|    May 23 Tue, 2017 4:28 pm
FLASH NEWS

കശ്മീര്‍ സംഘര്‍ഷങ്ങളില്‍ മരണം 49 ആയി; കര്‍ഫ്യൂ തുടരുന്നു

Published : 1st August 2016 | Posted By: SMR

ശ്രീനഗര്‍: ഗുരുതര പരിക്കുകളോടെ ചികില്‍സയിലായിരുന്ന ഒരു കൗമാരക്കാരന്‍കൂടി മരണത്തിന് കീഴടങ്ങിയതോടെ ആഴ്ചകളായി തുടരുന്ന കശ്മീര്‍ സംഘര്‍ഷങ്ങളില്‍ മരിച്ചവരുടെ എണ്ണം 49 ആയി. ഹിസ്ബുല്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ വധത്തിനു പിന്നാലെ വടക്കന്‍ കശ്മീരിലെ ബാരാമുല്ലയിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ് എസ്‌കെഐഎംഎസ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഇശ്ഫാഖ് അഹ്മ്മദ് ധര്‍ (17)ആണ് ഇന്നലെ മരിച്ചത്.
അതേസമയം, താഴ്‌വരയുടെ ചില ഭാഗങ്ങളില്‍ നിരോധനാജ്ഞയും ബാക്കിയിടങ്ങളില്‍ നിയന്ത്രണവും തുടരുന്നുണ്ട്. വേനല്‍ക്കാല തലസ്ഥാനമായ ശ്രീനഗറിലെ അഞ്ചു പോലിസ് സ്‌റ്റേഷന്‍ പരിധിയിലും അനന്ത്‌നാഗ്, പുല്‍വാമ, സോഫിയാന്‍ എന്നീ പട്ടണങ്ങളിലും ബാരാമുല്ലയുടെ ചില ഭാഗങ്ങളിലുമാണ് നിരോധനാജ്ഞ തുടരുന്നത്. താഴ്‌വരയില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള വിലക്ക് തുടരുന്നുണ്ടെങ്കിലും എല്ലാ നെറ്റ്‌വര്‍ക്കുകളുടെയും പോസ്റ്റ്‌പെയ്ഡ് കണക്ഷനുകളുടെയും സേവനം പുനസ്ഥാപിച്ചു. പ്രി പെയ്ഡ് കണക്ഷനുകളുടെ ഇന്‍കമിങ് കോള്‍ സേവനത്തിനുള്ള വിലക്കും നീക്കിയിട്ടുണ്ട്.
അതേസമയം, കശ്മീര്‍ സംഘടനകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് തുടരുന്നതിനിടെ തുടര്‍ച്ചയായ 23ാം ദിവസവും കശ്മീരിലെ ജനജീവിതം സ്തംഭിച്ചു. പണിമുടക്ക് ഈ മാസം അഞ്ചുവരെ നീട്ടിയിട്ടുണ്ട്. വെള്ളിയാഴ്ച ഹസ്‌റത്ത് ബാല്‍ പള്ളിയിലേക്ക് മാര്‍ച്ച് നടത്താനും ആഹ്വാനം ചെയ്തിട്ടുണ്ട്. അതിനിടെ,  ശ്രീനഗറിലെ മെഡിക്കല്‍ പരീക്ഷാകേന്ദ്രം സന്ദര്‍ശിക്കാനെത്തിയ ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിക്കെതിരേ രക്ഷിതാക്കളുടെ പ്രതിഷേധം. തുടര്‍ന്നു സന്ദര്‍ശനം റദ്ദാക്കി മുഖ്യമന്ത്രി മടങ്ങി. വിവിധയിടങ്ങളിലായി ബോര്‍ഡ് ഓഫ് പ്രഫഷനല്‍ എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ബിഒപിഇഇ) നടത്തിയ മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശനപ്പരീക്ഷകളുടെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ശ്രീനഗറിലെ  മൗലാനാ ആസാദ് റോഡിലെ വനിതാ കോളജ് സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് മെഹബൂബയ്‌ക്കെതിരേ രക്ഷിതാക്കളുടെ രോഷം അണപൊട്ടിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day