|    May 24 Wed, 2017 12:26 am
FLASH NEWS

കശ്മീര്‍ സംഘര്‍ഷം 100 നാള്‍ പിന്നിട്ടു; മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങ ള്‍ പുനസ്ഥാപിച്ചില്ല

Published : 17th October 2016 | Posted By: SMR

ശ്രീനഗര്‍: കശ്മീരില്‍ ഹിസ്ബുല്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ വധത്തിനു പിന്നാലെ ഉടലെടുത്ത സംഘര്‍ഷം നൂറാംദിനം പിന്നിട്ടു. സ്ഥിതിഗതികളില്‍ പുരോഗതി ദൃശ്യമായതിനെ തുടര്‍ന്നു കര്‍ഫ്യൂ പിന്‍വലിച്ചിട്ടുണ്ടെങ്കിലും മേഖല ഇപ്പോഴും അശാന്തമാണ്. വാനിയെ ജൂലൈ എട്ടിന് ദക്ഷിണ കശ്മീരില്‍വച്ച് സൈന്യം കൊലപ്പെടുത്തിയതിനു പിന്നാലെയാണ് മേഖല അശാന്തിയിലേക്ക് എടുത്തെറിയപ്പെട്ടത്. സംഘര്‍ഷങ്ങളില്‍ ഇതുവരെ രണ്ടു പോലിസുകാര്‍ ഉള്‍പ്പെടെ 84 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ആയിരങ്ങള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
വാനിയുടെ വധത്തിനു പിന്നാലെ കശ്മീര്‍ സംഘടനകള്‍ തുടര്‍ച്ചയായി ബന്ദ് നടത്തിവരുകയാണ്. ബന്ദിന് ഇളവുള്ള സമയങ്ങളില്‍ ഒഴികെ വ്യാപാര കേന്ദ്രങ്ങളും വ്യവസായശാലകളും പെട്രോള്‍ പമ്പുകളും സര്‍ക്കാര്‍ ഓഫിസുകളും അടഞ്ഞുകിടക്കുകയാണ്. സ്‌കൂളുകളും കോളജുകളും അടഞ്ഞുകിടക്കുന്നതിനാല്‍ താഴ്‌വരയിലെ വിദ്യാര്‍ഥികളുടെ പഠനം അവതാളത്തിലായി. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ മൂന്നു മാസത്തിലധികമായി മേഖലയില്‍ സര്‍ക്കാര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. കര്‍ഫ്യൂ പിന്‍വലിച്ചിട്ടുണ്ടെങ്കിലും ക്രമസമാധാനം മുന്‍നിര്‍ത്തി നാലോ അതിലധികമോ പേര്‍ ഒത്തുകൂടുന്നതിനു വിലക്കുണ്ടെന്നു മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. മേഖല സാധാരണ നിലയിലേക്കു തിരിച്ചുവരുന്നതോടെ ഹുര്‍രിയത്ത് കോണ്‍ഫറന്‍സിന്റെ ബന്ദാഹ്വാനം ജനം തള്ളുമെന്നാണ് പ്രതീക്ഷയെന്ന് പോലിസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. അതേസമയം, പ്രശ്‌നബാധിത മേഖലകളില്‍ ഇപ്പോഴും ശക്തമായ സൈനിക സാന്നിധ്യമുണ്ട്. സ്ഥിതിഗതികളില്‍ പുരോഗതി ദൃശ്യമായതിനെ തുടര്‍ന്നു മൂന്നു മാസത്തിന് ശേഷം പ്രിപെയ്ഡ് ഫോണുകളിലെ ഇന്‍കമിങ് കോളുകള്‍ക്കുണ്ടായിരുന്ന നിയന്ത്രണം എടുത്തുകളഞ്ഞു. അതേസമയം, മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഇപ്പോഴും നിര്‍ത്തിവച്ചിരിക്കുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day