|    Mar 23 Thu, 2017 1:35 pm
FLASH NEWS

കശ്മീര്‍ സംഘര്‍ഷം: ലോഹഉണ്ടയ്ക്കു പകരം സംവിധാനമെന്ന്; ആഭ്യന്തരമന്ത്രി ചര്‍ച്ചയ്ക്ക് തയ്യാര്‍

Published : 26th August 2016 | Posted By: SMR

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: കശ്മീരില്‍ പ്രക്ഷോഭകരുമായി ചര്‍ച്ചയ്ക്കു തയ്യാറാണെന്നും സൈന്യം പ്രക്ഷോഭകര്‍ക്കു നേരെ ഉപയോഗിക്കുന്ന അതീവ അപകടകാരിയായ ലോഹഉണ്ടയ്ക്കു പകരം സംവിധാനം കൊണ്ടുവരുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ജമ്മു-കശ്മീരിലെത്തിയ അദ്ദേഹം ശ്രീനഗറില്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
കശ്മീരില്ലാത്ത ഇന്ത്യ അപൂര്‍ണമാണ്. കശ്മീരില്ലാതെ ഇന്ത്യക്ക് ഭാവിയുമില്ല. കശ്മീര്‍ രാജ്യത്തിന്റെ മൊത്തം ആശങ്കയാണ്. താഴ്‌വരയിലുള്ളവര്‍ സമാധാനം ആഗ്രഹിക്കുന്നു. സംസ്ഥാനത്തിന്റെ ഭാവി രൂപപ്പെടുത്താതെ ഇന്ത്യയുടെ ഭാവി നിര്‍ണയിക്കാനാവില്ല. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ നയമായ കശ്മീരിയത്ത്, ഇന്‍സാനിയത്ത്, ജംഹൂരിയത്ത് (കശ്മീരിന്റെ ബഹുസ്വരത, മനുഷ്യത്വം, ജനാധിപത്യം) എന്നിവയുടെ പരിധിയില്‍ നിന്ന് ആരുമായും കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്കു തയ്യാറാണെന്ന് രാജ്‌നാഥ് സിങ് വെളിപ്പെടുത്തി.
അതേസമയം, ഹുര്‍രിയത്ത് കോണ്‍ഫറന്‍സ് നേതാക്കളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുമോയെന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയില്ല. ലോഹഉണ്ടകള്‍ക്ക് പകരം സംവിധാനം കൊണ്ടുവരുന്നതു സംബന്ധിച്ച് ദിവസങ്ങള്‍ക്കകം തീരുമാനമെടുക്കും. കഴിഞ്ഞ തവണ കശ്മീരിലെത്തിയപ്പോള്‍ നല്‍കിയ വാഗ്ദാനമനുസരിച്ച് ലോഹഉണ്ട നിരോധിക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ ഉന്നതതല സമിതിയെ നിയോഗിച്ചിരുന്നു. രണ്ടു മാസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ലോഹഉണ്ടകള്‍ ചെറിയ അപകടങ്ങളുണ്ടാക്കുന്ന മാരകമല്ലാത്ത ആയുധമാണെന്നാണ് 2010ല്‍ ലഭിച്ച റിപോര്‍ട്ട്. എന്നാല്‍, അതു മാരകമായ അപകടം ഉണ്ടാക്കുമെന്ന് ഇപ്പോള്‍ തോന്നുന്നു.
ജനങ്ങളുമായി ഇടപഴകുമ്പോള്‍ സംയമനം പാലിക്കണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 2014ല്‍ കശ്മീര്‍ പ്രളയവേളയില്‍ സൈന്യം നടത്തിയ സേവനങ്ങള്‍ മറക്കരുത്. താഴ്‌വരയിലേക്ക് സര്‍വകക്ഷി സംഘത്തെ അയക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, കശ്മീരില്‍ സുരക്ഷാസേന നടത്തിയ കൊലപാതകങ്ങളെ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ന്യായീകരിച്ചു. പാലോ മിഠായിയോ വാങ്ങാന്‍ പോയവര്‍ക്കു നേരെയല്ല സൈന്യം ലോഹഉണ്ട പ്രയോഗിച്ചതെന്നായിരുന്നു മെഹ്ബൂബയുടെ പ്രതികരണം. 2010ല്‍ പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ സൈന്യം പ്രക്ഷോഭകര്‍ക്കു നേരെ നടത്തിയ വെടിവയ്പിനെ തുടര്‍ന്ന് മെഹ്ബൂബ അന്നത്തെ സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. ഇതേക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് കടുത്ത ഭാഷയിലായിരുന്നു അവരുടെ പ്രതികരണം: പോലിസ് സ്‌റ്റേഷന്‍ ആക്രമിച്ച 15കാരന്‍ മിഠായി വാങ്ങാനാണോ അവിടെ പോയത്? 2010ലെയും ഇപ്പോഴത്തെയും സാഹചര്യങ്ങള്‍ താരതമ്യം ചെയ്യരുത്.
2010ല്‍ സൈന്യത്തിന്റെ ആക്രമണവും ബലാല്‍സംഗവുമാണ് സാഹചര്യങ്ങള്‍ മോശമാക്കിയത്. ഇന്നു വ്യത്യസ്തമാണ്. അന്ന് സുരക്ഷാസേനയുടെ ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടതാണ് സ്ഥിതി വഷളാക്കിയത്. എന്നാല്‍, ഇന്ന് പ്രക്ഷോഭകരുടെ ആക്രമണങ്ങളില്‍ മൂന്നു സൈനികര്‍ കൊല്ലപ്പെട്ടതിനെ എങ്ങനെ ന്യായീകരിക്കാനാവുമെന്നും മെഹ്ബൂബ ചോദിച്ചു.

(Visited 10 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക