|    Mar 26 Sun, 2017 3:28 am
FLASH NEWS

കശ്മീര്‍ സംഘര്‍ഷം: പിഡിപി സ്ഥാപകാംഗം പാര്‍ട്ടിവിട്ടു

Published : 16th September 2016 | Posted By: SMR

ശ്രീനഗര്‍: കശ്മീരിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം കൈകാര്യം ചെയ്തതില്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിക്ക് വീഴ്ചപറ്റിയെന്ന് ചൂണ്ടിക്കാട്ടി ഭരണകക്ഷിയായ പിഡിപിയുടെ സ്ഥാപകാംഗം താരിഖ് കര്‍റ രാജിവച്ചു. ലോക്‌സഭാംഗത്വവും ഒഴിയുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ സൈന്യം കൊലപ്പെടുത്തിയതിനെ തുടര്‍ന്നുണ്ടായ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെ വെടിയേറ്റ് മരിച്ചവരുടെ എണ്ണം 80 കവിഞ്ഞിരിക്കെ ഭരണകക്ഷിയില്‍ ഭിന്നത രൂക്ഷമാണ്. ബിജെപിയുമായി ചേര്‍ന്ന് സഖ്യസര്‍ക്കാരുണ്ടാക്കിയതില്‍ കര്‍റക്ക് അമര്‍ഷമുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ എതിര്‍പ്പ് അവഗണിച്ചാണ് പിഡിപി സഖ്യസര്‍ക്കാരുണ്ടാക്കിയതും മെഹ്ബൂബ മുഫ്തി മുഖ്യമന്ത്രിയായതും. ഇതില്‍ പ്രതിഷേധിച്ച് സത്യപ്രതിജ്ഞാചടങ്ങ് കര്‍റ ബഹിഷ്‌കരിച്ചിരുന്നു. ഫാഷിസ്റ്റുകളായ ആര്‍എസ്എസിന്റെ സഹകാരിയായി പ്രവര്‍ത്തിക്കുകയാണ് പിഡിപി ചെയ്യുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ശ്രീനഗര്‍-ബദ്ഗാം മണ്ഡലത്തില്‍നിന്നുള്ള എംപിയാണ് കര്‍റ. സഖ്യസര്‍ക്കാരിലെ മിക്ക മന്ത്രിമാര്‍ക്കും പരിചയസമ്പത്തില്ലെന്നും കശ്മീരിനെ സംബന്ധിച്ച് കൃത്യമായ കാഴ്പ്പാടില്ലെന്നുമുള്ള നിലപാടാണ് ഇദ്ദേഹത്തിന്. മുന്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സഈദുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് കര്‍റ. സഖ്യസര്‍ക്കാരിന് വാഗ്ദാനങ്ങള്‍ പാലിക്കാനാവുന്നില്ലെങ്കില്‍ രാജിവയ്ക്കണമെന്ന് പിഡിപിയുടെ പ്രമുഖ നേതാവായ മുസാഫര്‍ ബേഗ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കര്‍റയുടെ രാജി. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പൂര്‍ണ നിരാശയിലാണെന്ന് ബേഗ് തുറന്നടിച്ചിരുന്നു.

(Visited 14 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക