കശ്മീര്‍ സംഘര്‍ഷം: യുവാവ് കൊല്ലപ്പെട്ടു; രാജ്നാഥ് സിങ് മോദിയുമായി കൂടിക്കാഴ്ച നടത്തി
Published : 7th September 2016 | Posted By: SMR
ന്യൂഡല്‍ഹി/ശ്രീനഗര്‍: കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിങ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. സംഘര്‍ഷത്തിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ കശ്മീരില്‍ സര്‍വകക്ഷിസംഘം നടത്തിയ ചര്‍ച്ചകളും, താഴ്വരയിലെ സ്ഥിതിഗതികളും രാജ്നാഥ് സിങ് പ്രധാനമന്ത്രിയെ ധരിപ്പിച്ചു. കൂടിക്കാഴ്ച ഒരു മണിക്കൂര്‍ നീണ്ടു.
രാജ്നാഥ് സിങിന്റെ നേതൃത്വത്തിലുള്ള സര്‍വകക്ഷിസംഘം കഴിഞ്ഞദിവസമാണ് കശ്മീര്‍ സന്ദര്‍ശനം കഴിഞ്ഞ് ഡല്‍ഹിയില്‍ തിരിച്ചെത്തിയത്. 20 രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്നുള്ള 26 എംപിമാരുടെ സംഘമാണ് സന്ദര്‍ശനം നടത്തിയത്. സംഘം ഇന്ന് യോഗം ചേര്‍ന്ന് സന്ദര്‍ശനം വിലയിരുത്തും. കശ്മീര്‍ സന്ദര്‍ശനം പരാജയമാണെന്ന റിപ്പോര്‍ട്ടുകള്‍ രാജ് നാഥ് സിങ് നിഷേധിച്ചു.മേഖലയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനായി നിരവധി പേരുമായി ചര്‍ച്ച നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും രാജ്നാഥ് സിങ് അറിയിച്ചു.
ഹൂര്രിയത്ത് നേതാക്കള്‍ സര്‍വകക്ഷിസംഘത്തെ കാണാന്‍ വിസമ്മതിച്ചിരുന്നു. വീട്ടു തടങ്കലില്‍ കഴിയുന്ന ഹുര്‍രിയത് നേതാവ് സയീദ് അലി ഷാ ഗീലാനിയെ കാണാന്‍ സര്‍വകക്ഷി സംഘത്തില്‍പ്പെട്ട സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ജെഡിയു നേതാവ് ശരദ് യാദവ്, സിപിഐ നേതാവ് ഡി. രാജ, ആര്‍ജെഡിയുടെ ജയ്പ്രകാശ് നാരായണ്‍, അസാസുദീന്‍ ഉവൈസി എന്നിവരുടെ ശ്രമവും വിജയം കണ്ടില്ല
അതിനിടെ, കശ്മീരില്‍ സൈന്യത്തിന്റെ ലോഹ ഉണ്ട പ്രയോഗത്തില്‍ യുവാവ് കൊല്ലപ്പെട്ടു. അനന്ത്നാഗ് ജില്ലയില്‍ സീര്‍ ഹംദാന്‍ സ്വദേശിയായ നസീര്‍ അഹമ്മദ് ഭട്ടാണ് കൊല്ലപ്പെട്ടത്.
പ്രകടനവുമായി മുന്നേറിയ പ്രതിഷേധക്കാര്‍ക്കു നേരെ സൈന്യം ലോഹയുണ്ട പ്രയോഗിക്കുകയായിരുന്നു. സ്ത്രീ ഉള്‍പ്പെടെ 50 ഓളം പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെയാണ് വെടിവെയ്പ് ഉണ്ടായത്. കഴിഞ്ഞ ദിവസം സോപോരില്‍ വെടിയേറ്റ് ചികിത്സയിലായിരുന്ന പതിനാലുകാരന് കൊല്ലപ്പെട്ടിരുന്നു. ഇതോടെ കശ്മീരില്‍ മരണപ്പെട്ടവരുടെ എണ്ണം 75 ആയി.
ഇന്നലെ പോലിസ് നടത്തിയ റെയിഡിനിടെയാണ് നസീര്‍ അഹമ്മദിന് വെടിയേറ്റതെന്ന് ഗ്രാമവാസികള്‍ പറഞ്ഞു. ജനങ്ങള്‍ക്ക് നേരെ സേന ലോഹ ഉണ്ട പ്രയോഗം നടത്തിയതായും ജനങ്ങള്‍ പറഞ്ഞു. ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റ നേതൃത്വത്തില്‍ സര്‍വ്വകക്ഷി സംഘം രണ്ട് ദിവസം കശ്മീരില്‍ ചര്‍ച്ച നടത്തിയെങ്കിലും പ്രശ്ന പരിഹാരത്തിന്റെ നേരിയ സാധ്യത പോലും ഇതുവരെ തെളിഞ്ഞിട്ടില്ല.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.