|    Dec 17 Mon, 2018 7:12 am
FLASH NEWS
Home   >  Editpage  >  Lead Article  >  

കശ്മീര്‍ സര്‍ക്കസ്: ചില പ്രായോഗിക പാഠങ്ങള്‍

Published : 25th November 2018 | Posted By: kasim kzm

നാട്ടുകാര്യം – കുന്നത്തൂര്‍ രാധാകൃഷ്ണന്‍
ശബരിമലയിലെ നാമജപ മല്‍സരവും കേന്ദ്രത്തില്‍ പൊന്നുവിളയിക്കുന്ന തമിഴ് മന്നാഡിയാര്‍ രാധാകൃഷ്ണനും യതീഷ്ചന്ദ്ര ഐപിഎസും തമ്മില്‍ നടന്ന രേവതി പട്ടത്താനത്തെ അനുസ്മരിപ്പിക്കുന്ന സംവാദവും കണ്ടുമടുത്ത കോരന്‍ എന്ന മാധ്യമവിശാരദന്‍ അലഞ്ഞുതിരിഞ്ഞ് എത്തിപ്പെട്ടത് മഞ്ഞുവീഴുന്ന കശ്മീര്‍ താഴ്‌വരയിലാണ്.
കോരന് മനസ്സില്‍ കവിത വന്നു. ഒറ്റവരിയില്‍ ഇങ്ങനെ പാടുകയും ചെയ്തു: ”പതയുന്ന തുഷാരം, തണുക്കുന്ന കാശ്മീരം.” ദാലില്‍ എത്തിയ സ്ഥിതിക്ക് ചുറ്റുമൊരു വിഗഹവീക്ഷണം നടത്തി. അപ്പോഴുണ്ട് ഗൃഹനൗകയ്ക്കരികില്‍ വലയുമായി ഒരാള്‍ നില്‍ക്കുന്നു. കോരന് ആളെ പിടികിട്ടി. പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ് സജ്ജാദ് ലോണാണ് കക്ഷി. ലോണ്‍ ചില്ലറക്കാരനല്ല. പഴയ വിപ്ലവകാരിയാണ്. നിയമസഭയാണു വിപ്ലവത്തിനു കൂടുതല്‍ നല്ലതെന്നു തോന്നിയതിനാല്‍ പഴയ എകെ 47 റൈഫിളുകളെല്ലാം കുഴിച്ചുമൂടി. നിയമസഭാ മാമാങ്കത്തില്‍ മല്‍സരിച്ചു ജയിച്ചു. കൂട്ടിനു വേറൊരുത്തനെയും കിട്ടി. ഇനി മുഖ്യമന്ത്രിയാവണം. കാവിപ്പട പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതുപോര. ഭൂരിപക്ഷം തികയ്ക്കണമെങ്കില്‍ വലിയ ചാക്കുകള്‍ തന്നെ വേണ്ടിവരും. അതിനു വലയുമായി ഇവിടെ നിന്നിട്ട് എന്തുകാര്യമെന്നു കോരന്‍ ഉറക്കെ ചോദിച്ചുപോയി. അതുകേട്ട ഒരു വഴിപോക്കന്‍ ഇപ്രകാരം മൊഴിഞ്ഞു: ”ചില പിഡിപി എംഎല്‍എമാര്‍ ദാല്‍ തടാകത്തില്‍ വിനോദയാത്ര പോയിട്ടുണ്ട്. അവര്‍ ഒന്നടങ്കം തന്റെ നൈലോണ്‍ വലയില്‍ വീഴുമെന്നു ലോണ്‍ കരുതുന്നു.”
ചില കണക്കുകൂട്ടലുകള്‍ നടത്തിയപ്പോള്‍ കശ്മീര്‍ രാഷ്ട്രീയസര്‍ക്കസ് കോരനു മുന്നില്‍ അനാവൃതമായി. ഷെര്‍ലക്‌ഹോംസിന്റെ ചുവടുപിടിച്ച് ചങ്ങായ് അന്വേഷണത്തിന്റെ ശൃംഖല വ്യാപിപ്പിച്ചു. കോരന്‍ എത്തിച്ചേരുന്ന നിഗമനങ്ങളാണ് കഥാരൂപത്തില്‍ ഇനി പറയുന്നത്.
ഗവര്‍ണര്‍ സത്യപാല്‍ മാലിക് പേരു സൂചിപ്പിക്കുന്നതുപോലെ സത്യസന്ധനാണ്. കേന്ദ്രത്തിന്റെ അരുമയും കണ്ണിലുണ്ണിയുമാണ്. ഉണ്ട ചോറിനു നന്ദി കാണിക്കണം എന്ന പക്ഷക്കാരനുമാണ്. അതുകൊണ്ട് കേന്ദ്രന്റെ അഭീഷ്ടപ്രകാരം നിയമസഭ പിരിച്ചുവിട്ടു എന്നു കരുതുന്നുവെങ്കില്‍ നിങ്ങള്‍ പമ്പരവിഡ്ഢിയാണ്. കുതിരക്കച്ചവടം അനുവദിക്കാന്‍ ഒരു ഗവര്‍ണര്‍ക്കും സാധ്യമല്ല. ജനാധിപത്യത്തില്‍ കുതിരക്കച്ചവടത്തിനു സ്ഥാനമില്ല. പിഡിപി നേതാവ് മെഹബൂബ മുഫ്തി വേഷപ്രച്ഛന്നയായി രണ്ടു കുതിരകളെ തെളിച്ചുകൊണ്ടു നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ലയുടെ വസതിയിലേക്കു പോയത് ഗവര്‍ണറുടെ ചാരന്‍മാര്‍ നേരിട്ടു കണ്ടതാണ്. ഇപ്പോഴത്തെ കളി കാര്യമായാല്‍ ആ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാന്‍ രാജ്ഭവന്‍ മടിക്കില്ല. കുതിരകളെ വില്‍ക്കാനല്ലെങ്കില്‍ ആ യാത്ര എന്തിനായിരുന്നുവെന്നു പ്രതിപക്ഷം പറയണം.
ബദ്ധവൈരികളായ മെഹബൂബയും ഉമര്‍ അബ്ദുല്ലയും നന്നേ മെലിഞ്ഞുപോയ കാംഗ്രസ്സിനെ കെട്ടിപ്പിടിച്ചത് ഗവര്‍ണര്‍ ഭരണം അട്ടിമറിക്കാനായിക്കൂടേ? സമാധാനം പുലരുന്ന കശ്മീരില്‍ ഭരണം ഇവരുടെ കൈയിലെത്തിയാല്‍ എന്തൊക്കെ സംഭവിച്ചുകൂടാ. അതിനാല്‍ ഗവര്‍ണര്‍ ഇപ്രകാരം പറഞ്ഞുവെന്നാണു ശ്രുതി: ”പിഡിപി-നാഷനല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് കൂട്ടുകക്ഷി ഭരണപ്പൂതി കുട്ട്യേട്ടന്റെ പീടികയില്‍ മതി. ഞാനിതാ നിയമസഭ പിരിച്ചുവിടുന്നു.”
ഇക്കഥയൊന്നുമറിയാതെ ലോണ്‍ എന്ന മഹാനുഭാവന്‍ ദാല്‍ തടാകക്കരയില്‍ വലയുമായി ഇപ്പോഴും നില്‍ക്കുന്നുണ്ടത്രേ. നിയമസഭ പിരിച്ചുവിടുന്നതിന് ആധാരമായ ഗവര്‍ണറുടെ നിഗമനങ്ങള്‍ കോരന്‍ ചോര്‍ത്തിയിട്ടുണ്ട്.
കേന്ദ്രത്തിന്റെ അരുമയാണെങ്കിലും ലോണിനു ലോണെടുത്താലും ഭൂരിപക്ഷ എണ്ണം തികയ്ക്കാനാവില്ല. പിഡിപി-നാഷനല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് സഖ്യത്തിനു ഭൂരിപക്ഷമുണ്ടാവാമെങ്കിലും ആ കൂട്ടുകെട്ട് അവിശുദ്ധമാണ്. കശ്മീരിനു ഹാനികരമാണ്. വാണിയംകുളം ചന്തയെ തോല്‍പിക്കുന്ന കുതിരക്കച്ചവടം അനുവദിക്കുക ഗവര്‍ണര്‍ക്കു സാധ്യമല്ല.
കോരന്‍ ഗവര്‍ണര്‍ക്ക് ഇ-മെയില്‍ സന്ദേശമയച്ചു: ”അപ്പോള്‍ മുതിരയും മോരും പോലെ ചേരാതിരിക്കുന്ന പിഡിപി-ബിജെപി സഖ്യം കശ്മീര്‍ ഭരിച്ചതിന്റെ പൊരുളെന്ത് ഏമാനേ?”
ശഠേന്ന് ഗവര്‍ണറുടെ മറുപടിയും വന്നു: ”അന്നു ഞാനായിരുന്നില്ല ഗവര്‍ണര്‍. ആയിരുന്നുവെങ്കില്‍ ആ പൂതി യാഥാര്‍ഥ്യമാവില്ലായിരുന്നു. അതു കുട്ട്യേട്ടന്റെ പീടികയില്‍ തന്നെ മരവിക്കുമായിരുന്നു.”
കോരന്‍ ചിരിച്ചുചിരിച്ച് മണ്ണുതിന്നു. പിന്നെ ആത്മഗതം ചെയ്തു: ”ഗവര്‍ണറായാല്‍ ഇങ്ങനെയിരിക്കണം.”
സംഗതിയുടെ കിടപ്പ് അതല്ല. പിഡിപി-നാഷനല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് സഖ്യത്തിനു പിന്നില്‍ പാകിസ്താനാണെന്നു രാംമാധവ് എന്ന സംഘിമാമന്‍ കണ്ടെത്തിയിട്ടുണ്ട്. ഒരു ഐഎസ്‌ഐ ചാരനാണ് ഇക്കാര്യം മാധവനെ അറിയിച്ചത്. അത് ഐഎസ്‌ഐ ചാരനല്ലെന്നും വെറും ചോരനാണെന്നും കണ്ടെത്തിയതിനാല്‍ പ്രസ്താവന മാധവന്‍ പിന്‍വലിച്ചിട്ടുണ്ട്. അത്രയും പോരേ?

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss