥാനാര്‍ഥി ബിജെപിയിലെ ജയലക്ഷ്മി എന്‍ ഭട്ടിനെ പരാജയപ്പെടുത്തിയാണ് എന്‍ എ നെല്ലിക്കുന്ന് വിജയിച്ചത്. എല്‍ ഡിഎഫ്-ഐഎന്‍എല്‍ സ്ഥാനാര്‍ഥി അസീസ് കടപ്പുറം മൂന്നാം സ്ഥാനത്തായിരുന്നു. എസ്ഡിപിഐയിലെ എ എച്ച് മുനീറിന് 1260 വോട്ടുകള്‍ ലഭിച്ചിരുന്നു.
കുടിവെള്ള പ്രശ്‌നം തന്നെയാണ് തിരഞ്ഞെടുപ്പിലെ പ്രചാരണായുധം. നഗരസഭയിലെയും പരിസര പഞ്ചായത്തുകളിലേയും ജനങ്ങള്‍ക്ക് വേനല്‍കാലത്ത് വിതരണം ചെയ്യുന്നത് ഉപ്പ് കലര്‍ന്ന വെള്ളമാണ്.
ഇതിന് പരിഹാരമായി ക്രോസ് ബാര്‍ കം ബ്രിഡ്ജ് നിര്‍മിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും കരാറുകാര്‍ വിവിധ ഘട്ടങ്ങളില്‍ നിര്‍മാണ പ്രവൃത്തി ആരംഭിച്ച് ബില്‍ വാങ്ങി നിര്‍മാണം പാതിവഴിയില്‍ ഉപേക്ഷിക്കുകയാണ് പതിവ്. ഇത്തവണയും വാട്ടര്‍ അതോറിറ്റി ജനങ്ങള്‍ക്ക് കുടിക്കാന്‍ നല്‍കുന്നത് ഉപ്പ് കലര്‍ന്ന വെള്ളമാണ്. പദ്ധതി പ്രദേശം ഉദുമ മണ്ഡലത്തിലാണെന്ന് എംഎല്‍എ പറയുന്നു. നിര്‍ദ്ദിഷ്ട കാസര്‍കോട് മെഡിക്കല്‍ കോളജ്, കാസര്‍കോട് ഹാര്‍ബര്‍, നിര്‍ധനര്‍ക്കും രോഗികള്‍ക്കും വിധവകള്‍ക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ധനസഹായം പരമാവധി എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു.
എല്‍ഡിഎഫ് ഐഎന്‍എല്ലിന് നല്‍കിയ മണ്ഡലത്തില്‍ ജില്ലയില്‍ നിന്നുള്ള നേതാക്കള്‍ മല്‍സരിക്കാന്‍ തയ്യാറായില്ല. പിന്നീട് സംസ്ഥാന നേതൃത്വം ഇടപെട്ട് കൊല്ലം ജില്ലയില്‍ നിന്നുള്ള ഡോ.എ എ അമീനെ സ്ഥാനാര്‍ഥിയാക്കുകയായിരുന്നു. ബിജെപി ജില്ലാ കമ്മിറ്റി ശുപാര്‍ശ ചെയ്ത ലിസ്റ്റുകള്‍ തള്ളിയാണ് തീവ്ര ഹിന്ദു ത്വ നിലപാട് സ്വീകരിക്കുന്ന ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് രവീശ തന്തി കുണ്ടാറിനെ സ്ഥാനാര്‍ഥിയാക്കിയത്. ഇത് ബിജെപിയില്‍ ശക്തമായ ചേരിതിരിവിന് കാരണമായിട്ടുണ്ട്. ബിജെപി സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് പോലും പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫിസില്‍ നിന്നും മാറ്റിയിരുന്നു. സ്ഥാനാര്‍ഥികള്‍ ഒന്നിലേറേ തവണ മണ്ഡലത്തില്‍ പ്രചാരണം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
യുഡിഎഫിന് വേണ്ടി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ഇ ടി മുഹമ്മദ് ബഷീര്‍, കെ പി എ മജീദ് എന്നിവര്‍ പ്രചാരണത്തിന് എത്തിയിരുന്നു. മുഖ്യമന്ത്രി നാളെ ചെര്‍ക്കളയില്‍ തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംബന്ധിക്കും. ബിജെപിക്ക് വേണ്ടി നടന്‍ സുരേഷ് ഗോപിയും പ്രചാരണത്തിനെത്തിയിരുന്നു. കേന്ദ്ര-സംസ്ഥാന നേതാക്കളും മന്ത്രിമാരും വരും ദിവസങ്ങളില്‍ മണ്ഡലത്തില്‍ പ്രചരണത്തിനെത്തും. ഉറച്ച കോട്ടയില്‍ ഭൂരിപക്ഷം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ്. എന്നാല്‍ ഇതിനെ പ്രതിരോധിക്കാനുള്ള തന്ത്രവുമായി എല്‍ഡിഎഫും ബിജെപിയും ശക്തമായ പ്രചാരണത്തിലാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 86 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക