|    Mar 26 Sun, 2017 12:50 pm
FLASH NEWS

കശ്മീര്‍ സംഘര്‍ഷം: ഇന്ത്യ-പാക് ചര്‍ച്ച വേണമെന്ന് കശ്മീര്‍ പ്രതിപക്ഷം

Published : 15th October 2016 | Posted By: SMR

ശ്രീനഗര്‍: കശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നതിന് ഇന്ത്യയും പാകിസ്താനും തമ്മില്‍ ചര്‍ച്ച നടത്തണമെന്ന് ജമ്മു കശ്മീരിലെ പ്രതിപക്ഷ പാര്‍ട്ടികള്‍. മുന്‍ മുഖ്യമന്ത്രിയും നാഷനല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുല്ലയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സും സിപിഎമ്മും അടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ നേതാക്കള്‍ പങ്കെടുത്ത യോഗമാണ് ഇക്കാര്യം മുന്നോട്ടുവച്ചത്.
ജമ്മു കശ്മീരിലെ സമാധാനമാണ് മുഖ്യ വിഷയം. പ്രശ്‌നപരിഹാരത്തിന് ഇന്ത്യയും പാകിസ്താനും ഒരു മേശക്കിരുവശവുമിരുന്ന് ചര്‍ച്ച നടത്തണം. രാഷ്ട്രീയപരിഹാരത്തിനു വേണ്ടി കേന്ദ്രസര്‍ക്കാരാണ് മുന്‍കൈയെടുക്കേണ്ടത്. യുദ്ധം ഒന്നിനും പരിഹാരമല്ല-യോഗത്തിനു ശേഷം ഫാറൂഖ് അബ്ദുല്ല മാധ്യമങ്ങളോട് പറഞ്ഞു.
2002ല്‍ അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ് അഭിപ്രായപ്പെട്ടത്, സുഹൃത്തുക്കളെ മാറ്റാന്‍ കഴിയും, എന്നാല്‍ അയല്‍വാസികളെ മാറ്റാന്‍ സാധിക്കില്ല എന്നാണ്. നമ്മള്‍ സമാധാനത്തോടെ ജീവിച്ചാല്‍ അത് അയല്‍വാസികള്‍ക്കും ഗുണകരമാവും. നമ്മള്‍ സംഘര്‍ഷത്തിന്റെ പാതയിലാണെങ്കില്‍ ഒരുപക്ഷെ, അയല്‍ രാജ്യത്തിന്റെ വികസനത്തെ അത് ദോഷകരമായി ബാധിച്ചേക്കാം. അത് നമ്മുടെ വികസനത്തിനും തടസ്സമാവും.
കശ്മീരിലെ നിലവിലെ അവസ്ഥ വളരെ അപകടകരമാണ്. സമാധാനം സ്ഥാപിക്കാനുള്ള രാഷ്ട്രീയ പരിഹാരത്തിന് എല്ലാ പാര്‍ട്ടികളും യോജിച്ച് പ്രവര്‍ത്തിക്കണം. എത്രയുംവേഗം പ്രശ്‌നം പരിഹരിക്കുന്നത് സംസ്ഥാനത്തിനും ദക്ഷിണേഷ്യ മേഖലയ്ക്കും ഗുണകരമാവും. ഹുര്‍രിയത്ത് കോണ്‍ഫറന്‍സ് അടക്കമുള്ളവരുമായി ചര്‍ച്ച നടത്തുകയും അതിന്റെ ആദ്യപടിയായി രാഷ്ട്രീയ തടവുകാരേയും ഇപ്പോള്‍ നടക്കുന്ന സംഘര്‍ഷത്തിന്റെ ഭാഗമായി അറസ്റ്റ് ചെയ്ത യുവാക്കളേയും വിട്ടയക്കണം-ഫാറൂഖ് ആവശ്യപ്പെട്ടു.
സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരേയും കാഴ്ച നഷ്ടപ്പെട്ടവരേയും കുറിച്ച് സുപ്രിംകോടതിയില്‍ നിന്നു വിരമിച്ച ജഡ്ജി അന്വേഷിക്കണമെന്നും പ്രതിപക്ഷം അഭിപ്രായപ്പെട്ടു. നവംബറില്‍ നടക്കേണ്ട സ്‌കൂള്‍ വാര്‍ഷിക പരീക്ഷ നടത്താനുള്ള തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളണം. കഴിഞ്ഞ മൂന്നര മാസക്കാലമായി താഴ്‌വരയിലെ സ്‌കൂളുകള്‍ അടഞ്ഞുകിടക്കുന്നു. കശ്മീര്‍ പ്രശ്‌നം പരിഹരിക്കപ്പെട്ടാല്‍ ഭീകരപ്രവര്‍ത്തനം നിലയ്ക്കുമെന്നും ഫാറൂഖ് പറഞ്ഞു. പ്രശ്‌നപരിഹാരത്തിനുള്ള അഭിപ്രായം തേടാന്‍ സംസ്ഥാന നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുകൂട്ടണം. രാഷ്ട്രീയ പരിഹാരത്തിനു വേണ്ടി കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തണമെന്ന് സിപിഎം എംഎല്‍എ മുഹമ്മദ് യൂസഫ് തരിഗാമിയും ആവശ്യപ്പെട്ടു. രണ്ടുമാസം മുമ്പ് നാഷനല്‍ കോണ്‍ഫറന്‍സ് വര്‍ക്കിങ് പ്രസിഡന്റ് ഉമര്‍ അബ്ദുല്ലയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ കക്ഷികള്‍ യോഗം ചേര്‍ന്നിരുന്നു. അതേത്തുടര്‍ന്ന് അവര്‍ പ്രധാനമന്ത്രിയെയും രാഷ്ട്രപതിയേയും കാണുകയും അതിന്റെ ഫലമായി സര്‍വകക്ഷി സംഘം കശ്മീര്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

(Visited 16 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക