|    Mar 27 Mon, 2017 4:28 pm
FLASH NEWS

കശ്മീര്‍ സംഘര്‍ഷം: മോദിയെ പ്രതിക്കൂട്ടിലാക്കി പ്രതിപക്ഷം

Published : 11th August 2016 | Posted By: SMR

Modi-desp

ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രതിക്കൂട്ടിലാക്കി രാജ്യസഭയില്‍ പ്രതിപക്ഷം. കശ്മീരിന്റെ ഭംഗി മാത്രം ആസ്വദിച്ചാല്‍ പോരെന്നും ജനങ്ങളെ കൂടി സ്‌നേഹിക്കണമെന്നും ചര്‍ച്ചയ്ക്കു തുടക്കംകുറിച്ച പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. വിഷയത്തില്‍ പാര്‍ലമെന്റില്‍ സംസാരിക്കാതെ മധ്യപ്രദേശില്‍നിന്നു പ്രതികരിച്ച മോദിയുടെ നടപടിയെയും ആസാദ് ചോദ്യം ചെയ്തു.
കശ്മീര്‍ ചര്‍ച്ച പാര്‍ലമെന്റ് സമ്മേളനം കഴിയുന്നതു വരെ വഴിതിരിച്ചു വിടാനാണു ശ്രമമെന്നും ആസാദ് കുറ്റപ്പെടുത്തി. തുടര്‍ച്ചയായി രണ്ടു ദിവസത്തെ പ്രതിപക്ഷ സമ്മര്‍ദ്ദത്തിനൊടുവിലാണ് ഇന്നലെ സര്‍ക്കാര്‍ കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്കു തയ്യാറായത്. പ്രധാനമന്ത്രിയുടെ അസാന്നിധ്യത്തിലായിരുന്നു ചര്‍ച്ച.
കശ്മീരില്‍ സംഘര്‍ഷം നിലനില്‍ക്കുമ്പോഴും ഇന്ത്യക്കു പാകിസ്താനെ നിയന്ത്രിക്കാനായിട്ടില്ലെന്ന് സമാജ്‌വാദി പാര്‍ട്ടി എംപി പ്രഫ. രാം ഗോപാല്‍ യാദവ് ചര്‍ച്ചയില്‍ പറഞ്ഞു.
സമാധാനം പുനസ്ഥാപിക്കുന്നതിനായി സര്‍ക്കാര്‍ ഒരു രാഷ്ട്രീയ പരിഹാരമുണ്ടാക്കണമെന്നു സിപിഎം നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന രക്തച്ചൊരിച്ചിലും അക്രമങ്ങളും അവസാനിപ്പിക്കണം. കശ്മീര്‍ ജനതയുടെ സമാധാനത്തിനായി സര്‍ക്കാര്‍ രാഷ്ട്രീയ പരിഹാരം കൊണ്ടുവരണം.
സര്‍ക്കാര്‍ നിര്‍ബന്ധമായും സര്‍വകക്ഷി യോഗം വിളിക്കുകയും കശ്മീരിലേക്കു സര്‍വകക്ഷി സംഘത്തെ അയക്കുകയും വേണം. കശ്മീരില്‍ പെല്ലറ്റ് ഗണ്ണിന്റെ ഉപയോഗം കര്‍ശനമായി നിരോധിക്കണമെന്നും യെച്ചൂരി ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. ഇതേ ആവശ്യം ജെഡിയു നേതാവ് ശരദ് യാദവും ഉന്നയിച്ചു. മരിച്ച ബുര്‍ഹാന്‍ വാനിയാണ് ജിവനുള്ള വാനിയേക്കാള്‍ ‘ഭീകരനെന്ന്’ തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയന്‍ പറഞ്ഞു.
കശ്മീര്‍ വിഷയത്തില്‍ ലോക്‌സഭയില്‍ ബിജെപി എംപി എം ജെ അക്ബര്‍ നടത്തിയ പ്രസംഗത്തെ അഭിനന്ദിച്ച ഒബ്രിയന്‍ മുമ്പ് ബിജെപിക്കാര്‍ തന്നെ അക്ബറിന്റെ കശ്മീര്‍ ബിഹൈന്‍ഡ് ദി വെയില്‍ എന്ന പുസ്തകത്തിനു നിരോധനം ആവശ്യപ്പെട്ട കാര്യവും ചൂണ്ടിക്കാട്ടി.
ബിജെഡി എംപി ദിലീപ് കുമാര്‍ ടിര്‍ക്കി, എഐഎഡിഎംകെ എംപി നവനീത് കൃഷ്ണന്‍, എന്‍സിപി എംപി ഡി പി ത്രിപാഠി, പിഡിപി എംപിമാരായ മീര്‍ മുഹമ്മദ് ഫയാസ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day