|    Mar 23 Thu, 2017 9:56 am
FLASH NEWS

കശ്മീര്‍ സംഘര്‍ഷം: 80 ശതമാനം പേര്‍ക്കും പൂര്‍ണമായ കാഴ്ച കിട്ടില്ലെന്ന് വിദഗ്ധ സംഘം

Published : 16th July 2016 | Posted By: SMR

insha

ശ്രീനഗര്‍: ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് തെരുവിലിറങ്ങിയവരെ നേരിടാന്‍ സുരക്ഷാസൈന്യം നടത്തിയ വെടിവയ്പില്‍ ലോഹച്ചീളുകളേറ്റ് കണ്ണിനു പരിക്കേറ്റവരില്‍ 80 ശതമാനം പേര്‍ക്കും പൂര്‍ണമായ കാഴ്ച തിരിച്ചുകിട്ടുകയില്ലെന്ന് എയിംസിലെ ഡോക്ടര്‍മാര്‍.
കണ്ണിനു പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ പരിശോധിക്കാന്‍ ഡല്‍ഹി അഖിലേന്ത്യാ മെഡിക്കല്‍ സയന്‍സസ് ഇന്‍സ്റ്റിറ്റിയൂട്ടിലെ (എയിംസ്) ഡോക്ടര്‍മാരുടെ മൂന്നംഗസംഘത്തെയാണ് കേന്ദ്രം ബുധനാഴ്ച കശ്മീരിലേക്കയച്ചത്. മുതിര്‍ന്ന നേത്രരോഗ വിദഗ്ധന്‍ സുദര്‍ശന്‍ ഖോകറിന്റെ നേതൃത്വത്തിലുള്ള സംഘം വ്യാഴാഴ്ച ആശുപത്രിയിലെത്തി രോഗികളെ പരിശോധിച്ചു. രോഗികളുടെ അവസ്ഥ മോശമാണെന്നും കണ്ണിനു പരിക്കേറ്റവര്‍ക്ക് പൂര്‍ണമായും കാഴ്ച തിരിച്ചുകിട്ടുമെന്ന് പ്രവചിക്കാന്‍ സാധ്യമല്ലെന്നും ഡോക്ടര്‍ സുദര്‍ശന്‍ പറഞ്ഞു. എല്ലാ രോഗികള്‍ക്കും ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. പ്രാദേശിക ഡോക്ടര്‍മാരുടെ സേവനം പ്രശംസനീയമാണ്. ഇതില്‍ 70 മുതല്‍ 80 ശതമാനം പേര്‍ക്ക് പൂര്‍ണമായ കാഴ്ച തിരിച്ചുകിട്ടാന്‍ പ്രയാസമാണ്. 10 മുതല്‍ 15 ശതമാനം വരെയുള്ളവര്‍ക്ക് കാഴ്ച തിരിച്ചുകിട്ടുമെന്നാണ് കരുതുന്നത്. ഡോ. സുദര്‍ശന്‍ അറിയിച്ചു.
ചികില്‍സ ലഭിച്ചവര്‍ ഒരു മാസത്തിനുള്ളില്‍ വീണ്ടും പരിശോധനയ്ക്ക് വിധേയരാവണമെന്നും അതിനുശേഷം മാത്രമെ അടുത്ത ശസ്ത്രക്രിയകള്‍ നടത്തേണ്ട കാര്യം തീരുമാനിക്കാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ ചികില്‍സ ആവശ്യമുള്ളവര്‍ക്ക് എയിംസില്‍ ആറ് കിടക്കകള്‍ നീക്കിവയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു.
യുദ്ധസമാനമായ സാഹചര്യമാണ് ഇവിടെയുള്ളത്. ഇത്ര വ്യാപകമായ രീതിയില്‍ കണ്ണിനു പരിക്കേറ്റവരെ ഇതുവരെ ഞങ്ങള്‍ കണ്ടിട്ടില്ല. കുറേ രോഗികളെ കൂടെ കൊണ്ടുപോവേണ്ടിവരുമെന്നായിരുന്നു ഞങ്ങള്‍ കരുതിയിരുന്നത്. എന്നാല്‍, ഇവിടുത്തെ ഡോക്ടര്‍മാര്‍ എല്ലാവരെയും യഥാസമയം ശസ്ത്രക്രിയക്കു വിധേയമാക്കിയിട്ടുണ്ടെന്നും ഡോ. സുദര്‍ശന്‍ പറഞ്ഞു.
ലോഹഉണ്ട ആക്രമണം; 14കാരിയുടെ കാഴ്ച നഷ്ടപ്പെട്ടു
ശ്രീനഗര്‍: ജമ്മു കശ്മീര്‍ സുരക്ഷാ സേനയുടെ തോക്കില്‍ നിന്നുള്ള ലോഹച്ചീളുകള്‍ പതിച്ച് 14കാരിയുടെ കാഴ്ച നഷ്ടപ്പെട്ടു. ജമ്മു കശ്മീരിലെ സംഘര്‍ഷത്തില്‍ പോലിസിന്റെ വെടിവയ്പില്‍ കണ്ണിനു പരിക്കേറ്റ് ശ്രീനഗര്‍ എസ്എംഎച്ച്എസ് ആശുപത്രിയില്‍ കഴിയുന്ന നൂറിലധികം പേരിലൊരാളാണ് ദക്ഷിണ കശ്മീരിലെ ഷോപ്പിയാനിലെ സീദൊ ഗ്രാമത്തില്‍ നിന്നുള്ള ഇന്‍ഷ. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ അബോധാവസ്ഥയില്‍ കഴിയുകയാണ് ഈ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി.
ഇന്‍ഷയ്ക്കു കാഴ്ച തിരിച്ചുകിട്ടാന്‍ ഒരു സാധ്യതയുമില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ലോഹച്ചീളുകളേറ്റ് വലതു കണ്ണ് പാടെ തകര്‍ന്നു. ഇടതുകണ്ണിന് കാഴ്ചശക്തിയും നഷ്ടപ്പെട്ടു.
ചൊവ്വാഴ്ച വൈകീട്ട് സുരക്ഷാ സേന വെടിവയ്ക്കുമ്പോള്‍ അവള്‍ വീടിന്റെ ഒന്നാംനിലയില്‍ നില്‍ക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. വെടിയേറ്റയുടനെ ബോധംകെട്ട് നിലത്തുവീണു. ഉടന്‍ കുട്ടിയുടെ മുഖം വീര്‍ത്തു തടിച്ചു. ആശുപത്രിയിലെത്തിച്ചയുടനെ ഡോക്ടര്‍മാര്‍ അവളെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചുവെന്നും അവര്‍ അറിയിച്ചു. യാതൊരു പ്രതിഷേധമോ പ്രകോപനമോ ഇല്ലാതെയാണ് സൈന്യം വെടിവച്ചതെന്നും അവര്‍ പറഞ്ഞു.
ലോഹച്ചീളുകള്‍ തറച്ച് കുട്ടിയുടെ മുഖവും നെറ്റിയും ആകെ വികൃതമായിട്ടുണ്ട്. തലയോട്ടിക്കകത്തും ലോഹച്ചീളുകള്‍ തറച്ചിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. പഠനകാര്യത്തില്‍ മിടുക്കിയായ ഇന്‍ഷയുടെ ആഗ്രഹം ഒരു ഡോക്ടറാവണമെന്നായിരുന്നുവെന്ന് ഉമ്മ പറഞ്ഞു.

(Visited 227 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക