|    Oct 17 Tue, 2017 5:32 am
FLASH NEWS
Home   >  National   >  

കശ്മീര്‍: സൈന്യത്തിനെതിരേ ആംനസ്റ്റി

Published : 14th September 2016 | Posted By: Navas Ali kn

main-qimg-27066e85dfdded5bc903b25052c89658-c

ജമ്മു കശ്മീരില്‍ പ്രക്ഷോഭകരെ നേരിടാന്‍ സൈന്യം എകാധിപത്യവും അമിത ബലപ്രയോഗവും നടത്തുകയാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷനല്‍. സൈന്യത്തിന്റെ നടപടി താഴ്്‌വരയില്‍ മനുഷ്യാവകാശങ്ങള്‍ അപകടത്തിലാക്കിയിരിക്കുകയാണെന്നും ഇത് അന്താരാഷ്ട്രപ്രമാണങ്ങളുടെ ലംഘനമാണെന്നും ആംനസ്റ്റി ഇന്റര്‍നാഷനല്‍ ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആകാര്‍ പട്ടേല്‍ പറഞ്ഞു. ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ സൈന്യം കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ് കഴിഞ്ഞ ജൂലൈ എട്ടിന് കശ്മീരില്‍ സംഘര്‍ഷം തുടങ്ങിയത്. ഇതുവരെ രണ്ടു സുരക്ഷാസൈനികരടക്കം 81 പേര്‍ സംഘര്‍ഷത്തില്‍ മരിച്ചു. പ്രക്ഷോഭകരില്‍ ചിലര്‍ സൈന്യത്തിനു നേരെ കല്ലെറിയുകയും പോലിസ്‌സ്‌റ്റേഷനുകളും സര്‍ക്കാര്‍ കെട്ടിടങ്ങളും ആക്രമിക്കുകയും ചെയ്തു. പ്രക്ഷോഭകരെ നേരിടാന്‍ സുരക്ഷാസൈന്യം കണ്ണീര്‍വാതകഷെല്ലുകളും ലോഹ ഉണ്ടകളും പ്രയോഗിക്കുകയാണ്. ഏറ്റവും ഒടുവില്‍ ഈ മാസം 10ന് ലോഹ ഉണ്ടയേറ്റ് ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. ലോഹ ഉണ്ടയേറ്റ് ഇതുവരെ ആറു പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് കാഴ്ച നഷ്ടപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ട്. വളരെ അപൂര്‍വം സന്ദര്‍ഭങ്ങളില്‍ മാത്രമേ ലോഹ ഉണ്ട പ്രയോഗിക്കാറുള്ളൂവെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ സപ്തംബറില്‍ മാത്രം ലോഹ ഉണ്ടയേറ്റ് നൂറോളം പേര്‍ ശ്രീനഗര്‍ ആസ്പത്രിയിലെത്തിയിട്ടുണ്ട്. സമാധാനപരമായി പ്രക്ഷോഭം നടത്തുന്നവര്‍ക്കും വഴിയേ പോവുന്നവര്‍ക്കും ഇതുമൂലം പരിക്കേറ്റിട്ടുണ്ട്. പട്ടേല്‍ ചൂണ്ടിക്കാട്ടി. ലോഹ ഉണ്ട പ്രയോഗം നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തങ്ങളുടെ കൃത്യനിര്‍വഹണത്തിന് തടസ്സമുണ്ടാവുമ്പോള്‍ അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ ക്രമസമാധാനപാലനത്തിന് ബലം പ്രയോഗിക്കാന്‍ പാടുള്ളൂവെന്നാണ് ഐക്യരാഷ്ട്രസഭയുടെ പെരുമാറ്റച്ചട്ടത്തില്‍ പറയുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. ലോഹ ഉണ്ടയ്ക്ക് (പെല്ലറ്റ്) പകരം ഉപയോഗിക്കാന്‍ നിര്‍ദേശിക്കപ്പെട്ട പാവ (മുളക്) ഷെല്ലുകളും അപകടമാണെന്നും അത് മനുഷ്യരുടെ കണ്ണുകളെയും ശ്വസനനാളിയേയും ബാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക