|    Mar 21 Wed, 2018 12:58 pm
Home   >  Todays Paper  >  page 7  >  

കശ്മീര്‍: ഹുര്‍രിയത്തിനെതിരേ രാജ്‌നാഥ് സിങ്

Published : 6th September 2016 | Posted By: SMR

ശ്രീനഗര്‍: സംഘര്‍ഷബാധിത കശ്മീരില്‍ സന്ദര്‍ശനത്തിനെത്തിയ സര്‍വകക്ഷി സംഘത്തിന് മുന്നില്‍ വാതില്‍ കൊട്ടിയടച്ച ഹുര്‍രിയത്തിന്റെ നടപടിക്കെതിരേ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. ഹൂര്‍രിയത്ത് കശ്മീരിയതയ്‌ക്കോ മാനവികതയ്‌ക്കോ വില കല്‍പ്പിക്കുന്നില്ലെന്നാണ് ഇത് തെളിയിക്കുന്നതെന്ന് സര്‍വകക്ഷി പ്രതിനിധി സംഘത്തിന് നേതൃത്വം നല്‍കുന്ന രാജ്‌നാഥ് സിങ് ആരോപിച്ചു.
ജമ്മുകശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്നതില്‍ അഭിപ്രായ വ്യത്യാസമില്ല. അത് ഇന്ത്യയുടെ ഭാഗമായി തുടരും. വിഘടനവാദികളോട് ചിലര്‍ ചര്‍ച്ചയ്ക്ക് ശ്രമിച്ചപ്പോള്‍ അവര്‍ മുഖം തിരിച്ചുവെങ്കില്‍ അതിനര്‍ഥം അവര്‍ മാനവികതയിലും കശ്മീരിയത്തിലും ജനാധിപത്യത്തിലും വിശ്വസിക്കുന്നില്ലെന്നാണ്. ചിലര്‍ വ്യക്തിപരമായ തീരുമാനമെടുത്താണ് ഹുര്‍രിയത് നേതാക്കളെ അങ്ങോട്ടുപോയി കാണാന്‍ ശ്രമിച്ചത്. അവരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച മെഹബൂബ മുഫ്തിയുടെ തീരുമാനം അവരുടേത് മാത്രമാണെന്നും രാജ്‌നാഥ് പറഞ്ഞു.
കശ്മീരില്‍ സമാധാനം ആഗ്രഹിക്കുന്ന ആരുമായും ചര്‍ച്ചയ്ക്കു തയ്യാറാണ്. ചര്‍ച്ചകള്‍ക്കായി തങ്ങളുടെ വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ടിരിക്കുകയാണെന്നും രാജ്‌നാഥ് പറഞ്ഞു. പ്രക്ഷോഭകര്‍ക്കെതിരേ ഇനി മുതല്‍ ലോഹ ഉണ്ടകള്‍ പ്രയോഗിക്കില്ലെന്നും പകരം പാവ ഷെല്ലുകളാവും ഉപയോഗിക്കുകയെന്നും രാജ്‌നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.
രണ്ട് മാസത്തോളമായി സംഘര്‍ഷം തുടരുന്ന കശ്മീരില്‍ പ്രശ്‌നപരിഹാരം തേടി 28 അംഗ പ്രതിനിധി സംഘം ശനിയാഴ്ചയാണ് പര്യടനം തുടങ്ങിയത്. രണ്ടു ദിവസങ്ങളിലായി 300ഓളം പേരുമായി സംഘം കൂടിക്കാഴ്ച നടത്തി. സന്ദര്‍ശനം പൂര്‍ത്തിയാക്കി സംഘം ഇന്നലെ മടങ്ങി.
അതേസമയം, ഉപാധിരഹിത ചര്‍ച്ചയ്ക്ക് ഹുര്‍രിയത്ത് കോണ്‍ഫറന്‍സ് തയ്യാറാവണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി ആവശ്യപ്പെട്ടു. വിഘടനവാദികള്‍ പാക് ഹൈക്കമ്മീഷണറെ മാത്രം കൂടിക്കാഴ്ചയ്ക്ക് തിരഞ്ഞെടുക്കരുതെന്നു കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു. ആഗ്രഹിച്ച ഫലം ലഭിച്ചില്ലെങ്കിലും സന്ദര്‍ശനം ഫലപ്രദമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കശ്മീരി പണ്ഡിറ്റുകളെ പ്രതിനിധീകരിക്കുന്ന പാനുന്‍ കശ്മീര്‍ സര്‍വകക്ഷി പ്രതിനിധികളുമായുള്ള കൂടിക്കാഴ്ച ബഹിഷ്‌കരിച്ചു. ചര്‍ച്ച കണ്ണില്‍പൊടിയിടാനുള്ള തന്ത്രമാണെന്നു പാനുന്‍ കശ്മീര്‍ ആരോപിച്ചു.
അതിനിടെ, കശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നും പ്രതിഷേധക്കാരും സുരക്ഷാസൈന്യംവും തമ്മില്‍ ഏറ്റുമുട്ടി. ശ്രീനഗറിലെ ഏഴു പോലിസ് സ്‌റ്റേഷന്‍ പരിധികളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. മുഖ്യമന്ത്രി മഹബൂബ മുഫ്തി കൊല്ലപ്പെട്ട ചിലരുടെ വസതികള്‍ സന്ദര്‍ശിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss