|    Dec 12 Wed, 2018 8:11 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

കശ്മീര്‍: സഭ പിരിച്ചുവിട്ടു

Published : 22nd November 2018 | Posted By: kasim kzm

ശ്രീനഗര്‍: രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുന്ന ജമ്മുകശ്മീരില്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് നിയമസഭ പിരിച്ചുവിട്ടു. കോണ്‍ഗ്രസ്സിന്റെയും നാഷനല്‍ കോണ്‍ഫറന്‍സിന്റെയും (എന്‍സി) പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരണത്തിനു പിഡിപി അധ്യക്ഷ മെഹ്ബൂബ മുഫ്തി അവകാശവാദം ഉന്നയിച്ചതിനു പിന്നാലെയാണ് ഗവര്‍ണറുടെ അപ്രതീക്ഷിത നടപടി.
ജമ്മുകശ്മീര്‍ ഭരണഘടനയിലെ ബന്ധപ്പെട്ട വകുപ്പു പ്രകാരം സഭ പിരിച്ചുവിടുന്നതായി ഗവര്‍ണര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പിഡിപി-ബിജെപി സഖ്യം തകര്‍ന്നതിനെ തുടര്‍ന്ന് ജൂണ്‍ 19നാണ് ജമ്മുകശ്മീരില്‍ ഗവര്‍ണര്‍ഭരണം പ്രഖ്യാപിച്ചത്. രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കു പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള അവസരം നല്‍കുന്നതിന് നിയമസഭ മരവിപ്പിച്ചുനിര്‍ത്തുകയും ചെയ്തിരുന്നു. ഗവര്‍ണര്‍ഭരണം ഡിസംബര്‍ 18ന് അവസാനിക്കാനിരിക്കെ പ്രഖ്യാപിച്ച തീരുമാനം സംസ്ഥാനത്തെ വീണ്ടും കേന്ദ്രഭരണത്തിനു കീഴിലാക്കും.
പിഡിപിയെ പിളര്‍ത്തി സര്‍ക്കാരുണ്ടാക്കാന്‍ ബിജെപി ശ്രമിക്കുന്നതിനിടെ ബദ്ധവൈരിയായ നാഷനല്‍ കോണ്‍ഫറന്‍സുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാന്‍ പിഡിപി സന്നദ്ധമായിരുന്നു. 15 അംഗങ്ങളുള്ള നാഷനല്‍ കോണ്‍ഫറന്‍സിന്റെയും 12 അംഗങ്ങളുള്ള കോണ്‍ഗ്രസ്സിന്റെയും പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് 28 എംഎല്‍എമാരുള്ള തന്റെ പാര്‍ട്ടി സന്നദ്ധമാണെന്ന് അറിയിച്ച് പിഡിപി അധ്യക്ഷ മെഹ്ബൂബ മുഫ്തി ഗവര്‍ണര്‍ക്ക് കത്തെഴുതിയിരുന്നു. 25 എംഎല്‍എമാരുള്ള ബിജെപിയുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ച് പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ് സജ്ജാദ് ലോണും രംഗത്തെത്തിയിരുന്നു.
അതിനു പിന്നാലെയാണ് ഗവര്‍ണറുടെ നടപടി. നിയമസഭ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട ജമ്മുകശ്മീര്‍ ഗവര്‍ണറുടെ റിപോര്‍ട്ട് ലഭിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
കേന്ദ്ര നിര്‍ദേശപ്രകാരം ഗവര്‍ണര്‍ സ്വീകരിച്ച നടപടി ജനാധിപത്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് കോണ്‍ഗ്രസ്, പിഡിപി നേതാക്കള്‍ ആരോപിച്ചു.
നേരത്തേ, പിഡിപിയും നാഷനല്‍ കോണ്‍ഫറന്‍സും (എന്‍സി) തമ്മില്‍ സര്‍ക്കാര്‍ രൂപീകരണത്തിനു ധാരണയിലെത്തിയതായും സഖ്യത്തിനു കോണ്‍ഗ്രസും പിന്തുണ നല്‍കുമെന്നും മുതിര്‍ന്ന പിഡിപി നേതാവ് അല്‍താഫ് ബുഖാരി അറിയിച്ചിരുന്നു. ഇക്കാര്യം അവകാശപ്പെട്ട് ഇന്നു ഗവര്‍ണറെ കാണുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
89 അംഗ നിയമസഭയിലെ 60ഓളം എംഎല്‍എമാര്‍ നിര്‍ദിഷ്ട സഖ്യത്തെ പിന്തുണയ്ക്കുന്നതായും വ്യവസായിയില്‍ നിന്ന് രാഷ്ട്രീയക്കാരനായി മാറിയ അല്‍താഫ് ബുഖാരി അവകാശപ്പെട്ടു. അല്‍താഫ് ബുഖാരി മുഖ്യമന്ത്രിയായേക്കുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിനു പിന്നാലെ ബിജെപിയും പിഡിപിയും ചേര്‍ന്ന് സഖ്യസര്‍ക്കാര്‍ രൂപീകരിച്ചത് ദേശീയതലത്തില്‍ ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍, അധികം വൈകാതെ അഭിപ്രായഭിന്നതകളെ തുടര്‍ന്ന് സഖ്യം പിരിയുകയായിരുന്നു. പിന്നീട് ബിജെപിയുടെ ആവശ്യപ്രകാരമാണ് ഗവര്‍ണര്‍ഭരണം ഏര്‍പ്പെടുത്തിയത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss